
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുനില്‍ക്കുന്ന 67,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുളള റെയില്‍വേ ശൃംഖലയാണ് നമുക്കുളളത്. രാജ്യത്തുള്ള 8000 സ്‌റ്റേഷനുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പേര് ഏത് റെയില്‍വേ സ്റ്റേഷനാണെന്ന് നിങ്ങള്‍ക്കറിയാമോ? ഏറ്റവും നീളമേറിയ പേരുള്ള റെയില്‍വേ സ്‌റ്റേഷന്റെ പേരില്‍ 57 അക്ഷരങ്ങളാണ് ഉള്ളത്.
തമിഴ്‌നാട്ടിലെ പുരട്ചി തലൈവര്‍ ഡോ. എം.ജി.രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് രാജ്യത്തെ എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലും ഏറ്റവും നീളംകൂടിയ പേര്. ഈ സ്‌റ്റേഷന്‍ ആദ്യം മദ്രാസ് സെന്‍ട്രല്‍ എന്നും പിന്നീട് ചെന്നൈ സെന്‍ട്രല്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇതിന് മുന്‍പ് ആന്ധ്രാപ്രദേശിലെ വെങ്കിട്ട നരസിംഹറാജുവരിപേട്ട റെയില്‍വെ സ്റ്റേഷനായിരുന്നു ഏറ്റവും നീളം കൂടിയ പേരുണ്ടായിരുന്നത്.
മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനോടുള്ള ബഹുമാനാര്‍ഥം സ്റ്റേഷന്റെ പേര് മാറ്റാനുള്ള തമിഴ്‌നാട് എഐഎഡിഎംകെ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 2019ല്‍ പുരട്ചി തലൈവര്‍ ഡോ.എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ദക്ഷിണ റെയില്‍വേ സോണിലെ ചെന്നൈ ഡിവിഷന് കീഴില്‍ NSG-1 ക്യാറ്റഗറി പദവിയും ഈ സ്‌റ്റേഷനുണ്ട്. മാത്രമല്ല ഈ സ്റ്റേഷന്‍ ചെന്നൈയെ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവയുള്‍പ്പടെയുളള ഉത്തരേന്ത്യയുടെ പല ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
യുകെയിലെ വെയില്‍സിലുളള 58 അക്ഷരങ്ങളുള്ള Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch സ്‌റ്റേഷനാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ പേരുള്ള റെയില്‍വേസ്റ്റേഷനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുളളത്.
Content Highlights :Do you know which railway station has the longest name in India?
This railway station has the longest name of 57 letters among the total 8000 railway stations in India