വിമാനം എന്താ നേരെ പോകാത്തത് എന്ന് ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്തുകൊണ്ടായിരിക്കും വിമാനം നേർരേഖയിലൂടെ പോകാത്തത്. ഭൂമിയുടെ ഘടന അനുസരിച്ച് നേർരേഖയിലൂടെ പോകുന്നതല്ലേ എളുപ്പം എന്നും ചിന്തിക്കുന്നുണ്ടാകും. എന്നാൽ അതിനൊരു കാരണമുണ്ട്.
ഭൂമിയുടെ ആകൃതി കൊണ്ട് തന്നെയാണ് വിമാനങ്ങൾ നേർരേഖയിലൂടെ സഞ്ചരിക്കാതെ വളഞ്ഞ റൂട്ട് തിരഞ്ഞെടുക്കുന്നത്. ഭൂമി പരന്നതല്ല, ഒരു ഗോളമാണ്, അതിനാൽ അതിൻ്റെ ഉപരിതലത്തിലെ രണ്ട് പോയിൻ്റുകൾക്കിടയിലുള്ള ഏറ്റവും കുറഞ്ഞ ദൂരം ഒരു നേർരേഖയല്ല. അത് ഒരു വലിയ വൃത്താകൃതിയാണ്. ഭൂഗോളത്തെ രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കുകയും രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള ഏറ്റവും ചെറിയ പാത തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, വടക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് വിമാനം പറക്കുകയാണെങ്കിൽ ഗ്രേറ്റ് സർക്കിൾ റൂട്ട് പലപ്പോഴും ഗ്രീൻലാൻഡിനും വടക്കൻ അറ്റ്ലാൻ്റിക്കിനും മുകളിലൂടെയായിരിക്കും. ഈ വളഞ്ഞ പാത ഒരു ഫ്ലാറ്റ് മാപ്പിൽ ദൈർഘ്യമേറിയതായി കാണപ്പെടുമെങ്കിലും, യഥാർത്ഥത്തിൽ യാത്ര ചെയ്യാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗമാണിത്. വിമാനക്കമ്പനികൾ പ്രധാനമായും ഇന്ധനക്ഷമതയ്ക്കും സുരക്ഷയ്ക്കുമാണ് മുൻഗണന നൽക്കുന്നത്. ഫ്ലൈറ്റ് പാതകളെയും ഇത് സ്വാധീനിക്കുന്നുണ്ട്. ഗ്രേറ്റ് സർക്കിൾ റൂട്ടുകളിലൂടെ പറക്കുന്നതിലൂടെ യാത്രാദൂരം കുറയുന്നതു കൊണ്ട് തന്നെ വിമാനങ്ങൾക്ക് ഇന്ധനവും ലാഭിക്കാം.
പലപ്പോഴും അനുകൂലമായ കാറ്റിന് അനുസരിച്ചും റൂട്ട് തീരുമാനിക്കാറുണ്ട്. സൈനിക മേഖലകൾ, പ്രകൃതി ദുരന്തങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, നിയന്ത്രിത വ്യോമാതിർത്തികൾ ഒഴിവാക്കുക തുടങ്ങിയ ഘടകങ്ങള്‍ കാരണം ചിലപ്പോൾ ദൈർഘ്യമേറിയ വഴിയിലൂടെ വിമാനങ്ങൾ സഞ്ചരിക്കാറുണ്ട്. ഗൂഗിൾ എർത്ത് അല്ലെങ്കിൽ സ്പെഷ്യലൈസ്ഡ് ഏവിയേഷൻ മാപ്പുകൾ പോലുള്ള സംവിധാനത്തിലൂടെ ഈ റൂട്ടുകള്‍ കൃത്യമായി കാണാൻ സാധിക്കും.
Content Highlights: If you’ve travelled on a long-haul flight, you must have noticed how the route of an airplane is always a curve and never a straight line