
വിമാനയാത്രക്കാരുടെ എന്നുമുള്ള പരാതിയാണ് എയര്‍ലൈനുകള്‍ ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന രീതി. യാതൊരു ശ്രദ്ധയുമില്ലാതെ ലഗേജുകള്‍ എടുത്തെറിയുന്നതും വിമാനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനുമിടയില്‍ വീഴുന്നതുമുള്‍പ്പെടെ യാത്രക്കാരുടെ പരാതികളെ സാധൂകരിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങളും നാം കണ്ടിട്ടുണ്ട്. യാത്രക്കിടെ ലഗേജ് നഷ്ടപ്പെടുന്നവരും നിരവധി. എന്നാല്‍ ഇപ്പോള്‍ വളരെ കരുതലോടെ യാത്രക്കാരുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന വിമാനത്താവള ജീവനക്കാരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പലരും അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് വീഡിയോ കണ്ടതെന്നുമാത്രമല്ല, ജീവനക്കാരെ അഭിനന്ദിക്കാനും മറന്നില്ല.
ടോക്കിയോ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ലഗേജുമായെത്തിയ വാഹനത്തില്‍ നിന്ന് വളരെ ശ്രദ്ധയോടെ ലഗേജുകള്‍ എടുത്തുവയ്ക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. മനുഷ്യരുടെ തോളില്‍ തട്ടുന്നതുപോലെ പെട്ടികളിലും സൗമ്യമായി തട്ടി യാത്രയാക്കുന്നതും വീഡിയോയില്‍ കാണാം.
ജപ്പാനില്‍ ഇങ്ങനെയെല്ലാം സംഭവിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ജപ്പാനില്‍ എല്ലായ്‌പ്പോഴും ലഗേജുകള്‍ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുകയെന്നും അവരുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്നതിനൊപ്പം ഉള്‍ക്കൊള്ളാനും എല്ലാവരും ശ്രമിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിമാനം പറന്നുയരുമ്പോള്‍ ശിരസുകുനിക്കുന്നവരാണ് ജപ്പാന്‍കാരെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
'ഇതെന്തായാലും യുണൈറ്റഡ് സ്റ്റേറ്റല്ല, 'ജപ്പാനില്‍ മാത്രം', 'മറ്റുള്ളവരെയും അവരുടെ വസ്തുവകകളെയും ബഹുമാനിക്കാന്‍ ജപ്പാന്‍കാരെ കണ്ടുപഠിക്കണം.' തുടങ്ങി ജപ്പാനെ വാനോളം പ്രശംസിച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ.
Content Highlights: How to handle Luggage, World should learn from Japan