യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യുഎസ് വിടാതെ തന്നെ അവരുടെ H-1B വിസകള്‍ പുതുക്കാനുള്ള നടപടികള്‍ ആരംഭിച്ച് യുഎസ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനകരമാകുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഒരു വര്‍ഷം മുമ്പ്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ പ്രക്രിയ പരീക്ഷിക്കുന്നതിനായി ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് തീരുമാനം. ഇനി മുതല്‍ H-1B വിസകള്‍ പുതുക്കുന്നതിന് അപേക്ഷകന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരില്ല.
ഈ വിസ പ്രോഗ്രാമിന് കീഴിലുള്ള പ്രൊഫഷണലുകള്‍ ഉയര്‍ത്തിയ ദീര്‍ഘകാല ആശങ്കയായിരുന്നു ഇത്, അവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വിസയുമായി ബന്ധപ്പെട്ട പുതിയ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എച്ച്-1 ബി വിസയെ കുറിച്ചും അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയിലെ സ്വാധീനത്തെ കുറിച്ചും തീവ്രമായ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വിസ പുതുക്കല്‍ നടപടിയെന്നതും മറ്റൊരു പ്രത്യേകതയാണ്. H-1B വിസ ഉടമകള്‍ അമേരിക്കക്കാരുടെ ജോലി നഷ്ടപ്പെടുത്തുന്നു എന്നതടക്കമുള്ള വിമര്‍ശനവുമായി പലരും രംഗത്തു വരുന്നുമുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയ്ക്ക് കഴിവുള്ളവരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് H-1B വിസ പ്രോഗ്രാമിനെ പിന്തുണക്കുകയായിരുന്നു. ലോകത്തിലെ മികച്ച പ്രതിഭകള്‍ക്ക് യുഎസില്‍ ജീവിക്കാനും ജോലി ചെയ്യാനും H-1B അനുവദിക്കുന്നുവെന്നും സാങ്കേതികവിദ്യ, ഗവേഷണം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ആഗോളതലത്തില്‍ മുന്നില്‍ നില്‍ക്കാന്‍ അമേരിക്കയെ സഹായിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
ആഗോളതലത്തില്‍ H-1B വിസ ഉടമകളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, അവരില്‍ ഭൂരിഭാഗവും ടെക് വ്യവസായത്തിലും തുടര്‍ന്ന് മെഡിക്കല്‍, ഗവേഷണ മേഖലയിലും പ്രവര്‍ത്തിക്കുന്നവരാണ്. 2022ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ പ്രകാരം 3,20,000 എച്ച്-1ബി വിസ അപേക്ഷകളില്‍ 77 ശതമാനവും ഇന്ത്യക്കാരാണ്. 2023ലും 3,86,000 വിസകളില്‍ 72 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് നല്‍കിയത്. മാത്രമല്ല അമേരിക്കയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
Content Highlights: H-1B Visa Renewal To Get Major Boost In 2025. Indians To Benefit Most