യാത്രാപ്രേമികള്‍ക്ക് ഇഷ്ടമുള്ള ഒരുപാട് സ്ഥലങ്ങളുള്ള സംസ്ഥാനമാണ് കര്‍ണാടക. നല്ല ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളും കാടുകളും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുമൊക്കെ നിറഞ്ഞ ഇവിടം യാത്രക്കാരുടെ പറുദീസയാണ്. എന്നാല്‍കര്‍ണാടകയിലെ പൊതുവേയുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരുഭൂമിയായി മാറിയ ഒരു പ്രദേശവും ഇവിടെയുണ്ട്. മാണ്ഡ്യ ജില്ലയിലെ തലക്കാടാണ് മരുഭൂമിയായി മാറിയത്. ഏറെ കൗതുകമെന്ന് പറയട്ടെ, കാവേരി നദീതീരത്താണ് ഈ മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഈ സ്ഥലം പല യാത്രക്കാര്‍ക്കും ദുരൂഹത നിറഞ്ഞ ഒന്നാണ്. ഈ പ്രദേശത്തെ അഗ്നിപര്‍വത പ്രവര്‍ത്തനമാണ് മരുഭൂമി രൂപപ്പെടാന്‍ കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കാവേരി നദിയുടെ ഗതി മാറുന്നതാണ് കാരണമെന്നുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ഈ പ്രദേശത്ത് ഏകദേശം 30 ക്ഷേത്രങ്ങളെങ്കിലുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. മൈസൂരില്‍ നിന്ന് ഒരു മണിക്കൂറും (50 കിലോമീറ്റര്‍) ബെംഗളൂരുവില്‍ നിന്ന് ഏതാനും മണിക്കൂറുകളും (140 കിലോമീറ്റര്‍) മാത്രമേ തലക്കാടിലേക്ക് ദൂരമുള്ളു. ഈ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പച്ചപ്പുകള്‍ കണ്ടാസ്വദിക്കാമെങ്കിലും തലക്കാടെത്തിയാല്‍ മണല്‍ക്കൂനകളായിരിക്കും കാണുക.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ പ്രതിഭാസമെന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികാരദാഹിയായ അല്ലിമെലമ്മയുടെ ശാപം തലക്കാടിനുണ്ടെന്നാണ് ഐതിഹ്യം.' തലക്കാടില്‍ മണല്‍ നിറയട്ടെ, മാലംഗി ചുഴിയായി മാറട്ടെ, മൈസൂര്‍ രാജാക്കന്മാര്‍ക്ക് കുട്ടികളില്ലാതാകട്ടെ', എന്നായിരുന്നു ശാപം. വൈദ്യനാദേശ്വര ക്ഷേത്രം, കീര്‍ത്തിനാരായണ ക്ഷേത്രം തുടങ്ങി പ്രശസ്തമായ പുരാതന ക്ഷേത്രങ്ങളുടെ ആസ്ഥാനം കൂടിയാണ് തലക്കാട്.
Content Highlights: Mysterious desert in Karnataka Thalakkad