
സെൻട്രൽ റെയിൽവേയുടെ തന്നെ ഏറ്റവും തിരക്കേറിയ ഡിവിഷനുകളിൽ ഒന്നാണ് മുംബൈ ഡിവിഷൻ. ദിവസേന ആയിരക്കണക്കിന് ട്രെയിനുകളും ലക്ഷക്കണക്കിന് യാത്രക്കാരുമാണ് മുംബൈ ഡിവിഷനിൽ ഉണ്ടാകാറുള്ളത്. സബർബൻ സർവീസുകൾ മാത്രം നിരവധി ഉണ്ടാകാറുണ്ട്. പലപ്പോഴും ഡിവിഷൻ മാനേജർമാർക്കും സ്റ്റേഷൻ അധികാരികൾക്കും ഇവയെല്ലാം കൈകാര്യം ചെയ്യുന്നത് വലിയ തലവേദന തന്നേ ആകാറുണ്ട്.
സമാനമായ അവസ്ഥ തന്നെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്ന ടിടിഇമാർക്കും ഉണ്ടാകാറുള്ളത്. നിരവധി പേരെയാണ് ഒരോ ദിവസവും ടിക്കറ്റില്ലാതെ ഈ ഡിവിഷനിൽ പിടികൂടാറുള്ളത്. ഇപ്പോളിതാ, അതിനെ സംബന്ധിച്ച് ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മുംബൈ ഡിവിഷൻ.
2024 - 25 സാമ്പത്തിക വർഷത്തിലെ ജനുവരി വരെയുള്ള കണക്കാണ് മുംബൈ ഡിവിഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിലെ എസി ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ പിഴയടപ്പിച്ച വകയിൽ 2.70 കോടി രൂപയാണ് റെയിൽവെയ്ക്ക് ലഭിച്ചത്. പിടിച്ചതാകട്ടെ 81,709 യാത്രക്കാരെയും.
മുൻ സാമ്പത്തിക വർഷം മൊത്തത്തിൽ 1.19 കോടി പിരിച്ചുകിട്ടിയപ്പോഴാണ് ഈ സാമ്പത്തിക വർഷം അവസാനിക്കും മുൻപേ രണ്ട് കോടി കടന്നിരിക്കുന്നത്. 2025 ജനുവരിയിൽ മാത്രം 8,535 യാത്രക്കാരെയാണ് ടിക്കറ്റുകളില്ലാത്തതിന് റെയിൽവേ പിടികൂടിയത്. ഇവരിൽ നിന്ന് മാത്രം 27.82 ലക്ഷമാണ് പിഴയീടാക്കിയത്. റെയിൽവേ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം, ഇത്തരത്തിലുള്ള പിഴയിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 135 ശതമാനം വർധിച്ചു. കേസുകളും 143 ശതമാനം വർധിച്ചു.
സമീപകാലത്തായി എസി ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്‌സിനെയും റെയിൽവേ നിയമിച്ചിട്ടുണ്ട്. 'പീക്ക്' സമയങ്ങളിൽ ഇത്തരം യാത്രകൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനായി വാട്സ്ആപ്പ് നമ്പറും റെയിൽവേ പുറത്തിറക്കിയിരുന്നു.
Content Highlights: Mumbai division gets crores on collecting fine from ticketless passengers