റോഡ് ട്രിപ്പില്‍ നിന്ന് ഈ ചിന്തകളാണോ പെണ്ണുങ്ങളെ നിങ്ങളെ പിന്നോട്ട് വലിക്കുന്നത്?

റോഡ് ട്രിപ്പ് പോകാന്‍ ആഗ്രഹമുണ്ട് പക്ഷേ ചില ആശങ്കകളാണ് നിങ്ങളെ പിന്നിലേക്ക് വലിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

dot image

റോഡ് ട്രിപ്പ് വെറുമൊരു യാത്രാനുഭവമല്ല. സ്വാതന്ത്ര്യവും സാഹസികതയും നിറഞ്ഞ യാത്ര കഴിയുമ്പോള്‍ നിങ്ങളെ മറ്റൊരു വ്യക്തിയായി മാറ്റാന്‍ പോലും കെല്‍പുള്ള ഒരു കിടിലന്‍ അനുഭവമാണ്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള നിങ്ങളുടെ കഴിവുമെല്ലാം ഇത്തരം യാത്രകളോടെ ഉയരും. റോഡ് ട്രിപ്പ് പോകാന്‍ ആഗ്രഹമുണ്ട് പക്ഷേ ചില ആശങ്കകളാണ് നിങ്ങളെ പിന്നിലേക്ക് വലിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഡൈവിങ് വൈദഗ്ധ്യം

വര്‍ഷങ്ങളുടെ ഡ്രൈവിങ് വൈദഗ്ധ്യം ഉണ്ടെങ്കില്‍ മാത്രമേ റോഡ് ട്രിപ് പോകാനാകൂ എന്ന വിശ്വാസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള തടസ്സമെങ്കില്‍ അതാദ്യം മാറ്റിവയ്ക്കണം. നഗരങ്ങളിലെ ട്രാഫിക്കിലൂടെ ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ പിന്നെ ദേശീയപാതകളെ ഭയക്കുന്നത് എന്തിന്? താരതമ്യേന മറ്റു റോഡുകളേക്കാള്‍ സുഗമമായ ഡ്രൈവിങ് അനുഭവമാണ് ദേശീയപാതകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുക. ട്രാഫിക് സിഗ്നലുകള്‍, ഗതാഗതക്കുരുക്കുകള്‍ എന്നിവ തീരെ കുറവായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ക്ക് പുറപ്പെടും മുന്‍പ് വേണമെങ്കില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചെറിയ ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യാം. ഈ യാത്രകളോടെ നിങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിക്കും.

ധൈര്യത്തിന് ഒരു പുരുഷ ഡ്രൈവര്‍ കൂടെ വേണം

എന്തിനാണത്? കൃത്യമായ പ്ലാനിങ്ങും പോകുന്ന സ്ഥലത്തെ കുറിച്ചുള്ള ധാരണയും തയ്യാറെടുപ്പും നടത്തിയാല്‍ അങ്ങനെയൊരു കൂട്ടിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം തന്നെയില്ല. തനിച്ചോ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പയോ യാത്ര പോകാവുന്നതാണ്. തുടക്കത്തില്‍ സുരക്ഷിതവും നല്ല യാത്ര ഉറപ്പുനല്‍കുന്നതും ആയ റോഡുകള്‍ തിരഞ്ഞെടുക്കണം. താമസത്തിനായുള്ള ഹോട്ടല്‍ റൂമുകള്‍ നേരത്തേ ബുക് ചെയ്യാം. ഏറ്റവും അടുത്തവരുമായി ലൈവ് ലൊക്കേഷനുകള്‍ പങ്കുവയ്ക്കാം. അത് ആത്മവിശ്വാസമുയര്‍ത്തും.

റോഡ് അസിസ്റ്റന്‍സ് ഉള്ളപ്പോള്‍ ഭയമെന്തിന്

ഇന്‍ഷുറന്‍സ് പ്ലാനുകളും മിക്ക ഓട്ടോമൊബൈല്‍ കമ്പനികളും 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് ഉറപ്പുനല്‍കുന്നുണ്ട്. ഒരു ഫോണ്‍കോളിനപ്പുറത്ത് സേവന സന്നദ്ധരായി അവരുണ്ട്.

കാറിന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍

ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കാറുമായി ബന്ധപ്പെട്ട പ്രാഥമിക അറ്റകുറ്റപ്പണികള്‍ പഠിച്ചെടുക്കണം. ടയര്‍ മാറ്റുന്നത്, എന്‍ജിന്‍ ഓയില്‍ പരിശോധിക്കുന്നത്, ടയറിലെ എയര്‍ നോക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രാവീണ്യം നേടണം. കാര്‍ നിങ്ങളോട് സംസാരിക്കുന്ന ഭാഷ പതിയെ എങ്കിലും സ്വായത്തമാക്കണം.

ലൈസന്‍സ്

ഇന്ത്യക്ക് പുറത്ത് ഡ്രൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് സാധുതയുള്ള രാജ്യങ്ങളെ അറിഞ്ഞുവയ്ക്കാം. യുകെ, സ്‌കോട്‌ലന്‍ഡ്, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, യുഎഇ(പരിമിത സമയത്തേക്ക്) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവ് ചെയ്യാനാകും.അതല്ല ദീര്‍ഘമേറിയ വിവിധരാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്റര്‍നാഷ്‌നല്‍ ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കാം.

പൊതുശൗചാലയങ്ങളും ആര്‍ത്തവവും

വൃത്തിയുള്ള ശൗചാലയങ്ങളാണ് സ്ത്രീകള്‍ ദീര്‍ഘദൂരയാത്രകളില്‍ എല്ലായ്‌പ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്‌നം. നല്ല ശൗചായലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ടോയ്‌ലറ്റ് പേപ്പര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ചെറിയ വാട്ടര്‍ ബോട്ടില്‍ എന്നിവ കയ്യില്‍ കരുതുന്നത് നന്നായിരിക്കും. ആര്‍ത്തവത്തെ മെനസ്ട്രല്‍ കപ്പുകളും വേദനസംഹാരികളുമുള്‍പ്പെടെയുള്ളവ കരുതിയും ആര്‍ത്തവത്തെയും മറികടക്കാം. ഇന്ന് ദേശീയപാതകളിലെ റെസ്റ്ററന്റുകള്‍ പാഡ് ഡിസ്‌പോസലിനുള്ള സജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

സഹായം ചോദിക്കാന്‍ മടിക്കേണ്ട

ട്രക്ക് ഡ്രൈവര്‍മാര്‍, ധാബവാല, പ്രാദേശ കടയുടമകള്‍ എന്നിവരോട് സംശയങ്ങളും സഹായങ്ങളും ചോദിക്കുന്നതിനും മടിക്കരുത്.

തനിച്ചുള്ള റോഡ് ട്രിപ്പുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നുള്ള കാഴ്ചപ്പാടുകളുടെ കാലമെല്ലാം കഴിഞ്ഞു. മുന്നില്‍ കാണുന്ന പ്രതിസന്ധികളല്ല ഇറങ്ങിത്തിരിക്കാനുള്ള മാനസികനിലയാണ് പ്രധാനം.

Content Highlights: Things Indian Women Might Not Know About Road Trips

dot image
To advertise here,contact us
dot image