മഹാരാഷ്ട്രയിൽ നിന്ന് ടിക്കറ്റ് എടുത്ത് ഗുജറാത്തിൽ നിന്ന് ട്രെയിൻ കയറാം.! നവപൂർ സ്റ്റേഷന്‍ വെറൈറ്റിയാണ്

അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതും രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ അപൂർവം ചില സ്റ്റേഷനുകളിൽ ഒന്നാണ് നവപൂർ റെയിൽവേ സ്റ്റേഷൻ

dot image

മഹാരാഷ്ട്രയിൽ നിന്ന് ടിക്കറ്റ് എടുത്ത് ഗുജറാത്തിൽ ട്രെയിൻ വെയ്റ്റ് ചെയ്താലോ? അതിശയം തോന്നുന്നുണ്ടോ, അങ്ങനെ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെന്നേ. അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതും രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ അപൂർവം ചില സ്റ്റേഷനുകളിൽ ഒന്നാണ് നവപൂർ റെയിൽവേ സ്റ്റേഷൻ. ​ഗുജറാത്തിലും മഹാരാഷ്ട്രയിലുമായാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷന്റെ ഒരു വശം മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഏറെ അടിസ്ഥാന സൗകര്യങ്ങളുള്ള ഈ റെയിൽ വേ സ്റ്റേഷൻ സന്ദർശിക്കുന്നത് ചുരുക്കം ആളുകളാണ്.

സ്റ്റേഷന് ഏകദേശം 800 മീറ്റർ നീളമുണ്ട്. 500 മീറ്റർ ഗുജറാത്തിലും ബാക്കിയുള്ളത് മഹാരാഷ്ട്രയിലുമാണ്. അറിയിപ്പുകളും നിർ‍ദേശങ്ങളും ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി എന്നീ നാല് ഭാഷകളിലാണ് നടത്തുന്നത്. റെയിൽവേ സ്റ്റേഷൻ്റെ ടിക്കറ്റ് കൗണ്ടർ മഹാരാഷ്ട്രയിലാണ്. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, വെയിറ്റിംഗ് റൂം, പവർ പാനൽ റൂം, വാട്ടർ ടാങ്ക്, പാലം, 15 റെയിൽവേ ക്വാർട്ടേഴ്സ് എന്നിവ ഗുജറാത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

സ്റ്റേഷനിലെ ഒരു മര ബെഞ്ചിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ചിത്രവും ഗുജറാത്തിന്റെ ഭൂപടവും ഉണ്ട്. മുകളിലുള്ള ചുമരിൽ കുതിരപ്പുറത്ത് വാൾ പിടിച്ചിരിക്കുന്ന ശിവാജിയുടെ ചിത്രവും മഹാരാഷ്ട്രയുടെ ഭൂപടവും ഉണ്ട്. തവിട്ട് നിറത്തിലുള്ള ബെഞ്ചിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു വെളുത്ത സ്ട്രിപ്പ് ഒട്ടിച്ചിട്ടുണ്ട്. ബെഞ്ചിന് താഴെ തറയിൽ മഞ്ഞ കളറിൽ ഒരു വരയുണ്ട്. ഇത് ഈ സ്റ്റേഷനെ രണ്ടായി വിഭജിക്കുന്നതാണ്. രണ്ട് ഭാഗങ്ങളിലായി ഹിന്ദിയിൽ "ഗുജറാത്ത്, മഹാരാഷ്ട്ര" എന്നും എഴുതിയിട്ടുണ്ട്.

സ്റ്റേഷന്‍ ഓഫീസിലെയും ക്വാർട്ടേഴ്സിലെയുമൊക്കെ വൈദ്യുത ബില്‍ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്ന് സ്റ്റേഷൻ ഓഫീസർമാരില്‍ ഒരാള്‍ പറ‍ഞ്ഞു. മഹാരാഷ്ട്രയിൽ വൈദ്യുതി തടസ്സം കൂടുതലും ഗുജറാത്തിൽ കുറവുമാണ്. കുറഞ്ഞ ബില്ലുകൾ അടയ്ക്കാൻ കഴിയുന്നതിനാൽ ഗുജറാത്ത് റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് റെയിൽവേ ഉദ്യോഗസ്ഥൻ്റെ കുടുംബം പറയുന്നത്.

എട്ട് വർഷങ്ങൾക്ക് മുൻപ് ​പൂർണമായും ഗുജറാത്തിലായിരുന്നു സ്റ്റേഷൻ. പിന്നീട് റെയിൽവേകൾ പുനർനിർമ്മിച്ചപ്പോൾ മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മികച്ചതാണ്. ഒരു ദിവസം 10 ട്രെയിനുകളാണ് ഇവിടെ നിർത്തുന്നതെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾ പങ്കിടുന്നതിനാൽ ഇത് അപൂർവ്വമെന്ന് വിശേഷിപ്പിച്ച് 2022ല്‍ ഇന്ത്യൻ റെയിൽവേ പങ്കുവെച്ച ട്വീറ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് നിരവധി പേരാണ് സ്റ്റേഷന്‍ കാണാന്‍ എത്തിയത്.

Content Highlights:What's Special About Navapur railway station?

dot image
To advertise here,contact us
dot image