മുസ്ലിം ലീഗും സമസ്തയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കടന്നുപോയത്. എന്നിട്ടും പൊന്നാനിയിലെ ലീഗ് ആധിപത്യത്തിന് ഇളക്കമില്ലെന്ന് മാത്രമല്ല, ഉറച്ച ചുവട് വച്ച് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി വിജയിച്ചുവെന്നത് മുസ്ലിം ലീഗിന് നല്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. സമസ്ത മുസ്ലിം ലീഗ് പടലപ്പിണക്കങ്ങൾ വോട്ടാക്കാനുള്ള ഇടത് ശ്രമം പരാജയപ്പെട്ടതാണ് പൊന്നാനിയിലെ പ്രധാന കാഴ്ച.
ലീഗിന്റെ പൊന്നാപുരം കോട്ടയെന്നും ഉരുക്കുകോട്ടയെന്നുമെല്ലാം വിളിപ്പേരുള്ള, മലയാളിയല്ലാത്ത ബനാത്ത്വാലയെപ്പോലും കോണിയടയാളത്തില് വിജയിപ്പിച്ചുവിട്ട പൊന്നാനിയില് ലീഗിന് ഇത്തവണ അല്പ്പം ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇടതുമുന്നണി ഇറക്കിയത് മുസ്ലിം ലീഗിന്റെ മുന് നേതാവിനെയാണെന്നതും സമസ്തയുടെ ഇടത് ചായ്വും വോട്ട് ചോരുമെന്ന ആശങ്ക ലീഗിന്റെ പാളയത്തിലുണ്ടാക്കി.
ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് മുൻ മുസ്ലിം ലീഗ് നേതാവ് കെ എസ് ഹംസയെ ഇടത് മുന്നണി പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചത്. എന്നാല് പൊന്നാനിയില് ലീഗിന്റെ ചുവട് തെറ്റിക്കാന് ഇടത് മുന്നണിക്ക് ഇപ്പോഴുള്ള ആയുധങ്ങളൊന്നും മതിയാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സമദാനി.
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തര്ക്കത്തിന് പുറമെ, കോണ്ഗ്രസ് നേതാക്കളുടെ തുടര്ച്ചയായ ബിജെപി കൂറുമാറ്റം, അയോധ്യ വിഷയത്തിലെ കോണ്ഗ്രസിന്റെ മൃദുസമീപനം, പൗരത്വ ഭേദഗതി വിഷയത്തെ കോണ്ഗ്രസ് പ്രകടന പത്രികയില് ഉള്പ്പെടുത്താത്തത്, രാഹുല് ഗാന്ധിയുടെ റോഡ്ഷോയില് നിന്ന് ലീഗിന്റെ പതാക മാറ്റി നിര്ത്തിയതടക്കമുള്ള വിഷയങ്ങളും പൊന്നാനിയില് ചര്ച്ചയായിരുന്നു. എന്നാല് ഇടതിന്റെ തന്ത്രങ്ങളൊന്നും പൊന്നാനിയില് വര്ക്കായില്ല. മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയൊരു സമവായത്തിനുമില്ലെന്നത് കൂടിയാണ് പൊന്നാനിയിലെ വോട്ടർമാർ നൽകുന്ന സന്ദേശം.
തുടർച്ചയായി മൂന്ന് തവണ, 2009, 2014, 2019 വർഷങ്ങളിൽ തനിക്കൊപ്പം നിന്ന മണ്ഡലം വിട്ട് ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് കൂടുമാറിയതോടെയാണ് സമദാനി പൊന്നാനിയിലേക്കെത്തുന്നത്. 1962 മുതൽ 1971 വരെ മൂന്ന് തവണമാത്രമാണ് പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുള്ളത്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി എന്നാൽ പിന്നീട് ഇന്നുവരെ ഇടതിനൊപ്പം നിന്നിട്ടില്ല. 1977 മുതൽ മുസ്ലിം ലീഗിനെ മാത്രമാണ് പൊന്നാനി പിന്തുണച്ചത്. ഇത്തവണയും ഇതിൽ മാറ്റം വരുത്താനായിട്ടില്ല.
പൊന്നാനി ലോക്സഭാ മണ്ഡലത്തിന് കീഴില് തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയോജക മണ്ഡലങ്ങളിൽ നാലും ഇടതിനൊപ്പമാണ്. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ എന്നീ നിയോജക മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതിന് പുറമെ രണ്ടാം പിണറായി സര്ക്കാരിന്റെ ഭരണമടക്കമുള്ള അവസരങ്ങളൊന്നും പൊന്നാനിയിലെ വോട്ട് പെട്ടിയിലാക്കാന് സഹായിച്ചില്ല എന്നത് ഇടതിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നതില് സംശയമില്ല.