ന്യൂ ഡല്ഹി: 2024ലെ ലോക്സഭാ തെരഞ്ഞടുപ്പില് കേവലഭൂരിപക്ഷം കിട്ടാത്തതിനാല് ഭരണം നിലനിര്ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സര്ക്കാര് രൂപീകരിക്കുന്നതില് ജെ.ഡി.യു നേതാവും ബിഹാര് മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകള് നിര്ണായകമാകും.
ടിഡിപിയുടെ വന് വിജയത്തിനു ശേഷം ചന്ദ്രബാബു നായിഡു നിര്ണായക ഉപാധികള് മുന്നോട്ട് വയ്ക്കുന്നത് ബിജെപിയെ കുരുക്കിലാക്കും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്റെ മൗനത്തിലും ബിജെപിക്ക് ആശങ്കയുണ്ട്. പ്രധാനപ്പെട്ട ക്യാബിനറ്റ് പദവികള് ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എന്ഡിഎ കണ്വീനര് സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോര്ട്ട്. എന്ഡിഎ യോഗത്തില് പങ്കെടുക്കാന് ചന്ദ്രബാബു നായിഡു ദില്ലിയിലേക്ക് തിരിച്ചു. പവന് കല്യാണും യോഗത്തില് പങ്കെടുക്കും. രാഷ്ട്രീയ അട്ടിമറികളുടെ റെക്കോർഡിന് പേരുകേട്ട നിതീഷ് കുമാറും ഇന്ത്യൻ സഖ്യകക്ഷിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ദില്ലിയിലേക്ക് തിരിച്ചത്. ഇന്ന് രാവിലെ 11.30 ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നാണ് റിപ്പോര്ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് ഇന്ന് രാജിക്കത്ത് നല്കും.
ഇന്ത്യാസഖ്യത്തെ നയിക്കുന്ന കോണ്ഗ്രസ് നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാനുള്ള ശ്രമം തുടരുകയാണ്. ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേര്ത്ത് സര്ക്കാരുണ്ടാക്കാനുള്ള ശ്രമവും കോണ്ഗ്രസും നടത്തുന്നുണ്ട്.