കാല്നൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിന്റെ അസാന്നിധ്യം; അമേഠിയില് കസറി കിശോരി ലാല്

തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല് അമേഠിയില് ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമില്ലാതെ നടന്ന തിരഞ്ഞെടുപ്പുകള് വിരളമാണ്.

dot image

അട്ടിമറി ഹരമാക്കിയ അമേഠിയില് കിശോരി ലാലിലൂടെ കൈയുയര്ത്തി കോണ്ഗ്രസ്. സ്മൃതി ഇറാനിയെ ബഹുദൂരം പിന്നിലാക്കിയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന് കിശോരി ലാലിന്റെ മുന്നേറ്റം.

ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില് അമേഠിയ്ക്ക് വൈകാരികമായി ഇടമുണ്ട്. അമേഠിയുടെ ചരിത്രത്തില് ഗാന്ധി കുടുംബത്തിനും. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്ത് നിന്നും കോണ്ഗ്രസും ഒരുപരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്റു കുടുംബത്തിന്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല് അമേഠിയില് ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമില്ലാതെ നടന്ന തിരഞ്ഞെടുപ്പുകള് വിരളമാണ്. കാല്നൂറ്റാണ്ടിനിപ്പുറം ഗാന്ധി കുടുംബത്തില് നിന്നും ആരും മത്സരിച്ചില്ലെന്നതായിരുന്നു 2024ലെ തിരഞ്ഞെടുപ്പിനെ കൗതുകകരമാക്കിയത്.

2004 മുതല് തുടര്ച്ചയായി നാല് തവണ അമേഠിയില് മത്സരിച്ച രാഹുല് ഗാന്ധി ഇത്തവണ അമേഠി വിട്ട് റായ്ബറേലിയിലാണ് മത്സരത്തിനിറങ്ങിയത്. സഞ്ജയ് ഗാന്ധിയിലൂടെയാണ് അമേഠി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായി അക്ഷരാര്ത്ഥത്തില് അടയാളപ്പെടുത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് സമാന്തര അധികാര കേന്ദ്രം എന്നെല്ലാം പഴികേട്ട സഞ്ജയ് ഗാന്ധി 1977ല് അമേഠിയില് പരാജയപ്പെട്ടിരുന്നു. എന്നാല് 1980ല് അമേഠിയില് തന്നെ മത്സരിച്ച സഞ്ജയ് ഗാന്ധി 128,545 വോട്ടിന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് ഒരു വര്ഷത്തിന് ശേഷം സഞ്ജയ് ഗാന്ധി വിമാനാപകടത്തില് കൊല്ലപ്പെട്ടു. ഗാന്ധി കുടുംബത്തിലെ ഭിന്നതയ്ക്ക് കൂടി ഇത് കാരണമായി. ഉപതിരഞ്ഞെടുപ്പില് ഇവിടെ നിന്നും മത്സരിക്കാന് സഞ്ജയ് ഗാന്ധിയുടെ പങ്കാളി മനേക ഗാന്ധി ആഗ്രഹിച്ചിരുന്നു. അതിനായി മനേക സ്വന്തം നിലയില് നീക്കവും നടത്തിയിരുന്നു. ഇതിനെ തുടര്ന്ന് ഇന്ദിരാ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് മനേകയ്ക്ക് ഗാന്ധി കുടുംബത്തിലെ സ്ഥാനവും നഷ്ടമാക്കിയത്. ഈ നിലയില് ഗാന്ധി കുടുംബത്തിലെ ഭിന്നതയിലും അമേഠിയുടെ പങ്ക് അടയാളപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും സഞ്ജയ് ഗാന്ധിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില് രാജീവ് ഗാന്ധി അമേഠിയില് വിജയിച്ചു. സഞ്ജയ് ഗാന്ധി നേടിയതിനെക്കാള് ഏതാണ്ട് ഇരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാജീവിന്റെ വിജയം. പിന്നീട് 1984ല് ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഇവിടെ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോള് എതിരാളിയായി എത്തിയത് മനേക ഗാന്ധിയായിരുന്നു. എന്നാല് അമേഠിയില് ഒരു ചലനവുമുണ്ടാക്കാന് മനേകയ്ക്ക് സാധിച്ചില്ല. 314,878 വോട്ടിനായിരുന്നു രാജീവിന്റെ വിജയം. പിന്നീട് 1989ലും 1991ലും രാജീവ് ഗാന്ധി വിജയം ആവര്ത്തിച്ചു. 1991ല് രാജീവ് ഗാന്ധിയുടെ മരണശേഷം സതീഷ് ശര്മ്മ ഇവിടെ സ്ഥാനാര്ത്ഥിയായി. 1996ലും സതീഷ് ശര്മ്മ ഇവിടെ വിജയം ആവര്ത്തിച്ചു. എന്നാല് 1998ലെ തിരഞ്ഞെടുപ്പില് ബിജെപി ആദ്യമായി അമേഠിയില് നിന്നും വിജയം കൊയ്തു. സഞ്ജയ് സിന്ഹ് ആയിരുന്നു ബിജെപിക്ക് വേണ്ടി സതീഷ് ശര്മ്മയെ പരാജയപ്പെടുത്തി അമേഠി കീഴടക്കിയത്.

രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയ രംഗത്തിറങ്ങാന് താല്പ്പര്യം കാണിക്കാതിരുന്ന സോണിയ ഗാന്ധി മത്സരിക്കാന് തീരുമാനിച്ചപ്പോള് തിരഞ്ഞെടുത്തത് അമേഠിയായിരുന്നു. 1999ല് അമേഠിയില് മത്സരിച്ച സോണിയ ഗാന്ധി ബിജെപിയുടെ സിറ്റിങ്ങ് എംപി സഞ്ജയ് സിന്ഹയെ മൂന്ന് ലക്ഷത്തില് പരം വോട്ടുകള്ക്ക് പരാജയപ്പെടുത്തി. 2004ല് അമേഠി രാഹുല് ഗാന്ധിക്ക് കൈമാറി സോണിയ റായ്ബറേലിയിലേയ്ക്ക് മാറി. 2004ലെ ആദ്യ അങ്കത്തില് രാഹുല് ഗാന്ധി അമേഠിയില് നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2009ല് നെഹ്റു കുടുംബത്തില് നിന്നൊരാള്ക്ക് സമ്മാനിച്ച ഏറ്റവും ഉയര്ന്ന ഭൂരിപക്ഷത്തിലായിരുന്നു അമേഠി രാഹുലിന് രണ്ടാമൂഴം സമ്മാനിച്ചത്. 370,198 വോട്ടിനായിരുന്നു രാഹുലിന്റെ വിജയം. 2014ലും രാഹുല് ഗാന്ധി അമേഠിയില് വിജയം ആവര്ത്തിച്ചു. മത്സരരംഗത്തിറങ്ങിയതിന് ശേഷം ലഭിച്ച ഏറ്റവും കുറവ് ഭൂരിപക്ഷത്തിനായിരുന്നു രാഹുലിന്റെ വിജയം. 1,07,903 വോട്ടിനായിരുന്നു 2014ല് രാഹുല് വിജയിച്ചത്. എന്നാല് 2019ല് കോണ്ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ അമേഠിയില് രാഹുല് ഗാന്ധിക്ക് അടിപതറി. എസ്പിയും ബിഎസ്പിയും പിന്തുണച്ചിട്ടും അമേഠി രാഹുലിനെ പിന്തുണച്ചില്ല. ബിജെപിയുടെ സ്മൃതി ഇറാനിയോടായിരുന്നു പരാജയം രുചിച്ചത്. 55,120 വോട്ടിനായിരുന്നു രാഹുലിന്റെ പരാജയം. എസ്പിയും ബിഎസ്പിയും പിന്തുണച്ചിട്ടും അമേഠി രാഹുലിനെ പിന്തുണച്ചില്ല. 2019ല് രണ്ടാം മണ്ഡലമായി വയനാട്ടില് നിന്നും രാഹുല് മത്സരിച്ചിരുന്നു. അതിനാല് തന്നെ അമേഠിയിലെ പരാജയം രാഹുലിന് പാര്ലമെന്റില് എത്തുന്നതിന് തടസ്സമായില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us