കൊച്ചി ചുറ്റാൻ ഇനി 'മെട്രോ കണക്റ്റ്' ഉണ്ടാകും; അഞ്ച് കിലോമീറ്റർ എസി യാത്രയ്ക്ക് വെറും 20 രൂപ മാത്രം

യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴിയും പേമെന്റ് ചെയ്യാനും ടിക്കറ്റ് എടുക്കാനും സാധിക്കും

dot image

ട്രാക്കിലും വെള്ളത്തിലും മാത്രമല്ല റോഡിലും പവർ കാണിക്കാൻ കൊച്ചിക്കാർക്ക് 'മെട്രോ കണക്റ്റ്'എത്തുന്നു. വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഇലക്ട്രിക് ബസ് സര്‍വീസ് അടുത്തയാഴ്ച ആരംഭിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചി ന​ഗരത്തിലൂടെ നടക്കുന്ന പരീക്ഷണയോട്ടം പൂർത്തിയായി. 'മെട്രോ കണക്റ്റ്' എന്ന പേരിലാണ് പുതിയ സര്‍വീസ് കൊച്ചി‌ക്കാർക്കിടയിലേക്ക് എത്തുന്നത്.

ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്- എം ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നതെന്ന് കെഎംആര്‍എല്‍ മനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

ആളുകൾക്ക് സൗകര്യപ്രദമായ വിധമാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടാവുക. ഡിജിറ്റല്‍ പേമെന്റ് വഴിയാണ് ടിക്കറ്റിംഗ്. യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴിയും പേമെന്റ് ചെയ്യാനും ടിക്കറ്റ് എടുക്കാനും സാധിക്കും. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അഡീഷണല്‍ ജനറല്‍ മാനേജര്‍ ടി ജി ഗോകുല്‍ പറഞ്ഞു.

  • 'മെട്രോ കണക്റ്റിൻ്റെ' സമയക്രമം
    എയര്‍പോര്‍ട്ട് റൂട്ട് - 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റിലുമാണ് സര്‍വീസുകള്‍ ഉണ്ടാകുക. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്.
  • കളമശേരി-മെഡിക്കല്‍ കോളജ് റൂട്ട് - ഈ റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് ബസ് ഓടും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്.
  • കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ട് - കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.
  • കാക്കനാട് വാട്ടര്‍ മെട്രോ-കളക്ട്രേറ്റ് റൂട്ട് - ഈ റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും.
  • ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ട് - ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാകും സർവീസ്.
  • കടവന്ത്ര കെ പി വള്ളോന്‍ റോഡ്-പനമ്പിള്ളി നഗര്‍ റൂട്ട് - ഈ റൂട്ടിൽ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് 7 മണിവരെയും സർവീസ് ഉണ്ടാകും.

Content Highlights: Electric bus services from various metro stations will start next week. The trial run through the city of Kochi has been completed in the last few days. The new service is coming to Kochi residents under the name of 'Metro Connect'.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us