വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ് വിമാനത്തിനുള്ളിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് കാബിന്‍ ക്രൂ അംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
തികച്ചും അസാധാരണമായ നിമിഷങ്ങള്‍ക്കാണ് താന്‍ സാക്ഷിയായതെന്നാണ് സന്‍ജിത് കുറിച്ചത്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ശക്തി, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ സംഭവമെന്ന് അദ്ദേഹം പറയുന്നു.
ഈ മാസം 12നായിരുന്നു സംഭവം. വിമാനയാത്രക്കിടെ 70-കാരനായ യാത്രക്കാരന് ദേഹാസ്വസ്ഥ്യമുണ്ടാകുകയും ബോധരഹിതനാകുകയുമായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ ഡോക്ടര്‍മാരോ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടോ എന്ന് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് വിമാനജീവനക്കാരില്‍ ഒരാള്‍ രക്ഷകയായെത്തിയതെന്ന് സന്‍ജിത് പറയുന്നു. ശരിക്കും സൂപ്പര്‍ വുമണിനെ പോലെ എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്.
അബോധാവസ്ഥയിലായ യാത്രക്കാരനടുത്തെത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഉടന്‍ തന്നെ അദ്ദേഹത്തിന് ഓകിസിജനടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കി. 30-40 മിനിറ്റോളം അശ്രാന്തമായി പരിശ്രമിച്ചാണ് യാത്രക്കാരനെ സാധാരണ നിലയിലെത്തിക്കാനായത്. യാത്രക്കാരന്‍ സാധാരണ നിലയിലായതോടെ ജീവനക്കാരിയുടെ കണ്ണുനിറയുന്നതാണ് കാണാനായതെന്നും എന്നാല്‍ പല യാത്രക്കാരും വിമാന ജീവനക്കാരുടെ പ്രയത്‌നം കാണാതെ പോവുകയായിരുന്നുവെന്നും സന്‍ജിത് കുറിച്ചു. ഇത്തരത്തിലുള്ള ജീവനക്കാരെ നിയമിച്ച ഇന്‍ഡിഗോയെ അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്.
സന്‍ജിതിന്റെ കുറിപ്പിന് മറുപടിയുമായി ഇന്‍ഡിഗോയും രംഗത്തെത്തിയിട്ടുണ്ട്. 'ഈ അവിശ്വസനീയമായ അനുഭവം പങ്കുവെച്ചതിന് നന്ദി, ഞങ്ങളുടെ ടീമിന്റെ പ്രയത്‌നത്തിന് ലഭിച്ചിരിക്കുന്ന അംഗീകാരം വളരെ വലുതാണ്. അവരുടെ അര്‍പ്പണബോധത്തിന് അവര്‍ക്ക് തക്കതായ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഇതേ പ്രതിബദ്ധതയോടെയും കരുതലോടെയും ഓരോ യാത്രക്കാരനെയും സമീപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും', ഇന്‍ഡിഗോ വക്താവ് മറുപടിയില്‍ പറയുന്നു.
Content Highlights: Delhi Entrepreneur Praises IndiGo "Superwoman" Who Assisted Unconscious Man Mid-Flight