ഇനി വില 'തോന്നിയതുപോലെ' അല്ല, കീശയും കീറില്ല; ഭക്ഷണത്തിൻ്റെ വില പ്രദർശിപ്പിക്കുമെന്ന് റെയിൽവെ മന്ത്രി

ഭക്ഷണം കൃത്യമായി വരുന്നുണ്ടാകുമെങ്കിലും പലരും പല വിലയാണ് ഈടാക്കുന്നത് എന്ന പരാതി റെയിൽവെയ്ക്ക് ലഭിക്കാറുണ്ട്

dot image

ദീർഘദൂര യാത്രകൾക്ക് തീവണ്ടികൾ തിരഞ്ഞെടുക്കുന്നവരാകും നമ്മളെല്ലാവരും. കിടന്നുപോകാം എന്നുള്ളതും യാത്രാസുഖവും എല്ലാമായിരിക്കും അതിനുള്ള കാരണങ്ങൾ. ഫ്‌ളൈറ്റ് നിരക്കുകൾ താങ്ങാൻ പറ്റാതെ തീവണ്ടികൾ തിരഞ്ഞെടുക്കുന്നവരുമുണ്ടാകും. ഇവരെല്ലാം യാത്ര ചെയുമ്പോൾ നേരിടുന്ന പൊതുവായ ഒരു പ്രശ്‌നമായിരിക്കും ഭക്ഷണത്തെ സംബന്ധിച്ചുള്ളത്. ഭക്ഷണം കൃത്യമായി വരുന്നുണ്ടാകുമെങ്കിലും പലരും പല വിലയാണ് ഈടാക്കുന്നത് എന്ന പരാതി റെയിൽവെയ്ക്ക് ലഭിക്കാറുണ്ട്. ഇതിന് ഒരു പരിഹാരം കാണാനൊരുങ്ങുകയാണ് റെയിൽവെ.

ഇനിമുതൽ ഭക്ഷണത്തിന്റെ വിലവിവരങ്ങൾ എല്ലാ യാത്രക്കാർക്കും ലഭിക്കും വിധമുള്ള നടപടികൾ എടുത്തുകൊണ്ടാണ് റെയിൽവെ ഈ പരാതിയെ പരിഹരിക്കാനൊരുങ്ങുന്നത്. ട്രെയിനിൽ ലഭിക്കുന്ന എല്ലാ ഭക്ഷണ പഥാർത്ഥങ്ങളുടെയും വിലവിവരങ്ങൾ ഇനിമുതൽ ഐആർസിടിസിയുടെ വെബ്‌സൈറ്റിൽ ലഭിക്കും. മാത്രമല്ല, യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് വിലവിവരങ്ങളടങ്ങിയ മെനു കാർഡ് കയ്യിൽ ലഭിക്കുകയും ചെയ്യും.

റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരാണ് മികച്ച ഭക്ഷണം ന്യായമായ വിലയ്ക്ക് ലഭിക്കാൻ അർഹതയുണ്ടെന്ന് പറഞ്ഞ മന്ത്രി ഭക്ഷണത്തിന്റെ വൃത്തിയും ഗുണനിലവാരവും ഉറപ്പാക്കാൻ റെയിൽവെ അംഗീകരിച്ച അടുക്കളകളിൽ നിന്നുള്ള ഭക്ഷണം മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്നും, കൂടുതൽ അടുക്കളകൾ തുറക്കുകയും, ഉള്ളവയിൽ സിസിടിവികൾ സ്ഥാപിക്കുകയും ചെയ്യുമെന്നും പറഞ്ഞു.

ട്രെയിനുകളിൽ ഐആർസിടിസി സൂപ്പർവൈസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും, ഭക്ഷണം ഉണ്ടാക്കിയ സ്ഥലം, പൊതിഞ്ഞ ദിവസം എന്നിവയെല്ലാം അറിയാനായി ഭക്ഷണ പാക്കറ്റുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാൻട്രി കാറുകളുടെ വൃത്തി ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടയ്ക്കിടെയുള്ള ഡീപ് ക്‌ളീനിംഗ്, പാറ്റ ശല്യം ഒഴിവാക്കാനുള്ള ക്‌ളീനിംഗ് എന്നിവ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ സെർറ്റിഫിക്കേഷനും, ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി ഇടയ്ക്കിടെയുള്ള പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Fares of food at trains to be exhibited

dot image
To advertise here,contact us
dot image