മലപ്പുറം: കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര് പിടിയില്‍. 'ഓപ്പറേഷന് ഡി-ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ പൊലീസ് കഞ്ചാവ് പിടികൂടിയത്. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടില്‍ മുഹമ്മദ് ഷാനിഫ്(38), ചോരാംപറ്റ മുഹമ്മദ് റാഷിദ്(31), മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങള്‍(42), തയ്യില്‍ മുഹമ്മദ്(38) എന്നിവരാണ് പിടിയിലായത്.
ലഹരിവില്പനയും ഉപയോഗവും തടയാനും ലഹരിമാഫിയക്കെതിരെ കേരള പൊലീസിന്റെ നടപടികള്‍ ശക്തമാക്കുന്നതിനുമായി ആരംഭിച്ചതാണ് ഓപ്പറേഷന് ഡി ഹണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കാറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.
ആന്ധ്ര, ഒഡീഷ, സംസ്ഥാനങ്ങളില്‍ നിന്ന് ട്രയിന്‍ മാര്‍ഗവും ചരക്ക് ലോറികളില്‍ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരിക്കടത്ത് സംഘങ്ങളെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെയും കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ സി ഐ സുമേഷ് സുധാകരന്, എസ്ഐ ഷിജോ സി തങ്കച്ചന് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ആലിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരിയര്മാരെകുറിച്ചും കഞ്ചാവു കടത്താനുപയോഗിക്കുന്ന വാഹനത്തെകുറിച്ചും സൂചനകള്‍ ലഭിച്ചു. ജില്ലാ അതിര്‍ത്തിയായ തൂത പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ബാഗിനുള്ളിലൊളിപ്പിച്ച് പന്ത്രണ്ട് പായ്ക്കറ്റുകളിലാക്കിയ 13 കിലോഗ്രാം കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. ആലിപ്പറമ്പ്, ബിടാത്തി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് രാത്രിയില്‍ ചെറിയപായ്ക്കറ്റുകളിലാക്കിയ ശേഷമാണ് ചെറുകിട വില്പനനടത്തുന്നവര്ക്ക് കൈമാറുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാനിഫ്, മുഹമ്മദ് റാഷിദ് എന്നിര്‍ എംഡിഎംഎയുമായി നേരത്തെ നാട്ടുകല്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലായിരിക്കെയാണ് വീണ്ടും കഞ്ചാവ് കടത്ത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാം, സിഐ സുമേഷ് സുധാകരന് എന്നിവര്‍ അറിയിച്ചു.