
ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നല്‍കി. സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ ഇരുവരുടെയും ഒരുമിച്ചുളള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. പാസ്‌പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂര്‍ണ്ണമായ പേരുകള്‍, വിലാസം, വൈവാഹിക നില, ആധാര്‍ നമ്പറുകള്‍, തീയതി, സ്ഥലം, ഒപ്പുകള്‍ എന്നിവയെല്ലാം സത്യവാങ്മൂലത്തില്‍ ഉണ്ടാവണം.
ജീവിത പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാനോ പുതുക്കാനോ ഉളള നിയമങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇതിനുവേണ്ടി വിവാഹമോചന ഉത്തരവ്, പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ പുനര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ജനന തീയതി തെളിയിക്കാനുള്ള ഒരേയൊരു രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നതും പുതിയ നിയമത്തിലെ മാറ്റമാണ്. ഈ തീയതിക്ക് മുന്‍പ് ജനിച്ചവര്‍ക്ക് പാന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ മറ്റ് രേഖകള്‍ ഉപയോഗിക്കാം.
മറ്റൊരു മാറ്റം പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ ഇനി മേല്‍വിലാസം ഉണ്ടാകില്ലെന്നതാണ്. ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇനിമുതല്‍ സ്‌കാന്‍ ചെയ്യാവുന്ന ബാര്‍കോര്‍ഡ് ആയിരിക്കും ഉപയോഗിക്കുക. മാത്രമല്ല വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാന്‍ പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍നിന്നും മാതാപിതാക്കളുടെ പേരുകള്‍ ഒഴിവാക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും തിരിച്ചറിയല്‍ എളുപ്പത്തിലാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളനിറത്തിലും നയതന്ത്രജ്ഞര്‍ക്ക് ചുവപ്പ് നിറത്തിലും സാധാരണ പൗരന്മാര്‍ക്ക് നീല നിറത്തിലും പാസ്‌പോര്‍ട്ട് നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights :Marriage certificate no longer required to add spouse's name in passport