മഞ്ഞുമൂടിയ തടാകങ്ങള്‍ക്ക് സഞ്ചാരികളെയും പ്രകൃതി സ്‌നേഹികളെയും ആകര്‍ഷിക്കാനുള്ള പ്രത്യേക സൗന്ദര്യമുണ്ട്. അസ്ഥിതുളയ്ക്കുന്ന തണുപ്പിന്റെ ചെറിയ അസ്വസ്ഥതയുണ്ടെങ്കിലും ഇത്തരം കാഴ്ചകളൊക്കെ ജീവിതത്തില്‍ എപ്പോഴെങ്കിലും കാണാന്‍ കഴിയുന്നത് നമുക്ക് അവിശ്വസനീയമായ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ഈ ശാന്തവും മഞ്ഞുമൂടിയതുമായ തടാകങ്ങള്‍ പ്രകൃതിയുടെ യഥാര്‍ഥ അത്ഭുതങ്ങളാണ്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ചില മഞ്ഞുതടാകങ്ങളെ പരിചയപ്പെടാം.
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ആഴമേറിയതുമായ ശുദ്ധജല തടാകമാണ് റഷ്യയിലെ ബൈക്കല്‍ തടാകം. ശൈത്യകാലത്ത് കൂടുതല്‍ ആകര്‍ഷകമാകുന്ന പ്രകൃതിയുടെ ഒരു മാസ്റ്റര്‍പീസ് തന്നെയാണിത്. ശൈത്യകാലത്ത് സൈബീരിയയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ ഉപരിതലം കട്ടിയുള്ളതും സുതാര്യവുമായ മഞ്ഞുപാളിയായി മാറുന്നു. സന്ദര്‍ശകര്‍ക്ക് തടാകത്തിന്റെ ആഴത്തിലെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ ഐസ് സ്‌കേറ്റിംഗ്, ഐസ് ഡൈവിംഗ്, ഡോഗ് സ്ലെഡിംഗ് എന്നിവയൊക്കെ ആസ്വദിക്കാന്‍ സാധിക്കും. തടാകത്തിന് ചുറ്റുമുള്ള മഞ്ഞുമൂടിയ മലനിരകള്‍ തടാകത്തിന്റെ സൗന്ദര്യം കൂട്ടുന്നു. പ്രകൃതി സ്‌നേഹികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇവിടെനിന്ന് മനോഹര ദൃശ്യങ്ങള്‍ മനസിലും ക്യാമറയിലും ഒപ്പിയെടുക്കാന്‍ സാധിക്കും.
കാനഡയില്‍ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലൂയിസ് തടാകം അതി മനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. മഞ്ഞുകാലത്ത് തടാകം ഐസ് സ്‌കേറ്റിംഗ് ആസ്വദിക്കാന്‍ അനുയോജ്യമാണ്. തടാകം മഞ്ഞ് മൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് സമീപത്തുള്ള സ്‌നോഷൂയിംഗും സ്‌കീയിംഗ് പാതകളും ആസ്വദിക്കാന്‍ സാധിക്കും. അതിന്റെ ശാന്തമായ അന്തരീക്ഷവും സൗന്ദര്യവും സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവം സൃഷ്ടിക്കുന്നവയാണ്.
യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സ്പോട്ടാണ് ബ്ലെഡ് തടാകം. ഭാഗികമായി ഐസ് നിറഞ്ഞ തടാകവും ചുറ്റും മഞ്ഞുമൂടിയിരിക്കുന്ന ഭൂപ്രകൃതിയും ഒരു പ്രത്യേകതരം ആകര്‍ഷണീയതയാണ് ഒരുക്കുന്നത്. തടാകത്തിന്റെ മധ്യഭാഗത്ത് മനോഹരമായ ഒരു ചെറിയ ദ്വീപ് സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള പരമ്പരാഗത തടി ബോട്ടുകള്‍ പ്ലെറ്റ്‌നാസ് എന്നാണ് അറിയപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് അടുത്തുള്ള വ്യൂപോയിന്റുകള്‍ ആസ്വദിക്കാന്‍ മാര്‍ഗവുമുണ്ട്. അല്ലെങ്കില്‍ അവിടുത്തെ പ്രശസ്തമായ ബ്ലെഡ് ക്രീം കേക്ക് ആസ്വദിച്ച് പ്രാദേശിക കഫേകളില്‍ പോയിരിക്കാം.
ജപ്പാനിലെ ഹോക്കൈഡോയിലെ അകാന്‍ മാഷു നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന മാഷു തടാകം അതിന്റെ സൗന്ദര്യംകൊണ്ട് ഏറെ പ്രശസ്തമാണ്. ശൈത്യകാലത്ത്, തടാകത്തിന്റെ ഉപരിതലം പലപ്പോഴും ഐസ് മൂടിയാണിരിക്കുന്നത്. തടാകത്തിന് ചുറ്റും കോടമഞ്ഞില്‍ പൊതിഞ്ഞ അത്ഭുത കാഴ്ച മൂലം 'ദൈവങ്ങളുടെ തടാകം' എന്നാണ് അറിയപ്പെടുന്നത്.
കാനഡയിലെ ആല്‍ബെര്‍ട്ടയിലുള്ള ഒരു കൃത്രിമ തടാകമാണ് അബ്രഹാം തടാകം. ശൈത്യകാലത്ത് ഇതും ഒരു മനോഹര കാഴ്ചയായി മാറുന്നു. ഫോട്ടോഗ്രാഫര്‍മാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സാഹസികത ആസ്വദിക്കുന്നവര്‍ക്ക് കാനഡയിലെ ശൈത്യകാലത്ത് എബ്രഹാം തടാകം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം തന്നെയാണ്.
സ്വിറ്റ്സര്‍ലന്‍ഡും ഫ്രാന്‍സും ഒരുപോലെ പങ്കിടുന്ന ജനീവ തടാകം ശൈത്യകാലത്ത് തണുത്തുറഞ്ഞു കിടക്കുന്ന മനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. തടാകം മുഴുവനും മഞ്ഞുറഞ്ഞ് കിടക്കുന്നില്ലെങ്കിലും മഞ്ഞുമൂടിയ തീരങ്ങളും മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വതനിരകളും ശീതകാല ദൃശ്യം മനോഹരമാക്കുന്നു. ചില്ലോണ്‍ കാസില്‍ പോലുള്ള ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ മഞ്ഞുവീഴ്ചയ്ക്കിടയില്‍ കൂടുതല്‍ ആകര്‍ഷകമാകും. സന്ദര്‍ശകര്‍ക്ക് മഞ്ഞുമൂടിയ തടാകക്കരയിലൂടെ നടക്കാം. അല്ലെങ്കില്‍ സീസണ്‍ ആഘോഷിക്കുന്ന പ്രാദേശിക ശൈത്യകാല ഉത്സവങ്ങളില്‍ പങ്കെടുക്കാം. പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക സമൃദ്ധിയും ചേര്‍ന്ന് ഇക്കാലത്ത് ജനീവ തടാകത്തെ അതുല്യവും ആകര്‍ഷകവുമാക്കി മാറ്റുന്നു.
ന്യൂസിലാന്‍ഡിലെ ശൈത്യകാലം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ച് കാലമേ ഉള്ളൂ എങ്കിലും വാനക തടാകം ഇടയ്ക്കിടെ ഭാഗികമായി ഐസ് മൂടാറുണ്ട്. തടാകത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നത് വാനക മരമാണ്. അത് വെള്ളത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളാലും സമൃദ്ധമായ ഭൂപ്രകൃതികളാലും ചുറ്റപ്പെട്ട വാനക തടാകം അതിഗംഭീര പ്രകൃതി സൗന്ദര്യത്തിന്റെ സങ്കേതമാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് സ്‌കീയിംഗ്, ഹൈക്കിംഗ്, ഫോട്ടോഗ്രാഫി എന്നിവ ആസ്വദിക്കാം.
ഉപരിതല വിസ്തീര്‍ണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സുപ്പീരിയര്‍. തണുപ്പുള്ള മാസങ്ങളില്‍ ഇത് ഒരു മഞ്ഞുമൂടിയ അത്ഭുതലോകമായി മാറുന്നു. അതിശയകരമായ ഐസ് രൂപങ്ങള്‍, തണുത്തുറഞ്ഞ വെള്ളച്ചാട്ടങ്ങള്‍, ഐസ് ഗുഹകള്‍ എന്നിവയൊക്കെ ഇക്കാലത്ത് ഇവിടെ കാണാനാവും. ഈ പ്രകൃതി വിസ്മയങ്ങള്‍ തടാകത്തിന്റെ സൗന്ദര്യം പകര്‍ത്താന്‍ സാഹസികരെയും ഫോട്ടോഗ്രാഫര്‍മാരെയും മാടിവിളിക്കുന്നവയാണ്. ഐസ് ഫിഷിംഗ്, സ്‌നോഷൂയിംഗ്, ഐസ് ഗുഹകള്‍ എന്നിവ പോലുള്ള ശൈത്യകാല സാഹസികതകള്‍ മികച്ച അനുഭവം പകരുന്നവയാണ്.
Content Highlights :famous snow lakes in the world, Travel, Winter Travel