അസ്വസ്ഥമാക്കുന്ന നീണ്ട പകലുകളെ അതിജീവിക്കുക പ്രയാസമാണ്. അങ്ങനെയുള്ള തുടർ ദിവസങ്ങളെ മറികടക്കാൻ യാത്രയോളം നല്ല മറ്റൊരു മാർഗമില്ല. ജോലിത്തിരക്കും ഏകാന്തതയും ശാരീരിക അസ്വാസ്ഥ്യവും നിറഞ്ഞ ആഴ്ചകൾക്കൊടുവിലൊരു യാത്ര. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലേക്ക്. അടിമാലിയും മൂന്നാറും ഹിൽസ്റ്റേഷനും കടന്ന് അങ്ങ് വട്ടവടയിലേക്ക്.....
ഒട്ടും പ്ലാൻ ചെയ്ത യാത്രയല്ല. നമ്മുടെ മൂഡ് ഓരോ തരത്തിലാണല്ലോ. ചിലപ്പോൾ കലപില കൂട്ടി ചുറ്റിത്തിരിയാൻ. ചിലപ്പോൾ ഫുഡ്സ്പോട്ടുകൾ തേടി അലഞ്ഞു തിരിയാൻ, മറ്റ് ചിലപ്പോൾ എവിടേക്കെങ്കിലും ഓടിപ്പോവാൻ അതും അല്ലെങ്കിൽ മണിക്കൂറുകളോളം ഒറ്റക്കിരിക്കാൻ അങ്ങനെയങ്ങനെ പോവുന്ന ആലോചനകൾ. പ്രായം നാൽപതും പിന്നിട്ടപ്പോൾ മൂഡ് സ്വിങ്സ് പാരമ്യത്തിലെത്തി. അടുത്ത നിമിഷം എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ.. അല്ലെങ്കിൽ തന്നെ എനിക്ക് പോലും പിടിക്കാത്ത സ്വഭാവമാണ്. അതിന്റെ കൂടെ മെനോപ്പസിന്റെതായ ചില സ്വഭാവ വൈചിത്ര്യങ്ങളും.
അതിനിടയിലാണ് ഒരു റീൽസ് ഷെയർ ചെയ്ത് ധന്യയുടെ മെസേജ്.എനിക്കിവിടെ പോണം,അടുത്തയാഴ്ച പോയാലോ എന്ന്..ഗ്രൂപ്പിൽ രാധികയുടെ അനുമതി തംപ്സ് അപ് വരുന്നതിന് മുന്നേ ലീവിന് അപേക്ഷിച്ചു. പിന്നെ എല്ലാം ശടപടേ ശടപടേന്ന് ആയിരുന്നു.. വെള്ളിയാഴ്ച വൈകീട്ട് പതിനൊന്ന് മണിയോടെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയപ്പോഴേക്കും റൂട്ട് മാപ്പ് തയ്യാറാക്കി രണ്ട് പേരും ദയയെയും കൂട്ടി എന്റെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടിരുന്നു.. കൂടുതൽ കഥിക്കാൻ നിൽക്കാതെ നേരത്തെ കിടുന്നങ്ങാൻ ശ്രമം.
പതിവ് തെറ്റിച്ച് നേരത്തെയുള്ള ഉറക്കം ഇത്തിരി പ്രയാസമായിരുന്നു. പതിവ് സമയം വരെ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും രാവിലെ എണീക്കാൻ ആർക്കും മടിയില്ല. അതിരാവിലെ തന്നെ യാത്ര തുടങ്ങി. തൃപ്പൂണിത്തുറ, തിരുവാങ്കുളം അടിമാലി വഴി നേരെ മൂന്നാർ ലൊക്കേഷനിട്ടു. ധന്യയുടെ കുരുവിക്കുട്ടി പതിവിലും സ്മാർട്ടായിരുന്നു. ഞങ്ങൾക്ക് മുൻപേ യാത്ര തിരിച്ചവർ പലരും നേര്യമംഗലത്തിനും അടിമാലിയും ഇടയ്ക്കുള്ള ചീയപ്പാറ വെള്ളച്ചാട്ടം കാണാൻ വാഹനം ഒതുക്കിയിരുന്നു. പക്ഷേ ഞങ്ങളത് കാറിലിരുന്ന ആസ്വദിച്ചു. അടിമാലി എത്തിയപ്പോൾ ഒരു ചെറിയ ബ്രേക്ക്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം യാത്ര തുടർന്നു. മൂന്നാർ ടൌൺ വരെ പിന്നെ ബ്രേക്കില്ല. മൂന്നാറിലെത്തുമ്പോഴേക്കും വെയിലിന് കട്ടി കൂടിയിരുന്നു ടൌണിൽ ആളുകൾ നിറഞ്ഞു . വാരാന്ത്യത്തിന്റെ എല്ലാ ആവേശവും ആ കുഞ്ഞ് ടൌണിലുണ്ടായിരുന്നു. വെയിലിന് നല്ല ചൂടുണ്ട് പക്ഷേ നേരിട്ട് വെയിലേൽക്കാത്തിടത്ത് നല്ല തണുപ്പും. കാറിൽ വലത് വിൻഡോയിലൂടെ വെയിലേൽക്കുമ്പോൾ ചൂടും മറുഭാഗത്ത് നല്ല തണുപ്പും ഇടയ്ക്ക് നീങ്ങിയിരുന്ന് വളവും തിരിവും ആസ്വദിച്ച് മൂന്നാർ - ഹിൽസ്റ്റേഷൻ റോഡിലേക്ക്.
വയനാടൻ കാഴ്ച മനസ്സിൽ വേരുറച്ചു പോയതുകൊണ്ടാണോ എന്നറിയില്ല യാത്രയിലെ പല ഘട്ടങ്ങളും വയനാടിന്റെ ഉൾഗ്രാമങ്ങളിലുൂടെയുള്ള യാത്രയെ അനുസ്മരിപ്പിച്ചു. മഞ്ഞും തണുത്ത കാറ്റും നിരപ്പായ മേൽക്കരയുമെല്ലാം ചെറുതല്ലാത്ത ഗൃഹാതുരയെ കൂടെക്കൂട്ടാൻ പോരുന്നതായിരുന്നു. കാറിലാണ് യാത്രയെങ്കിലും പലപ്പോഴും പണ്ട് കെ എസ് ആർ ടി സി ബസ്സിൽ അമ്മയോടൊപ്പം ചുരം കറയിയ പ്രീതിതിയായിരുന്നു എനിക്ക്. അടിവാരവും മലയോരക്കാഴ്ചകളും ചെറിയ ചെറിയ ടൌണുകളും ആ ചിന്തകൾക്ക് ആക്കം കൂട്ടി.
ഗൂഗിൾ മാപ്പിട്ടാണ് യാത്രയെങ്കിലും ഞങ്ങൾ താമസിക്കാൻ തെരഞ്ഞെടുത്ത ക്യാംപ് നോയൽ റിസോർട്ടിൽ നിന്ന് കൃത്യമായ വഴി ഓരോ പോയിന്റും വെച്ച് പറഞ്ഞു തന്നിരുന്നു. ഹിൽ സ്റ്റേഷനും, മാട്ടുപ്പെട്ടി ഡാമും ചെക്ക്പോസ്റ്റുമെല്ലാം കടന്നത് ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇടതും വലതും തമ്മിലുള്ള ആശയക്കുഴപ്പം എനിക്കും രാധികയ്ക്കും ഒരുപോലെ ഉള്ളതിനാൽ ഒന്നുരണ്ട് സ്ഥലത്ത് ഞങ്ങൾ മാന്യമായി വഴി തെറ്റിച്ചു. പക്ഷേ ജിയോഗ്രഫി അനുസരിച്ച് മണാലിയിൽ പോലും പുതിയ വഴി കണ്ടെത്തിയ ധന്യ അത് നിസ്സാരമായി മറികടന്നു. മൂന്നാർ മുതലുള്ള ഹിൽ സ്റ്റേഷൻ യാത്രയായിരുന്നു ട്രിപ്പിന്റെ ഹൈലൈറ്റ്. ആർക്കും തിരക്കില്ല എല്ലാവരും നിരനിരയായി മാത്രം പോകാവുന്ന റോഡ് . മുന്നിൽ കെ എസ് ആർ ടി സി . ഒരു ഭാഗത്ത് താഴ്ചയും മറുഭാഗത്ത് കുന്നുമായുള്ള റോഡ്. അങ്ങോട്ടും ഇങ്ങോട്ടും ഓരോ വാഹനത്തിന് മാത്രം കടന്നു പോകാവുന്ന വഴിയായതിന്റെ ആശ്വാസം.
ചെക് പോസ്റ്റാണ് അടുത്ത പോയിന്റ്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇത്. ഈ പോസ്റ്റ് കടക്കാൻ വാഹനത്തിന്റെ നമ്പറും യാത്രക്കാരുടെ വിവരവും നൽകണം. ഏകദേശം അഞ്ച് കിലോമീറ്ററോളം യാത്ര കാട്ടിനകത്ത് കൂടെയാണ്. പാമ്പാടും ചോല നാഷണൽ പാർക്ക്. ഇവിടെ ഇറങ്ങാനോ ഫോട്ടോയോ വീഡിയോ എടുക്കാനോ പാടില്ലെന്ന കർശന നിർദേശമുണ്ട്. ആറ് മണിക്ക് മുൻപ് ഇവിടം കടക്കണം എന്നും നിർബന്ധമാണ്. വട്ടവടയിൽ താമസം ബുക്ക് ചെയ്തതിന്റെ രേഖകൾ കാണിച്ച ശേഷമാണ് തുടർ യാത്ര. കാടായതിനാൽ തന്നെ മുന്നിലുള്ള വാഹനം എന്തായാലും അതിന്റെ ഓരം പിടിച്ച് പോവാനായിരുന്നു പ്ലാൻ. പക്ഷേ പരിശോധന കഴിഞ്ഞപ്പോഴേക്കും മുന്നിലുണ്ടായിരുന്ന ഡി കമ്പനി ബസ് അതിന്റെ വഴിക്ക് പോയി.. വല്ല കാട്ടുപോത്തോ കാട്ടാനയോ ഇറങ്ങിയാൽ എന്തു ചെയ്യുമെന്ന ദയയുടെ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാൽ മിണ്ടിയില്ല. പക്ഷേ ഇത്തിരി ദൂരം പിന്നിട്ടതും ഡി കമ്പനിയെ കിട്ടി. പിന്നെ കോവിലൂർ വരെ അവരുടെ എസ്കോർട്ട് ഉണ്ടായിരുന്നു. അതുകഴിഞ്ഞുള്ള റോഡ് ഒരു രക്ഷയുമില്ലാതെ പലഘട്ടങ്ങളിലും ഞങ്ങളെ വലച്ചു. വട്ടവട ടൌണിലേക്കുള്ള ഇറക്കം ഒരു ഒന്നൊന്നര ഇറക്കമായിരുന്നു.
അവിടുന്ന് നാല്- അഞ്ച് കിലോമീറ്ററോളം ഉള്ള യാത്രയ്ക്ക് നിലാപൊങ്കൽ പാട്ടിന്റെ ബാക് ഗ്രൌണ്ട് സ്കോർ ആവശ്യമായിരുന്നു. പക്ഷേ റോഡിലേക്ക് നോക്കാതെ ചുറ്റുപാടും നോക്കിയാൽ മതി. അത്ര മനോഹരമാണ് ചുറ്റുപാടും. നിറയെ പച്ചക്കറിത്തോട്ടങ്ങൾ സ്ട്രോബറി പാടങ്ങൾ.. കാരറ്റും കാബേജും ക്വാളിഫ്ലവറും ഉൾപ്പെടെയുള്ളവ നിറഞ്ഞു നിൽക്കുന്നു. പക്ഷേ പ്രകൃതിയുടെ തട്ടുതട്ടായുള്ള അടുക്കുകൾ പലപ്പോഴും ആശങ്കപ്പെടുത്തി. റോഡിന് വലത് വശത്തേക്ക് മാത്രം നോക്കാനേ മനസ്സാനിധ്യമുള്ളൂ. ഇടത് ഭാഗത്ത് കഴുത്ത് മുഴുവൻ ഉയർത്തി നോക്കാവുന്ന പരുവത്തിൽ പല വലിപ്പത്തിലുള്ള മൺ തിട്ടകൾ മാത്രം. വേരുറയ്ക്കാൻ മാത്രം മണ്ണുള്ള തരത്തിൽ നിറയെ മരങ്ങൾ.
വഴിനീളെ കാണുന്ന കാഴ്ചകൾ ചെറുതായി ആശങ്കപ്പെടുത്തുന്നതാണ്. കണക്കില്ലാതെ മരങ്ങൾ മുറിച്ചു മാറ്റുന്നു. സ്വകാര്യ കമ്പനിക്ക് വേണ്ടിയാണത്രേ അതെല്ലാം. കഷ്ടി ഒരു ലോറിയ്ക്ക് മാത്രം കടന്നുപോകാവുന്ന വഴിയിൽ വിലങ്ങനെ മരങ്ങൾ അതും കാതലില്ലാത്ത വർഷങ്ങളുടെ മാത്രം വളർച്ചയെത്തിയ മരങ്ങൾ. ഈ കാഴ്ച സ്വല്പം വേദനിപ്പിക്കുന്നതാണ്. ആ മണ്ണിന്റെ രീതിയനുസരിച്ച് മരങ്ങളുണ്ടെങ്കിലേ നിലനിൽപ്പുണ്ടാവൂ..
താമസസ്ഥലത്തെത്തിയപ്പോഴേക്കും ഒരു മണിയോടടുത്തു. നിറയെ മരങ്ങളുള്ള മുറ്റവും പച്ചപ്പും ക്യാംപ് നോയലിനെ കുറച്ചു കുടി ഭംഗിയാക്കി. നട്ടുച്ചയാണെങ്കിലും തണുപ്പ് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. റൂമിലെത്തി ഫ്രഷായി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോഴേക്കും ആ തണുപ്പിനോട് ഞങ്ങൾ സെറ്റായി. പിന്നെ സ്വിമ്മിങ് പൂളിലും കോർട്ട്യാഡിലും ആയി നടന്നു തീർത്തു. വൈകീട്ട് ക്യാംപ് ഫയർ കൂടി റെഡിയായതോടെ യാത്ര പൊളിച്ചു.. തണുപ്പിനനുസരിച്ചുള്ള ഭക്ഷണവും അന്തരീക്ഷവും ആ രാത്രിയെ കൂടുതൽ ഭംഗിയാക്കി. നെറ്റ് വർക്കില്ലാത്തത് ചെറിയ പ്രയാസമായെങ്കിലും എല്ലായിടത്തും വൈഫൈ ഉള്ളത് ആശ്വാസമായി. പക്ഷേ ലൈറ്റ് പോവുമ്പോൾ സ്ഥിതി മാറി. സത്യം പറയാലോ ആ ഇരുട്ടിന്റെ ആവേശം അതൊന്ന് വേറെത്തന്നെ ആയിരുന്നു. ചില പോരായ്മകൾ അങ്ങനെയാണ്. ആ രാത്രിയിൽ മിനിറ്റുകൾ മാത്രമുള്ള അന്ധകാരത്തിന് വല്ലാത്തൊരു ചന്തമായിരുന്നു. തണുപ്പും ഇരുട്ടും നിറയെ സന്തോഷമുള്ള കൂട്ടും വേറൊരു വൈബ് സമ്മാനിച്ചു.
അതിരാവിലെ ആ സ്ഥലത്തിന് മഞ്ഞിന്റെ നിറമായിരുന്നു.. ദുരക്കാഴ്ച തീരെയില്ല. അവിടെവിടെ തങ്ങി നിൽക്കുന്ന മഞ്ഞിന്റെ കാഴ്ചകൂടിയായപ്പോൾ ഇത് വട്ടവട തന്നെയാണോ അതോ വിദേശ ചിത്രങ്ങളിൽ എവിടെയോ കണ്ട് പരിചയിച്ച ഇടമാണോ എന്ന് സംശയം തോന്നും. സ്വിറ്റ്സർലാന്റിന്റെ മിനിയേച്ചറാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാഴ്ചകളെല്ലാം.. അതേ മാതൃകയിലുള്ള കെട്ടിടങ്ങൾ ആ തോന്നലിനെ ഒന്നുകൂടെ ബലപ്പെടുത്തി.
ബാക്കിയുള്ളതൊന്നും ഞാൻ പറഞ്ഞാൽ ശരിയാവില്ല. രണ്ട് മൂന്ന് ദിവസമായി എന്നെ പിടിച്ചുലച്ച ആരോഗ്യ പ്രശ്നമാണ് വെർട്ടിഗോ.. രാവിലെ എണീറ്റതേ ഓർമയുള്ളൂ.. ബാക്കിയെല്ലാം ഒരു കറക്കമായിരുന്നു.. യാത്ര മൂന്നാർ പിന്നിട്ടപ്പോഴാണ് പിന്നെ ബോധം ചെറുതായെങ്കിലും വന്നത്. ചെറുതായി ബോധം വന്നപ്പോൾ വഴിയിലുള്ള കുതിരയെയും മുയലിനെയും ഒക്കെ കൂടെക്കൂട്ടിയാലോ എന്ന ആലോചന വന്നു.. ആ മോഹത്തിന് തല ശരിയല്ലെന്ന ഒറ്റ മറുപടിയിൽ ദയ വിരാമമിട്ടു.
യാത്രയുടെ ദൈർഘ്യമോ എങ്ങോട്ടാണ് യാത്ര എന്നതിനോ അപ്പുറം യാത്രയിലെ കൂട്ടും കുഞ്ഞു കുഞ്ഞു സന്തോഷവും തന്നെയാണ് വലുത് എന്ന തിരിച്ചറിവായിരുന്നു ഈ യാത്ര ബാക്കിയാക്കിയത്.