മഹാരാഷ്ട്രയിലെ ലോക്കൽ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാകുമല്ലോ. വലിയ ബാഗുകളും തൂക്കിപ്പിടിച്ച്, ദൂര സ്ഥലങ്ങളിലേക്ക് ജോലിക്കായി ദിവസേന പോകുന്നവർ അനവധിയാണ്. അവരെയെല്ലാം അലട്ടുന്ന ഒരേയൊരു കാര്യം മുഷിപ്പായിരിക്കും. ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് ചില്ലറ ബുദ്ധിമുട്ടല്ല അവരിൽ സൃഷ്ടിക്കുക. എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത വരികയാണ്.
മുംബൈയിലെ സബർബൻ ട്രെയിനുകളിലെ യാത്ര സുഖമമാക്കാൻ, എല്ലാ ലോക്കൽ ട്രെയിനുകളും എസി ആക്കാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. ഇത് യാത്രാക്ലേശത്തെ ഒരു പരിധി വരെ കുറയ്ക്കും. ചില റൂട്ടുകളിൽ ഇപ്പോൾത്തന്നെ എസി ലോക്കൽ ട്രെയിനുകൾ ഉണ്ട്. അവയെല്ലാം നിറഞ്ഞു കവിഞ്ഞാണ് പോകുന്നതും. ഇപ്പോൾ എല്ലാ ട്രെയിനുകളും എസിയിലേക്ക് മാറ്റാനുളള നടപടി യാത്രക്കാർക്ക് വലിയ രീതിയിൽ ആശ്വാസം നൽകുമെന്ന് ഉറപ്പാണ്.
ദിവസേന 7.5 മില്യൺ യാത്രക്കാർ ആശ്രയിക്കുന്ന തീവണ്ടികളാണ് മുംബൈയിലെ ലോക്കൽ ട്രെയിനുകൾ. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ ട്രെയിൻ നെറ്റ് വർക്കുകളിൽ ഒന്നാണിത്. വെസ്റ്റേൺ, സെൻട്രൽ, ഹാർബർ എന്നീ മൂന്ന് ലൈനുകളായി വിഭജിക്കപ്പെട്ട്, 390 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സംവിധാനമാണ് മുംബൈയിലെ സബർബൻ റെയിൽ സംവിധാനം. തിരക്കേറിയ സമയങ്ങളിൽ പോലും കൃത്യസമയത്ത് യാത്രക്കാരെ ലക്ഷ്യസ്ഥലത്തെത്തിക്കുന്നതിൽ സബർബൻ ട്രെയിനുകൾക്ക് വലിയ പങ്കുണ്ട്.
Content Highlights: suburban trains to get converted into AC