അതിജീവന കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. തെക്കന്‍ മഹാസമുദ്രത്തില്‍വെച്ച് ബോട്ട് മറിഞ്ഞ് നാല് ദിവസം അതിനുള്ളില്‍ അകപ്പെട്ട നാവിക ഉദ്യോഗസ്ഥൻ്റെ അതിജീവനത്തിന്റെ കഥയാണിത്. 1997 ജനുവരിയിലായിരുന്നു സംഭവം. ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായ ടോണി ബുള്ളിമോറാണ് ആ അതിജീവന കഥയിലെ നായകൻ. വളരെ കഠിനമായ പ്രതിസന്ധികള്‍ ഉണ്ടായിട്ടും അസാധ്യമായിട്ടാണ് ബുള്ളിമോര്‍ ആ ദിനങ്ങൾ അതിജീവിച്ച് പുറത്തുവന്നത്.
തെക്കന്‍ മഹാസമുദ്രത്തില്‍ യോട്ടിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. പെട്ടന്നാണ് അദ്ദേഹത്തിന്റെ യോട്ടിൽ 25 മീറ്റർ ഉയരമുള്ള തിരമാലകളും 100 മൈൽ വേഗതയിൽ ശക്തമായ കൊടുംങ്കാറ്റും വീശിയടിച്ചത്. അദ്ദേഹം സഞ്ചരിച്ച യോട്ട് മൂന്ന്, നാല് മിനിറ്റുകൾക്കകം തല കീഴായി മറിഞ്ഞു. യോട്ടിന്റെ അടിഭാഗം പൊട്ടി നിമിഷങ്ങൾക്കകമാണ് ബോട്ട് തലകീഴായി മറിഞ്ഞതെന്നാണ് ബുള്ളിമോറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ചുറ്റും തണുത്ത വെള്ളം ഉയർന്നുവരുന്നത് അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
തകർന്ന യോട്ടിന്റെ ജനലുകൾക്കിടയിലൂടെ തണുത്ത വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി. ഏകദേശം അരമണിക്കൂറിനുള്ളിൽ തിരമാലകള്‍ ജനൽ തകർത്തുവെന്നും 'നയാഗ്ര വെള്ളച്ചാട്ടം പോലെ' ബോട്ടിൽ വെള്ളം കയറിയെന്നും അദ്ദേഹം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ അപകടകരമായ അവസ്ഥയിൽ ബുള്ളിമോർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. മൈനസ് ഡിഗ്രി താപനിലയിൽ ജീവൻ നിലനിർത്താനുള്ള വഴികൾ തേടാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
നാല് ദിവസമാണ് സമുദ്രത്തിൻ്റെ നടുവിൽ തലകീഴായി നിന്ന യോട്ടിൽ ഏറെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ബുള്ളിമോർ ജീവിച്ചത്. യോട്ടിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും ഒഴുകി പോയിരുന്നു. ഒരു ചോക്ലേറ്റ് ബാറും കുറച്ച് ചെറിയ പ്ലാസ്റ്റിക് പാകറ്റുകളിലാക്കിയ വെള്ളവും എടുക്കാൻ അപകടത്തിനിടെ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത് ഉപയോഗിച്ച് ദീർഘകാലം നിലനിൽക്കാൻ കഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രണ്ട് ദിവസത്തേക്ക് മാത്രമണ് പിടിച്ചു നിൽക്കാൻ സാധിച്ചത്. മൂന്നാം ദിവസം തന്റെ കൈവശമുണ്ടായികരുന്ന കുടിവെള്ളപാക്കറ്റുകൾ തീർന്നുപോയിരുന്നു. പിന്നീട് കുടുങ്ങി കിടക്കുന്ന തന്നെ ആരെങ്കിലും കണ്ടെത്തുമെന്നുള്ള പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ബുള്ളിമോറിൻ്റെ യോട്ട് അപകടത്തിൽപ്പെട്ട വിവരം ലഭിച്ചതിനെത്തുടർന്ന് ഓസ്‌ട്രേലിയയുടെ നേവി ഉദ്യോഗസ്ഥർ തിരച്ചിൽ ദൗത്യം ആരംഭിച്ചിരുന്നു. തുടർന്ന് ജനുവരി 9 ന്, റോയൽ ഓസ്‌ട്രേലിയൻ നേവി തിരച്ചില്‍ ഫലം കണ്ടു. എന്നാല്‍ തല കീഴായി മറിഞ്ഞ ബോട്ട് കണ്ടെത്തിയപ്പോൾ രക്ഷാപ്രവർത്തകർക്ക് ബുള്ളിമോറിനെ കുറിച്ചുള്ള പ്രതീക്ഷ അസ്തമിച്ചിരുന്നു.
ഇതിനിടെ നേവി ഉദ്യോഗസ്ഥരെ കണ്ട ബുള്ളിമോർ പ്രതീക്ഷയോടെ നദിയിലേക്ക് ചാടിയിരുന്നു. രക്ഷാപ്രവർത്തന സംഘം നീന്തി അദ്ദേഹത്തെ രക്ഷിച്ചു. രക്ഷപ്പെട്ടതിന് ശേഷം വിവിധ അഭിമുഖങ്ങളിൽ സംസാരിക്കവെ തന്റ അതിജീവനത്തെ കുറിച്ചും എങ്ങനെ ജീവൻ നിലനിർത്തി എന്ന ചോദ്യത്തിനും ഉത്തരമായി, അതിജീവിക്കാനുള്ള തൻ്റെ ആഗ്രഹം കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നായിരുന്നു ബുള്ളിമോർ പറഞ്ഞത്. തന്നെ രക്ഷിച്ചവരെയാണ് യഥാർത്ഥ ഹീറോകൾ എന്ന് വിളിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായകൻ എന്ന് വിളിക്കുന്നതിലും ഉചിതം ഭാഗ്യവാൻ എന്ന് വിളിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: THIS Sailor managed to stay alive in a capsized boat for days alone