വിമാനയാത്രയ്ക്കിടെ ഒരാള്‍ മരിച്ചാല്‍ എന്തുചെയ്യും? പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയാം

ഒരു യാത്രക്കാരന്‍ വിമാന യാത്രയ്ക്കിടെ മരിച്ചാല്‍ എന്തുചെയ്യും?

dot image

താനും ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായെന്ന പരാതിയുമായി ഓസ്ട്രേലിയന്‍ ദമ്പതികള്‍ രംഗത്തെത്തിയത്. യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ച സ്ത്രീയുടെ മൃതദേഹം ദമ്പതികള്‍ ഇരുന്ന സീറ്റിന് അടുത്ത സീറ്റില്‍ കിടത്തുകയായിരുന്നു. കുഴഞ്ഞുവീണ സ്ത്രീയെ രക്ഷിക്കാന്‍ കാബിന്‍ ക്രൂ അംഗങ്ങളുള്‍പ്പടെ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ ഇരുന്ന സീറ്റിനടുത്ത് കിടത്തുകയായിരുന്നു. സീറ്റ് മാറ്റി തരണണെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ലെന്നും പരാതിയുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു യാത്രക്കാരന്‍ വിമാന യാത്രയ്ക്കിടെ മരിച്ചാല്‍ എന്താണ് ചെയ്യേണ്ടത്? ഇതിന് ചില പ്രോട്ടോക്കോളുകളുണ്ട്.

ഓസ്ട്രേലിയന്‍ ദമ്പതികള്‍ പങ്കുവെച്ച ചിത്രം
ഓസ്ട്രേലിയന്‍ ദമ്പതികള്‍ പങ്കുവെച്ച ചിത്രം

വിമാനയാത്രക്കിടെ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ പ്രസിദ്ധീകരിച്ച 2021ലെ ഒരു പഠനമനുസരിച്ച്, ഒരു വര്‍ഷത്തില്‍ ഓരോ ദശലക്ഷം യാത്രക്കാരില്‍ 18.2 ശതമാനം പേര്‍ക്ക് മാത്രമാണ് യാത്രക്കിടെ അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്. മരണനിരക്ക് ഒരു ദശലക്ഷത്തിന് 0.21 ശതമാനം മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വിമാനത്തിനുള്ളില്‍ യാത്രക്കിടെ ഒരു മരണം സംഭവിക്കുകയെന്നതും ഇത് കൈകാര്യം ചെയ്യുകയെന്നതും വളരെ സമ്മര്‍ദ്ദകരമാണെന്നാണ് മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജെയ് റോബര്‍ട്ട് ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞത്. '35,000 അടി ഉയരത്തില്‍ വിമാനത്തില്‍ ഒരു മരണം എന്നത് വിമാനജീവനക്കാരെയും സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യമാണ്. ഒരു മെഡിക്കല്‍ എമര്‍ജന്‍സി മരണത്തില്‍ അവസാനിക്കുന്നത് യാത്രക്കാര്‍ക്കും ആഘാതകരമായ അനുഭവം തന്നെയായിരിക്കും. ദീര്‍ഘദൂര യാത്രകളില്‍ ഉള്‍പ്പടെ പലപ്പോഴും വിമാനം വഴിതിരിച്ചു വിടുന്നതോ തിരിച്ചിറക്കുന്നതോ സാധ്യമാകണമെന്നില്ല. കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ യാത്രക്കാര്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകളോളം മൃതദേഹത്തോടൊപ്പം ഇരിക്കേണ്ടിവരും', റോബര്‍ട്ട് പറഞ്ഞു.

വിമാനത്തിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ ഒവിവാക്കാന്‍ നിരവധി സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് വിമാനക്കമ്പനികള്‍ അവരുടെ അടിയന്തര മെഡിക്കല്‍ നടപടിക്രമങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ഓരോ എയര്‍ലൈനുകളിലും പ്രോട്ടോക്കോളുകളില്‍ വ്യത്യാസമുണ്ടാകും. അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം അടക്കം വിമാന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കും. അത്യാവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്ന് ഉപദേശം തേടാനും സാധിക്കും.

എല്ലാ കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സിപിആര്‍ പരിശീലനം ലഭിച്ചിരിക്കും. മാത്രമല്ല, ഡീഫിബ്രില്ലേറ്ററുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വിമാനത്തില്‍ ഉണ്ടാകും. മെഡിക്കല്‍ എമര്‍ജന്‍സിയുണ്ടായാല്‍ വിമാനത്തിന്റെ പൈലറ്റാകും ഓപ്പറേഷന്‍ സെന്ററുമായി ബന്ധപ്പെട്ട്, യാത്ര തുടരണോ വഴിതിരിച്ചുവിടണോ, തിരിച്ചിറക്കണോ എന്നൊക്കെ തീരുമാനിക്കുക.

യാത്രക്കിടെ ഒരാള്‍ മരിച്ചാല്‍, വിമാനം തിരിച്ചിറക്കാന്‍ സാധിക്കുന്ന സാഹചര്യമല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ കാത്തിരിക്കുമെന്നാണ് മുന്‍ എയര്‍ഹോസ്റ്റസായ ഷീന്‍ മേരി പറയുന്നത്. സാധിക്കുമെങ്കില്‍ യാത്രക്കാരാരും ഇല്ലാത്ത സീറ്റുകളിലേക്ക് അവരെ മാറ്റി കിടത്തും. വിമാനത്തിലുള്ള മറ്റ് യാത്രക്കാരെ ഇക്കാര്യം അറിയിക്കില്ല. മെഡിക്കല്‍ സംഘം വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കും മുമ്പ് ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.

ദൈര്‍ഘ്യമേറിയ ഒരു യാത്രക്കിടെയാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാകുന്നതെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെ, 'മൃതദേഹം എല്ലാ ആദരവോടെയും സൂക്ഷിക്കുകയാണ് ചെയ്യുക. ഞങ്ങളുടെ മെഡിക്കല്‍ കിറ്റില്‍ ഒരു ബോഡി ബാഗ് ഉണ്ടാകും. പറ്റുമെങ്കില്‍ മൃതദേഹം ഇതില്‍ പൊതിഞ്ഞ് സൂക്ഷിക്കും. എന്നാല്‍ തലയ്ക്ക് മുകളിലേക്ക് തുറന്നിടും. കാരണം ഒരു ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്ക് മാത്രമേ അത് അടയ്ക്കാന്‍ അവകാശമുള്ളൂ', ഷീന്‍ മേരി പറഞ്ഞു.

Content Highlights: What happens when a passenger dies on a flight? Cabin crew reveal protocol

dot image
To advertise here,contact us
dot image