റെയില്‍വേ സര്‍വ്വീസ് ഇല്ലാത്ത ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട് . ജനപ്രിയമായ ഒരു സംസ്ഥാനത്തുകൂടി ഒരു ട്രെയിന്‍ സര്‍വ്വീസ് പോലും ഇല്ലാത്തത് എന്തുകൊണ്ടാവും?
ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നയിടം കൂടിയാണിത്. പക്ഷേ റെയില്‍വേ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണിത്. ഇത്രയും പ്രശംസനീയമായ റെയില്‍വേ ശൃംഖലയുള്ള ഒരു രാജ്യത്തിന്റെ ഭാഗമായിട്ടും ഇത്രയും ജനപ്രിയമായ ഒരു സംസ്ഥാനമായിട്ടും സിക്കിമിന് ഇങ്ങനെ ഒരു കുറവുണ്ട്.
സിക്കിമിന് ഒരു റെയില്‍ സര്‍വ്വീസ് പോലുമില്ലാത്തതിന് കാരണം സിക്കിമിന്റെ പരുക്കന്‍ ഭൂപ്രദേശമാണ്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. മനോഹരമായ പ്രകൃതിയും കാഴ്ചയ്ക്ക് ആകര്‍ഷകമായ സ്ഥലവുമാണ് ഇവിടെ ഉള്ളതെങ്കിലും കുത്തനെയുളള താഴ്വരകളും ഇടുങ്ങിയ ചുരങ്ങളും ഉയര്‍ന്ന മലനിരകളും മാത്രമല്ല ഇവിടങ്ങളില്‍ മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ റെയില്‍വേലൈന്‍ നിര്‍മ്മിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും അപ്രായോഗികവുമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിക്കിമിന്റെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. വിനോദ സഞ്ചാരത്തിനും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി റെയില്‍ സര്‍വ്വീസ് ഉപകരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
സിക്കിമിന്‍റെ പ്രകൃതിഭംഗി അതിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്. വടക്കന്‍ സിക്കിമിലെ മറഞ്ഞിരിക്കുന്ന രത്‌നമെന്ന് പറയുന്ന കല്‍പോഖ്രി തടാകം എന്നറിയപ്പെടുന്ന കാക്ക തടാകം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിലൊന്നായ ചോമലുതടാകം, പശ്ചിമ സിക്കിമിലെ പ്രശസ്തമായ യുക്‌സോമിന് സമീപമുള്ള കഥോക് തടാകം ഇവയൊക്കെ സിക്കിമിനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
Content Highlights :Do you know which is the only state in India that does not have a railway service?