ലാന്‍ഡിങിനിടെ വിമാനത്തില്‍ തീ, ചിറകിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ച് യാത്രക്കാര്‍; വീഡിയോ

ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

dot image

അമേരിക്കയില്‍ ലാന്‍ഡിങിനിടെ വിമാനത്തിന് തീപിടിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കൊളറാഡോ സ്പ്രിങ്‌സില്‍ നിന്ന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം, ഡെന്‍വറിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിച്ചതെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

തീപിടിച്ച വിമാനത്തിന്റെയും വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം പുകയാല്‍ നിറയുന്നതും വിമാനത്തിന്റെ ചിറകിലൂടെ യാത്രക്കാരെ പുറത്തിറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ലാന്‍ഡ് ചെയ്ത ശേഷം ഗേറ്റിലേക്ക് പോകുന്നതിനിടെ എഞ്ചിന്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുകയായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും പുറത്തിറക്കിയതായും എയര്‍ലൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlights: Plane Catches Fire At US Airport, Video Shows Passengers On Wing

dot image
To advertise here,contact us
dot image