
ഒരു യാത്രക്ക് നമ്മള്‍ ഫ്‌ലൈറ്റ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ വിമാനത്താവളത്തില്‍ എത്തേണ്ടതുണ്ട്. ചെക്ക്-ഇന്‍ പ്രക്രിയ, സുരക്ഷാ പരിശോധനകള്‍, നീണ്ട ക്യൂ തുടങ്ങിയവയൊക്കെ കൊണ്ടാണ് എല്ലാവരും ഇങ്ങനൊരു സിസ്റ്റം പിന്തുടരുന്നത്. ആഭ്യന്തര വിമാനയാത്രയ്ക്ക് 2-3 മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് 3-4 മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദേശം. ഈ ആശയത്തിന് നേര്‍വിപരീതമായ ഒരു പുതിയ യാത്രാ പ്രവണത ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെ എയര്‍പോര്‍ട്ട് തിയറി എന്ന് വിളിക്കുന്നു.
എന്താണ് എയര്‍പോര്‍ട്ട് തിയറി?
എയര്‍പോര്‍ട്ട് തിയറി എന്നത് വിമാനത്തില്‍ കയറുന്നതിന് 15-20 മിനിറ്റ് മുമ്പ് വിമാനത്താവളത്തില്‍ എത്തുന്നതാണ് . ചിലര്‍ ഇതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അത് എന്‍ജോയ് ചെയ്യും. മറ്റു ചിലര്‍ക്ക് ഈ സിദ്ധാന്ത പ്രയോഗത്തിലൂടെ പണി കിട്ടും.
' എയര്‍പോര്‍ട്ട് തിയറി' പിന്തുടരാനുള്ള കാരണം
സമയം അധികം പാഴാക്കണ്ട, മണിക്കൂറുകളോളം ഒന്നും ചെയ്യാതെ വിമാനത്താവളത്തില്‍ ഇരിക്കേണ്ട ആവശ്യമില്ല. നീണ്ട കാത്തിരിപ്പ് ഒഴിവാക്കി നേരെ വിമാനത്തിലേക്ക് കയറാം.
വിശ്രമിക്കാന്‍ അധികം സമയം ലഭിക്കും
അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരില്ല. ശരിയായ ഭക്ഷണം കഴിക്കാം, കുറച്ചു നേരം കൂടി ഉറങ്ങാം, അല്ലെങ്കില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാം.
പണം ലാഭിക്കുന്നു
വിമാനത്താവളത്തില്‍ എല്ലാത്തിനും പൊള്ളുന്ന വിലയായിരിക്കും അത് ഭക്ഷണമായാലും, കാപ്പിയായാലും, ഷോപ്പിംഗായാലും. വിമാനത്താവളത്തില്‍ നിങ്ങള്‍ കുറച്ച് സമയം ചെലവഴിക്കുന്തോറും, വിലകൂടിയ ലഘുഭക്ഷണങ്ങള്‍ക്കോ സുവനീറുകള്‍ക്കോ വേണ്ടി പണം ചെലവഴിക്കാനുള്ള സാധ്യത കുറയും.
' എയര്‍പോര്‍ട്ട് തിയറി' കൊണ്ടുള്ള ദോഷങ്ങള്‍
നിങ്ങളുടെ ഫ്‌ലൈറ്റ് നഷ്ടപ്പെടാനുള്ള ഉയര്‍ന്ന സാധ്യത അപ്രതീക്ഷിതമായ ഗതാഗതക്കുരുക്ക്, മന്ദഗതിയിലുള്ള ചെക്ക്-ഇന്‍ ലൈന്‍, അല്ലെങ്കില്‍ കര്‍ശനമായ സുരക്ഷ എന്നിവ കൊണ്ട് നിങ്ങളുടെ വിമാന യാത്ര മുടങ്ങാനുള്ള സാധ്യത ഏറെയാണ്.
തിരക്കു പിടിച്ചുള്ള ഓട്ടം ഒഴിവാക്കാം
പാസ്പോര്‍ട്ട് മറന്നുപോയോ ലഗേജ് അമിതഭാരമോ തുടങ്ങിയ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ സമയക്കുറവുണ്ടെങ്കില്‍ പെട്ടെന്ന് അതിനുള്ള പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല.
വിമാനയാത്രയ്ക്ക് മുമ്പുള്ള എന്‍ജോയ്‌മെന്റ് ഉണ്ടാകില്ല
പല യാത്രക്കാരും വിമാനത്താവള ലോഞ്ചുകള്‍ ആസ്വദിക്കാറുണ്ട്. ലഘുഭക്ഷണം കഴിക്കുന്നു, ഷോപ്പിംഗ് നടത്തുന്നു. ഇതൊക്കെ അവസാന നിമിഷം തിരക്കിട്ട് പോകുമ്പോള്‍ സാധിക്കില്ല.
എല്ലാവര്‍ക്കും അനുയോജ്യമല്ല.
നിങ്ങള്‍ കുട്ടികളുമായോ, പ്രായമായ കുടുംബാംഗങ്ങളുമായോ, അല്ലെങ്കില്‍ ധാരാളം ലഗേജുകളുമായോ യാത്ര ചെയ്യുകയാണെങ്കില്‍ വിമാനത്താവളത്തിലൂടെ പെട്ടെന്ന് പോകുന്നത് എളുപ്പമല്ല. പരിചയമില്ലാത്ത വിമാനത്താവളം കൂടിയാണെങ്കില്‍ പണി കിട്ടും.
എയര്‍പോര്‍ട്ട് തിയറി രസകരമായ ഒരു ആശയമാണ്, പക്ഷേ അത് എല്ലാവര്‍ക്കും അനുയോജ്യമല്ല. നിങ്ങള്‍ക്ക് ഒരു ത്രില്‍ ഇഷ്ടമാണെങ്കില്‍, റിസ്‌ക് എടുക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ സുഗമവും സമ്മര്‍ദരഹിതവുമായ യാത്രയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍, പരമ്പരാഗതമായ നിയമം പാലിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.
Content Highlights: Airport Theory Explained