കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 25-ാം വയസ്സിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പാർലമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരാകാൻ നാലുപേർ. സമാജ്വാദി പാർട്ടിയുടെ ടിക്കറ്റിൽ പുഷ്പേന്ദ്ര സരോജും പ്രിയ സരോജും മത്സരിച്ചപ്പോൾ ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാനാര്ത്ഥികളായാണ് ശാംഭവി ചൗധരിയും സഞ്ജന ജാതവും വിജയിച്ചത്.
ശാംഭവി ചൗധരി
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപിയുടെ ശാംഭവി ചൗധരി. വടക്കൻ ബിഹാറിലെ സമസ്തിപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയ ശാംഭവി ചൗധരിക്ക് നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങൾ പ്രകാരം 25 വയസ്സ് മാത്രമാണ് പ്രായമുള്ളത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി ചൗധരി.
ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. അത് സമയം ബിഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എൻഡിഎ സഖ്യമാണ് നേടിയത്. ഒമ്പത് സീറ്റുകളാണ് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണി ആകെ നേടിയത്.
സഞ്ജന ജാതവ്
രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്നാണ് സഞ്ജന ജാതവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് 25കാരിയായ സഞ്ജന ജാതവ് പരാജയപ്പെടുത്തിയത്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവർ മത്സരിച്ചിരുന്നുവെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ പൊലീസ് കോൺസ്റ്റബിളായ കപ്തൻ സിങ്ങാണ് ഭർത്താവ്.
രാജ്യം ആര് ഭരിക്കും? തിരക്കിട്ട ചർച്ചകൾ; സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ബിജെപി, പ്രതീക്ഷ വിടാതെ ഇൻഡ്യയുംപുഷ്പേന്ദ്ര, പ്രിയ സരോജ്
നേരത്തെ ബിജെപി കൈവശം വച്ചിരുന്ന കൗശാമ്പി പാർലമെൻ്റ് സീറ്റിൽ നിന്ന് എസ്പി സ്ഥാനാർത്ഥിയായി പുഷ്പേന്ദ്ര സരോജ് രാഷ്ട്രീയ യുദ്ധക്കളത്തിലെത്തി. സിറ്റിംഗ് ബിജെപി എം പി വിനോദ് കുമാർ സോങ്കറിനെ 103,944 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. അഞ്ചുതവണ എംഎൽഎയും മുൻ ഉത്തർ പ്രദേശ് മന്ത്രിയുമായ ഇന്ദർജിത് സരോജിൻ്റെ മകനാണ് പുഷ്പേന്ദ്ര.
പ്രിയ സരോജ് 35,850 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മച്ച്ലിഷഹർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. സിറ്റിംഗ് ബിജെപി എംപി ഭോലാനാഥിനെതിരെയാണ് അവർ മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിൻ്റെ മകളാണ് പ്രിയ.