പാസ്പോർട്ടിൽ ജീവിത പങ്കാളിയുടെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരാണോ? പുതിയ പാസ്പോർട്ട് എടുക്കാനോ നിലവിലുള്ള പാസ്പോർട്ടിലെ പേരിൽ മാറ്റം വരുത്തോനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ നിബന്ധനകളെ പറ്റി അറിഞ്ഞിരിക്കണം. ഇനി മുതൽ ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽ ചേർക്കണമെന്നുണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റോ ഭാര്യയുടെയും ഭർത്താവിൻ്റെയും ഫോട്ടോ പതിച്ച സത്യവാങ്മൂലമോ നൽകണം.
ഇനി ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യണം എന്നുണ്ടെങ്കിൽ കോടതിയിൽ നിന്നുള്ള വിവാഹ മോചന സർട്ടിഫിക്കറ്റോ നീക്കം ചെയേണ്ട ആളുടെ മരണ സർട്ടിഫിക്കറ്റോ നൽകണം. പാസ്പോർട്ടിൽ ജീവിത പങ്കാളിയുടെ പേര് മാറ്റണമെന്നുണ്ടെങ്കിൽ പുനർ വിവാഹം നടത്തിയതിൻ്റെ സർട്ടിഫിക്കറ്റ് അപേക്ഷക്കാെപ്പം ചേർക്കണം. പുതിയ പങ്കാളിക്കൊപ്പമുള്ള ഫോട്ടോ ചേർത്തുള്ള സത്യവാങ്മൂലവും നൽകണം.
സ്ത്രീകളുടെ പാസ്പോർട്ടിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ മാറ്റി ഭർത്താവിന്റെ പേര് ചേർക്കണമെങ്കിലും വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച സത്യവാങ്മൂലമോ നൽകണം. മാറ്റങ്ങൾ എല്ലാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും നിലവിൽ വന്നതായി അധികൃതർ അറിയിച്ചു.
Content Highlights: From now on, if you want to add your spouse's name in your passport, you will have to provide a marriage certificate from a government agency or an affidavit with a photograph of your husband and wife