മുംബൈയിൽ നിന്ന് കേരളത്തിന്റെ തൊട്ടടുത്തേക്ക് 12 മണിക്കൂർ മതി ! 'പറപറക്കും' വന്ദേഭാരതുമായി റെയിൽവേ

മുംബൈ മലയാളികൾക്ക് ഉപകാരപ്രദമായേക്കാവുന്ന പുതിയ ഒരു വന്ദേഭാരത് സർവീസ് റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

dot image

മുംബൈ മലയാളികൾക്ക് ഉപകാരപ്രദമായേക്കാവുന്ന പുതിയ ഒരു വന്ദേഭാരത് സർവീസ് റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ നിലവിൽ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. സര്‍വീസ് വരികയാണെങ്കില്‍ 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.

നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും. നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.അവധിക്കാലത്തും മറ്റും പ്രധാന ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.

നിലവിൽ മേല്പറഞ്ഞ രണ്ട് സർവീസുകളും വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഇരു ട്രെയിനുകളിലുമായി ശരാശരി 70 ശതമാനം മാത്രമാണ് യാത്രക്കാർ ഉള്ളത്. നേരത്തെ 90 ശതമാനം ഉള്ളിടത്തായിരുന്നു ഇത്രയും കുറവ് സംഭവിച്ചത്. ഇതിൽ മംഗലാപുരം - മഡ്ഗാവ് വന്ദേഭാരതിൽ എട്ട് കോച്ചുകൾ മാത്രമേ ഉള്ളൂവെങ്കിലും, കാലിയായിട്ടാണ് യാത്ര. വെറും 40% യാത്രക്കാർ മാത്രമാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.

നേരത്തെ മംഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കർണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദം മൂലം ആ തീരുമാനം റെയിൽവേ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ റെയിൽവേ അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ല. അതിനാൽത്തന്നെ ഒന്നല്ലെങ്കിൽ മുംബൈ മംഗലാപുരം വന്ദേഭാരത് പ്രഖ്യാപിക്കാനോ, അല്ലെങ്കിൽ ഇരു വന്ദേഭാരതുകളുടെയും സർവീസുകൾ നിർത്താനോ ആകും റെയിൽവേ ആലോചിക്കുക.

dot image
To advertise here,contact us
dot image