പുതിയ പാമ്പന്‍ പാലം നാളെ തുറക്കും; രാമേശ്വരത്ത് കണ്ടിരിക്കേണ്ട 5 സ്ഥലങ്ങള്‍

രാമേശ്വരം ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പന്‍ പാലം ഏപ്രില്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

dot image

റെ നാളത്തെ കാത്തിരിപ്പിനുശേഷം രാമേശ്വരം ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പന്‍ പാലം ഏപ്രില്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലമാണ് പുതിയ പാമ്പന്‍ പാലം. 2.2 കിലോമീറ്റര്‍ നീളമുളള പാലം വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും യാത്രാവസരങ്ങള്‍ നല്‍കുകയും അതുവഴി മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ തുറക്കുന്നതിനുമായി ഒരുങ്ങിക്കഴിഞ്ഞു. പുതിയ പാമ്പന്‍ പാലം ഉദ്ഘാടനത്തിനായി ഒരുങ്ങുമ്പോള്‍ രാമേശ്വരത്ത് കാണേണ്ട 5 സ്ഥലങ്ങളിതാ…

രാമനാഥസ്വാമി ക്ഷേത്രം
ഇന്ത്യയിലെ ഹിന്ദുമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് രാമനാഥസ്വാമി ക്ഷേത്രം. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗംഭീരമായ വാസ്തുവിദ്യയാലും ഇന്ത്യയിലെ ഏറ്റവും നീളമുളള ക്ഷേത്ര ഇടനാഴിയാലും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുളളില്‍ 22 കിണറുകളുണ്ട്. ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ രാമന്‍ രാവണനുമായുളള യുദ്ധത്തില്‍ ചെയ്‌തേക്കാവുന്ന പാപങ്ങള്‍ക്ക് മോക്ഷം ലഭിക്കാനായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതീഹ്യം.

പുതിയ പാമ്പന്‍ പാലം


രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമാണ് പുതിയ പാമ്പന്‍ പാലം. ഈ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് വേണ്ടിവരിക. ഇവിടെനിന്ന് നോക്കിയാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മനോഹരമായ കാഴ്ച്ചകള്‍ കാണാനാകും. കടലിന് നടുവിലൂടെ ട്രെയിന്‍ പോകുന്ന കാഴ്ച്ചയും ഇവിടെനിന്ന് കാണാനാകും.

ധനുഷ്‌കോടി ബീച്ച്
രാമേശ്വരത്തിന്റെ തെക്കുകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ധനുഷ്‌കോടി 1964-ലെ ചുഴലിക്കാറ്റില്‍ നശിച്ച ഒരു പ്രേതനഗരമാണ്. പഴയ പളളികളുടെയും റെയില്‍വേ സ്റ്റേഷന്റെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാനാകും. ശ്രീരാമന്‍ സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് പോകാനായി നിര്‍മ്മിച്ച പാലത്തിന്റെ ആരംഭം ഇവിടെനിന്നുമായിരുന്നു എന്നാണ് ഐതീഹ്യം. രാമസേതു വ്യൂ പോയിന്റാണ് ധനുഷ്‌കോടി ബീച്ചിന്റെ പ്രധാന ആകര്‍ഷണം.

അബ്ദുള്‍ കലാം മെമ്മോറിയല്‍
ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മനാടാണ് രാമേശ്വരം. ഇവിടെയെത്തിയാല്‍ പേയ് കരുമ്പുവിലുളള അബ്ദുള്‍ കലാം സ്മാരകം സന്ദര്‍ശിക്കാം. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ഫോട്ടോകള്‍, അദ്ദേഹം പ്രവര്‍ത്തിച്ച മിസൈലുകളുടെയും റോക്കറ്റുകളുടെയും മോഡലുകള്‍ തുടങ്ങിയവ സ്മാരകത്തിലെത്തിയാല്‍ കാണാനാകും.

അഗ്നിതീര്‍ത്ഥം
രാമേശ്വരത്തുളള തീര്‍ത്ഥക്കുളങ്ങളില്‍ ഒന്നാണ് അഗ്നിതീര്‍ത്ഥം ബീച്ച്. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ ബീച്ചുളളത്. ക്ഷേത്രത്തിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ പുണ്യസ്‌നാനം ചെയ്യുന്നത് ഇവിടെയാണ്. അഗ്നിതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുന്നത് പാപങ്ങള്‍ കഴുകിക്കളയുമെന്നും ആത്മാവിനെ ശുദ്ധീകരിക്കുമെന്നുമാണ് വിശ്വാസം. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇവിടെ സ്‌നാനം ചെയ്ത് ക്ഷേത്രദര്‍ശനം നടത്തുന്നത് ഗുണംചെയ്യുമെന്നും തീര്‍ത്ഥാടകര്‍ക്കിടയില്‍ വിശ്വാസമുണ്ട്.

Content Highlights: 5 places to visit in Rameshwaram as new pamban bridge is set to open

dot image
To advertise here,contact us
dot image