
മുംബൈ - അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമായി ജപ്പാന്‍ ഇന്ത്യയ്ക്ക് ഷിങ്കാസെന്‍ ട്രെയിനുകള്‍ സമ്മാനമായി നല്‍കും. അടുത്ത വര്‍ഷം ആദ്യം ട്രെയിനുകള്‍ കൈമാറുമെന്നാണ് ദി ജപ്പാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. E5, E3 സീരിസ് എന്നീ രണ്ട് ബുളളറ്റ് ട്രെയിനുകളാണ് ഇന്ത്യയ്ക്ക് സമ്മാനമായി നല്‍കുന്നത്. 2027 ല്‍ ബുള്ളറ്റ് ട്രെയിന്‍ റൂട്ട് തുറക്കാനും 2030 തോടെ ട്രാക്കുകളില്‍ ശിങ്കാസെന്‍ E10 സീരിസില്‍പ്പെട്ട ട്രെയിനുകള്‍ ഓടിക്കാനുമാണ് ഇരു രാജ്യങ്ങളുടെയും പദ്ധതി. 2030 കളുടെ തുടക്കത്തില്‍ എത്താന്‍ പോകുന്ന കൂടുതല്‍ നൂതനമായ ഷിങ്കാസെന്‍ മോഡലാണ് E10 സീരീസ്.
ഈസ്റ്റ് ജപ്പാന്‍ റെയില്‍വെ(ജെആര്‍ ഈസ്റ്റ്) വികസിപ്പിച്ചെടുത്ത ഒരു ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിവുണ്ട് ഇവയ്ക്ക്. E5 നെക്കാള്‍ E3 സീരീസ് അല്‍പ്പം പഴക്കമുളളതാണ്. ഇത് പ്രധാനമായും മിനി ഷിങ്കാന്‍സെന്‍ സേവനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
ഓട്ടോമാറ്റിക് ഇന്‍സ്‌പെക്ഷന്‍ സംവിധാനങ്ങളുമായി ട്രെയിനുകളില്‍ മാറ്റം വരുത്തിയാകും ഇന്ത്യയില്‍ എത്തിക്കുക. ഉയര്‍ന്ന താപനിലയും പൊടിയും പോലെയുള്ള പരിസ്ഥിതി ഘടകങ്ങള്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ പഠനമാണ് നിരീക്ഷണ ട്രെയിനുകള്‍ വഴി ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ ആകെ ചെലവ് 1.8 ലക്ഷം കോടിയായിരിക്കും.
ഭാവിയില്‍ കൂടുതല്‍ നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഷിങ്കാസെന്‍ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തില്‍ ജപ്പാന്‍ പങ്കിടുന്നത് ഇത് ആദ്യമല്ല. തായ്‌വാനിലെ അതിവേഗ റെയില്‍ ശ്യംഖലയ്ക്കായി ജപ്പാന്‍ മുമ്പ് ഒരു ഒന്നാം തലമുറ ഷിങ്കന്‍സെന്‍ ട്രെയിന്‍ നല്‍കിയിരുന്നു.
Content Highlights :Japan to gift Shinkansen trains to India as part of Mumbai-Ahmedabad Bullet Rail project