മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ജനവാസമുണ്ടായിരുന്ന ആ ഗ്രാമം ഇന്ന് സന്ദർശകരുടേയും ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. മേൽക്കൂരയോളം മണൽകൊണ്ട് മൂടിയ ഈ ഗ്രാമത്തെ 'ഖബറടക്കപ്പെട്ട ഗ്രാമം' എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഒമാനിലെ സൗത്ത് ശർഖിയയിലെ ജലാൻ ബാനി ബു അലിയിലെ വാദി അൽ മുർ എന്ന ഗ്രാമത്തിന് എന്താണ് സംഭവിച്ചത്. പിരശോധിക്കാം..
ഒമാനി ഫോട്ടോഗ്രാഫറായ ഹൈതം ബിൻ നാസർ ദർവീശ് അൽ അസ്രിയുടെ ഡ്രോൺ ചിത്രത്തിലൂടെയാണ് വാദി അൽ മുർ പുനർജനിക്കുന്നത്. ജനവാസമുണ്ടായിരുന്ന ആ ഗ്രാമം ഇന്ന് മണൽക്കൂനകൾക്ക് അടിത്തട്ടിലാണ്. പതിറ്റാണ്ടിലേറെയായി ഈ ഗ്രാമം നാമവശേഷമായിട്ട്. ഇന്ന് ഈ ഗ്രാമം പേടിപ്പെടുത്തുന്നതായി മാറിയിരിക്കുന്നു. ഗ്രാമത്തിലെ കെട്ടിടങ്ങളെല്ലാം കഴുത്തറ്റം മണൽ മൂടിയ നിലയിൽ, വിസ്മയപ്പിക്കുന്ന കാഴ്ചകൾക്ക് ഒരുപാട് നഷ്ടങ്ങളുടെ കഥകളാണ് പറയാനുള്ളത്.
34 വർഷങ്ങൾക്ക് മുമ്പാണ് വാദി അൽ മുറിനെ മണൽ വിഴുങ്ങിയത്. പിന്നീടങ്ങോട്ട് ജനവാസം ദുഷ്കരമായിമാറുകയായിരുന്നു. അവിടത്തെ ജനങ്ങൾ സമീപ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറിപ്പാർക്കുകയായിരുന്നു. ഖബറടക്കപ്പെട്ട ഗ്രാമമെന്നാണ് പ്രദേശവാസികൾ ഈ ഗ്രാമത്തെ വിളിച്ചിരുന്നത്. മണൽക്കൂനകൾ മാറുമ്പോൾ അതിനടിയിൽ അകപ്പെട്ട കെട്ടിടങ്ങളുടേയും വീടുകളുടേയും ഭാഗങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്ന് ചിത്രത്തിലൂടെ ഫോട്ടോഗ്രാഫർ പറയാൻ ശ്രമിക്കുന്നുണ്ട്. പള്ളികളുടെ മിഹ്റാബും പരമ്പരാഗത ഒമാനി വീടുകളുടെ ഭാഗങ്ങളുമെല്ലാം ഇങ്ങനെ പുറത്തുകാണാനാകും.
ഗ്രാമത്തിലെ മസ്ജിദിൻ്റെ മിഹ്‌റാബും പരമ്പരാഗത ഒമാനി ശൈലിയിലുള്ള വാസസ്ഥലങ്ങളുടെ ഭാഗങ്ങളും പുറത്തുകാണാം. ഇവയെല്ലാം ദൃഢമായ നിർമ്മാണത്തിന് പേരുകേട്ടതാണെന്നുള്ള സവിശേഷതകൾ വിളിച്ചോതുന്നു. ഇതിലൂടെ പഴയകാലത്തെ കരകൗശലത്തെ കൂടിയാണ് വെളിപ്പെടുത്തുന്നത്.
വാദി അൽ മുർ എന്ന ഗ്രാമത്തിൽ ഏകദേശം 50 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. വളർത്തുമൃഗങ്ങളായിരുന്നു പലരുടേയും ഉപജീവനമാർഗം. ഗ്രാമീണരുടെ ഒഴിഞ്ഞുപോക്ക് ഒമാന്റെ ചരിത്രത്തിലെ നിർഭാഗ്യകരമായ അധ്യായമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ നിന്നും ആളുകൾ ഒഴിഞ്ഞുപോയെങ്കിലും തങ്ങളുടെ ഭൂതകാല ജീവിതത്തിന്റെ അവശേഷിപ്പുകൾ നേരിൽ കാണാൻ ഇവിടെ ഗ്രാമീണർ എത്താറുണ്ട്.
സന്ദർശകരെ ആകർഷിക്കാൻ റോഡുകൾ, ലൈറ്റിംഗ്, വിശ്രമമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി പ്രദേശം വികസിപ്പിക്കണമെന്ന് അസ്രി സർക്കാരിനോട് ആവശ്യപ്പെട്ടു. തെക്ക് അൽ അഷ്ഖറയിലെ നിയാബത്തിനും വടക്ക് റാസ് അൽ ഹദ്ദിലെ നിയാബത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വാദി അൽ മുർ ഒമാൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ചിത്രം പകർത്തിയതിനു പിന്നിലെ വെല്ലുവിളികൾ
ഏറെ വെല്ലുവിളികൾ നേരിട്ടാണ് അസ്രി ഈ ഫോട്ടോ എടുത്തത്. ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് ആറിനും ഇടയിലായിരുന്നു ചിത്രം പകർത്തിയത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ശക്തമായ കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും നേരിടേണ്ടി വന്നതായി അസ്രി പറഞ്ഞു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും നിശ്ചയദാർഢ്യവും ക്ഷമയുമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഡ്രോൺ ഉപയോഗിച്ച്, ഗ്രാമത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ഫോട്ടോകളാണ് അസ്രി ഒപ്പിയെടുത്തത്.
അടക്കം ചെയ്യപ്പെട്ട ഗ്രാമം ഒമാന്റെ സമ്പന്നമായ വാസ്തുവിദ്യാ പൈത്യകത്തിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും അസ്രി ചൂണ്ടിക്കാട്ടി. ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ വികസിപ്പിക്കുന്നതിലൂടെ ഇതിന്റെ ചരിത്രം സംരക്ഷിക്കുക മാത്രമല്ല ഈ പ്രദേശത്തിന് വരുമാനവും അഭിമാനവും ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Wadi Al Murr: Oman’s lost village