കൊച്ചുവേളിയിലേക്ക് ട്രെയിൻ കയറുന്നവരാണോ ബോർഡിൽ മാറ്റം വരുത്തിയിട്ടുള്ളത് ശ്രദ്ധിക്കണേ…കൊച്ചുവേളി ഭാഗത്തേക്കുള്ള ട്രെയിനുകളിൽ സാധാരണയായി കൊച്ചുവേളി എന്ന ബോർഡ് സ്ഥാപിക്കാറുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ കൊച്ചുവേളി എന്നായിരിക്കില്ല തിരുവനന്തപുരം നോർത്ത് എന്ന ബോർഡ് ആയിരിക്കും ഉണ്ടാവുക. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേരിലേക്ക് മാറ്റിയ നടപടിയാണ് ഇതിന് കാരണം. ഉത്തരേന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് ട്രെയനില്‍ എത്തുന്നവര്‍ക്ക് കൊച്ചുവേളിയെന്ന പേര് തിരുവനന്തപുരം നഗരത്തിലെ സ്ഥലമാണെന്ന് തിരിച്ചറിയുന്നതിനാണ് മാറ്റം കൊണ്ടുവന്നത്.
കൊച്ചുവേളി എന്ന ബോർഡ് നോക്കി കയറുന്ന യാത്രക്കാരാണ് ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഉത്തരേന്ത്യയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് കൊച്ചുവേളി എന്നാല്‍ തിരുവനന്തപുരത്ത് ആണെന്ന് അറിയാമെങ്കിലും ട്രെയിനില്‍ രേഖപ്പെടുത്തിയിരുന്നത് മാറ്റിയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുവേളിക്ക് പുറമേ നേമം സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും മാറ്റിയിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളാണ്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ളവര്‍ക്കാണ് ഈ മാറ്റം കൂടുതല്‍ ഉപകാരപ്പെടുക.
എന്നാല്‍ സ്റ്റേഷനിലും ട്രെയിനുകളിലും മാറ്റം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോഴും കൊച്ചുവേളി എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്. സ്റ്റേഷന്‍ കോഡ് ആയി നല്‍കേണ്ടത് കെസിവിഎല്‍ എന്നും തന്നെയാണ്. ഇതും അധികം വൈകാതെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Passengers arriving home from North India know that Kochuveli means Thiruvananthapuram, but it is important to note that the information on the train has been changed.