
നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത്, അവിടങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന വ്ലോഗർമാർ ഒരുപാട് പേരുണ്ട്. ഇൻസ്റ്റാഗ്രാമിലും മറ്റും വലിയ ഫോളോവേഴ്‌സ് ആകും ഇവർക്കുണ്ടാകുക. ഒരുപാട് അനുഭവങ്ങളും ഇവർക്ക് പറയാനുണ്ടാകും. അത്തരത്തിലൊരു യാത്രികനാണ് നോളൻ സൗമൂർ. ഒരു വ്ലോഗർ ചോദിച്ച ഒരു ചോദ്യത്തിന് നോളൻ പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്.
നമോർ എന്ന കണ്ടന്റ് ക്രിയേറ്റർ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയാണോ പാകിസ്താനാണോ ആതിഥേയത്വത്തിൽ മികച്ചത് എന്ന് നമോർ ചോദിക്കുമ്പോൾ നോളൻ ഉത്തരം നല്‍കിയത് പാകിസ്താൻ എന്നാണ്. പാക് പൗരന്മാർ തന്നോട് സ്നേഹത്തോടെയാണ് എല്ലായ്പ്പോഴും പെരുമാറിയിട്ടുള്ളതെന്നും അവര്‍ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം വാഗ്ദാനം ചെയ്യാറുമുണ്ടെന്നും നോളന്‍ പറയുന്നു. ഇന്ത്യക്കാരാകട്ടെ ഒരു 'നടക്കുന്ന എടിഎം' ആയി മാത്രമാണ് തന്നെ കാണാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ തിരികൊളുത്തിയത്. ഇന്ത്യയിലെയും പാകിസ്താനിലെയും പൗരന്മാർ ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. പാകിസ്താൻ ആണ് മികച്ചത് എന്ന മറുപടി അത്ഭുതപ്പെടുത്തുന്നു എന്നും നോളൻ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാമെന്നുമാണ് ചിലരുടെ പ്രതികരണം. വളരെ കുറച്ച് ഇന്ത്യൻ പൗരർ ടൂറിസ്റ്റുകളിൽ നിന്ന് അധിക പണം ഈടാക്കുന്ന ചില കച്ചവടക്കാരുടെ പ്രവണതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്.
Content Highlights: India or pakistan best on hospitality? internet divided on the answer