
നിറങ്ങളുടെ ഉത്സവമാണ് ഹോളി. വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഇത്തവണ ഹോളി കളർഫുള്ളായി ആഘോഷിക്കണോ? ഈ നഗരങ്ങൾ സന്ദർശിക്കാം
ഉത്തർപ്രദേശിലെ മധുര & വൃന്ദാവൻ
കൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശേഷിപ്പിക്കപ്പെടുന്ന വൃന്ദാവനത്തിലെ ഹോളി ആഘോഷങ്ങൾ പ്രശസ്തമാണ്.
ഉത്തർപ്രദേശിലെ ബർസാന
രാധയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന ബർസാനയിലും ഹോളി ആഘോഷം പ്രമാദമാണ്. ബർസാനയിലെ ഹോളി ആഘോഷം ഒമ്പത് ദിവസം നീണ്ടുനിൽക്കും.
രാജസ്ഥാനിലെ ജയ്പൂർ
നിറപകിട്ടേറിയതാണ് ജയ്പൂരിലെ ഹോളി ആഘോഷങ്ങൾ. ജയ്പൂർ നഗരത്തിലെ രാജകുടുംബങ്ങളും ഹോളി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ഉദയ്പൂർ, രാജസ്ഥാൻ
ഉദയ്പൂരിൽ ഹോളി ആസ്വദിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സിറ്റി പാലസിലെ രാജകീയ ഹോളി പരിപാടിയിൽ പങ്കെടുക്കുക എന്നതാണ്. മേവാർ രാജകുടുംബമാണ് ഇവിടെ ഹോളി ഉത്സവം സംഘടിപ്പിക്കുന്നത്. അലങ്കരിച്ച ആനകളും കുതിരകളും നാടോടി നർത്തകരുമെല്ലാമായി കളർഫുളാണ് ഇവിടുത്തെ ഹോളി.
ഡൽഹി
ഡൽഹിയിലെ പല തെരുവുകളിലും എല്ലാ വർഷവും വലിയ ഹോളി ആഘോഷങ്ങൾ നടക്കുന്നു. ആവേശകരവുമായ ഹോളി ഇവൻ്റുകളും മ്യൂസിക് ഫെസ്റ്റിവലുകളും സംഘടിപ്പിക്കപ്പെടാറുണ്ട്.
ശാന്തിനികേതൻ, വെസ്റ്റ് ബംഗാൾ
വസന്തത്തിൻ്റെ വരവ് ആഘോഷിക്കുന്നതിനായി പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ നടക്കുന്ന ഒരു വാർഷിക പരിപാടിയാണ് വസന്തോത്സവം. വിശ്വഭാരതി സർവകലാശാല സ്ഥിതി ചെയ്യുന്ന ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങൾ ബസന്ത് ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. നാടൻ പാട്ടുകൾ, കൾച്ചറൽ പെർഫോമൻസുകൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.
ഹംപി, കർണാടക
സൗത്ത് ഇന്ത്യൻ രീതിയിലുള്ള ഹോളി ആഘോങ്ങൾ ഇവിടെ കാണാം. ഹോളിയുടെ തലേന്ന് രാത്രി ഹോളിക ദഹനോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഹംപിയിലെ ഹോളി നിറക്കൂട്ടുകൾ വിതറുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഹംപിയുടെ സമീപ പട്ടണമായ കമലാപൂരിൽ നടക്കുന്ന കാമന ഹബ്ബ ഉത്സവവും ഹോളിയുടെ ഭാഗമാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, നൃത്തംചെയ്യുന്ന നിരവധിയാളുകളെ ഇവിടെ കാണാം.
ഭക്ഷണങ്ങള്‍
മധുരപലഹാരങ്ങൾ മുതൽ രുചികരമായ ലഘുഭക്ഷണങ്ങൾ വരെ, ഹോളി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ നാവിൽ വെള്ളമൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങളുണ്ട്. ഈ വിഭവങ്ങൾ രുചികരം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നു. ഈ ഉത്സവ നാളുകളിൽ ആസ്വദിക്കാൻ പറ്റിയ ഏഴ് പരമ്പരാഗത ഹോളി ഭക്ഷണങ്ങൾ അറിയാം.
ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ. പാനിയമാണ് താൻണ്ടൈ. എല്ലാ വീടുകളിലും വീട്ടമ്മമാർ ഗുജിയയും താൻണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു.
ഗുജിയ
ജനപ്രിയ ഉത്തരേന്ത്യൻ മധുരപലഹാരമാണ് ഗുജിയ. ഇത് മധുരമുള്ള ഖോയ (പാൽ കുറുക്കിയത്), അരച്ച തേങ്ങ, ഡ്രൈ ഫ്രൂട്സ് എന്നിവയുടെ മിശ്രിതം കൊണ്ട് നിറയ്ക്കുകയും സ്വർണ തവിട്ട് നിറമാകുന്നത് വരെ വറുത്തെടുക്കുകയും ചെയ്യുന്നു. മുകളിൽ പഞ്ചസാര പൊടിച്ചത് വിതറുക( ഓപ്ഷനലാണ്).
തണ്ടൈ
ഹോളിയുടെ പര്യായമായ ഉന്മേഷദായകമായ പാനീയമാണ് തണ്ടൈ. പാൽ, പഞ്ചസാര, ഏലക്ക, പെരുംജീരകം, കുരുമുളക് എന്നിവയുൾപ്പെടെ വിവിധതരം സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമാണിത്. തണ്ടൈ പലപ്പോഴും റോസാദളങ്ങളും ബദാമും കൊണ്ട് അലങ്കരിക്കും. തണുപ്പിച്ചാണ് വിളമ്പുക.
ദഹി വട (ദഹി ഭല്ല)
വടകൾ തൈരിൽ കുതിർത്ത് തയ്യാറാക്കുന്ന വിഭവമാണിത്. അതിന് മുകളിൽ എരിവും മസാലയും ഉള്ള ചട്ണി ചേർത്തോരുക്കുന്ന ജനപ്രിയ ഹോളി ലഘുഭക്ഷണമാണ് ദഹി വട അല്ലെങ്കിൽ ദഹി ഭല്ല. മധുരം, പുളി, മസാലകൾ എന്നിവയുടെ മികച്ച മിശ്രിതമാണ്.
പുരൻ ബോളി
ഗോതമ്പ് മാവിന്റെ ഉള്ളിൽ ശർക്കരയും പയറും ചേർത്ത മിശ്രിതം നിറച്ച് ഉണ്ടാക്കുന്ന മധുരമമുള്ള വിഭവമാണ് പുരൻ പോളി. കേരളത്തിൽ ഇത് ബോളി എന്നും അറിയപ്പെടും. നെയ്യിനൊപ്പമാണ് വിളമ്പാറുള്ളത്. ഹോളി സമയത്ത് നിർബന്ധമായും ഉണ്ടായിരിക്കും.
പാപ്ഡി ഛാട്ട്
ഹോളി സമയത്ത് സാധാരണയായി കഴിക്കുന്ന ജനപ്രിയ തെരുവ് ഭക്ഷണമാണ് പാപ്ഡി ഛാട്ട്. പപ്പടം പോലെ വറുത്തെടുക്കുന്ന പാപ്ഡി ഛാട്ടിന് മുകളിൽ വേവിച്ച ഉരുളക്കിഴങ്ങ്, ചെറുപയർ, തൈര്, പുളി ചട്നി എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. എരിവും പുളിയും മധുരവും പാക്തതിന് ചേർന്നൊരു രസികൻ ചാട്ട് മസാലയാണിത്.
മാൽപുവ
ജനപ്രിയ ഹോളി മധുരപലഹാരമാണ് മാൽപുവ. മൈദ മാവ് ഉപയോഗിച്ചാണ് രുചികരമായ മാൽപുവ തയ്യാറാക്കുന്നത്. മാൽപുവ പലപ്പോഴും പ്രധാന മധുരപലഹാരമായി കണക്കാക്കി മിക്ക ആഘോഷ വേളകളിലും ഉപയോഗിക്കാറുണ്ട്.
കച്ചോരി
കച്ചോരി, മസാലകൾ ചേർത്ത പയർ, ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കടല എന്നിവ കൊണ്ട് നിറച്ച രുചികരമായ വിഭവമാണ്. ഇത് പലപ്പോഴും ചട്ണിക്കൊപ്പമാണ് വിളമ്പുന്നത്. ഹോളി സമയത്തെ ലഘുഭക്ഷണമാണ്.
Content Highlights: Holi 2025 7 best places in india to witness the festival of colour