കോഴിക്കോട്: 2024 ലോക്സഭാ തെരഞ്ഞെടുപ്പില് വടകരയും കോഴിക്കോടും കണ്ണൂരുമുണ്ടായ അപ്രതീക്ഷിത തോല്വി പരിശോധിക്കാനൊരുങ്ങുകയാണ് സി പി ഐ എം. വടകരയില് ഏഴില് ആറ് മണ്ഡലങ്ങളിലും കെ കെ ശൈലജ പിന്നിലായി. കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂര് അടക്കം നേരിട്ട കനത്ത തിരിച്ചടിയും സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കുന്നു. വടകരയൊഴികെ ആറ് അസംബ്ലി മണ്ഡലങ്ങള് കയ്യിലുണ്ടായിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന അങ്കലാപ്പിലാണ് പാര്ട്ടി.
1000 മുതല് 2000 വരെ വോട്ടുകള്ക്ക് ജയിക്കാമെന്ന് പ്രതീക്ഷ വച്ചിടത്ത് 1,14, 506 വോട്ടിന്റെ ഭൂരിപക്ഷത്തില് യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പില് ജയിച്ച് കയറിയത് തെല്ലൊന്നുമല്ല എല്ഡിഎഫിനെ ഉലച്ചത്. ഏഴ് അസംബ്ലി മണ്ഡലത്തില് തലശ്ശേരിയും കൂത്തുപറമ്പും യുഡിഎഫിന് വ്യക്തമായ മേല്ക്കൈ നല്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല് തലശേരി മാത്രമാണ് ഭൂരിപക്ഷം നേടാനായത്. അതും 8630 വോട്ടുകള്ക്ക്. കൂത്തുപറമ്പില് ഷാഫിക്ക് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതും എല്ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി. എന്നാല് പ്രമുഖ സി പി ഐ എം നേതാക്കളുടെയെല്ലാം മണ്ഡലങ്ങളില് പിന്നിലായത് പരിഗണിച്ച് ട്രെന്ഡ് എതിരായിരുന്നു എന്ന് സ്ഥാപിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. കൊയിലാണ്ടിയിലാണ് എല്ഡിഎഫിന് വലിയ പരാജയമുണ്ടായത്. മണ്ഡലത്തില് ഷാഫിക്ക് 77063 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
സമാന സാഹചര്യമാണ് കോഴിക്കോട് മണ്ഡലത്തിലും. മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിന്റെ ബേപ്പൂര് മണ്ഡലത്തില് പോലും എളമരം കരീമിന് വലിയ തിരിച്ചടിയാണുണ്ടായത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് സോഷ്യല് മീഡിയ അടക്കമുള്ള പൊതു ഇടങ്ങളില് അണികള് തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും നേതൃത്വം അത്തരമൊരു കണ്ടത്തലിലേക്ക് എത്തുമോയെന്ന കാര്യം സംശയമാണ്.
കണ്ണൂരിലെ അപ്രതീക്ഷിത തോല്വി സിപിഐഎമ്മിനെ അത്ഭുതപ്പെടുത്തുകയാണ്. ബൂത്തുകളില് നിന്നും ലഭിച്ച കണക്ക് അനുസരിച്ച് നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നായിരുന്നു എല്ഡിഎഫ് പ്രതീക്ഷ. അന്തിമ കണക്കനുസരിച്ച് 1,08,982 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്ഥി കെ.സുധാകരന് വിജയിച്ചത്. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും അമ്പരപ്പിക്കുന്നതാണ് കണ്ണൂരിലെ തോല്വി. സംസ്ഥാനത്ത് പാര്ട്ടി ജയം ഉറപ്പിച്ച സീറ്റുകളില് ഒന്ന് കണ്ണൂരായിരുന്നു. ബൂത്തുകളില് നിന്നും ലഭിച്ച പാര്ട്ടി കണക്കില് 15000ത്തില് കുറയാത്ത വോട്ടിന് എല്ഡിഎഫ് ജയിക്കും എന്നായിരുന്നു വിലയിരുത്തല്. കണ്ണൂരിലെ പ്രധാന നേതാക്കളെല്ലാം ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്പ് വരെ ഈ ആത്മവിശ്വാസമാണ് പങ്കുവെച്ചത്. അപ്രതീക്ഷിത തോല്വി പാര്ട്ടിക്ക് കനത്ത ക്ഷീണമാണ് വരുത്തി വെച്ചിരിക്കുന്നത്.
പാര്ട്ടി കണക്കുകള് പാളുന്നത് ആദ്യമായല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായി പാര്ട്ടിയുടെ വിലയിരുത്തല് തെറ്റിയിരുന്നു. പാര്ട്ടി കോട്ടകളില് വോട്ടുചോര്ച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. തളിപ്പറമ്പിലും മട്ടന്നൂരിലും ധര്മ്മടത്തും സംഭവിച്ച കനത്ത തിരിച്ചടി പരിശോധിക്കാന് പാര്ട്ടി നിര്ബന്ധിതമാകും. മത്സരിക്കാന് ആദ്യഘട്ടത്തില് താല്പര്യം പ്രകടിപ്പിക്കാതിരുന്ന കെ.സുധാകരന് കണ്ണൂര് സമ്മാനിച്ചത് മിന്നും വിജയം. കെപിസിസി പ്രസിഡന്റായി വെല്ലുവിളിയില്ലാതെ തുടരാന് തല്ക്കാലം സുധാകരന് 1,08,982 വോട്ടിന്റെ ഭൂരിപക്ഷം ആശ്വാസമാകും. എല്ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോള് കണ്ണൂരില് നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വോട്ട് ശതമാനം ഇരട്ടിയോളമാണ് എന്ഡിഎ വര്ധിപ്പിച്ചത്.