
രാജ്യത്തെ റെയിൽവേ സംവിധാനത്തെ അടുത്തപടിയിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഫലംകാണുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ മാർച്ച് 31ന് പുറത്തിറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിക്കുന്നത്. ഇതിനായി 2023-24 വർഷങ്ങളിൽ 2800 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം വകയിരുത്തിയത്. നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണത്തിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ. ഇത് പുറത്തിറങ്ങുന്നതോടെ സുസ്ഥിരമായ, പരിസ്ഥിതി സൗഹൃദമായ ഗതാഗതമാർഗങ്ങൾ അവലംബിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമ്മനി, ചൈന, ഫ്രാൻസ്, യുകെ എന്നീ ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയും എത്തും.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷനാണ് ട്രെയിനിന്റെ ടെക്നോളജിയെയും സൗകര്യങ്ങളെയും സംബന്ധിച്ചുള്ള കാര്യങ്ങൾ നോക്കിനടത്തുന്നത്. നിർമാണം കഴിഞ്ഞാൽ നോർത്ത് റെയിൽവെയുടെ ഡൽഹി ഡിവിഷനിലെ ജിന്ദ് - സോനിപത് പാതയിലാകും സർവീസ് നടത്തുക. നിലവിലെ ഹൈഡ്രജൻ ട്രെയിനുകളുടെ ഇരട്ടി കുതിരശക്തിയുളള ട്രെയിനാണ് ഇന്ത്യ നിർമിക്കുന്നത്.
Content Highlights: India to unveil first hydrogen train this month