കോൺഗ്രസിൻ്റെ ശക്തിക്ഷയിച്ചതിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ കാലമായി രണ്ട് പ്രാദേശിക പാർട്ടികൾക്കേ മേൽകൈ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ രണ്ട് ധ്രുവങ്ങളിലെ ശക്തിദുർഗ്ഗങ്ങളായി ഈ പാർട്ടികളുണ്ടായിരുന്നു. അണ്ണാ ഡിഎംകെയും ഡിഎംകെയും. ഏത് തെരഞ്ഞെടുപ്പെടുത്താലും ഈ രണ്ട് പാർട്ടികളിൽ ഏതെങ്കിലുമൊന്ന് നയിക്കുന്ന മുന്നണി എന്നതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ ചരിത്രം. 2016ന് ശേഷം തമിഴ്നാട്ടിൽ കലൈഞ്ജറുടെ ഡിഎംകെ എന്ന ഒറ്റ പാർട്ടി മാത്രം ആധിപത്യം നേടുന്ന കാഴ്ചയാണ് രാഷ്ട്രീയ ലോകം കാണുന്നത്. 'അമ്മ'യെന്ന് ജനങ്ങൾ അറിഞ്ഞുവിളിച്ച ജയലളിതയുടെ പാർട്ടി യാതൊരു അടയാളം പോലും ബാക്കിയില്ലാതെ മാഞ്ഞുപോകുന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിൽ അക്ഷരാർത്ഥത്തിൽ ഇത് സ്റ്റാലിന്റെ കാലമാണ് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറ് വർഷവും തമിഴ്ദേശീയതയുടെ പ്രതീകമായി, ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ നേതാവായി സ്റ്റാലിൻ മുന്നിൽ നിന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ വളക്കൂറുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ മണ്ണിനെ ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ വൈകാരികതകളെല്ലാം ചേർത്ത് സ്റ്റാലിൻ തനിക്കനുകൂലമായി ഒരുക്കിയെടുത്തു. ഇതിന് പുറമെ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്ന ഭരണാധികാരി എന്ന സ്വീകാര്യതയും സ്റ്റാലിൻ ഉറപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഫെഡറിലസത്തിനെതിരായി നീക്കങ്ങൾക്കെതിരെയും സ്റ്റാലിൻ ശക്തമായി പ്രതികരിച്ചു. സംഘപരിവാറിനെതിരെ പ്രതിപക്ഷ മുന്നണികൾ കൈകോർത്ത് നിൽക്കേണ്ടതിന്റെ പ്രാധാന്യവും, രാജ്യത്ത് മതനിരപേക്ഷതയും ഫെഡറലിസവും നിലനിൽക്കേണ്ടത്തിന്റെ ആവശ്യകതയും, ഇൻഡ്യാ മുന്നണി രൂപീകരിക്കുന്നതിനും വളരെ മുൻപേ തിരിച്ചറിഞ്ഞ ഒരു നേതാവ് കൂടിയായിരുന്നു സ്റ്റാലിൻ. പിണറായി വിജയനടക്കം, ബിജെപി വിരുദ്ധ മനോഭാവമുള്ള എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരും നേതാക്കളുമായി സ്റ്റാലിനുള്ള ചങ്ങാത്തം അതിന്റെ ഉത്തമ ഉദാഹരണമാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിൽ ഇൻഡ്യാ സഖ്യത്തിന്റെ മിക്ക പ്രചാരണവേദകളിലും സ്റ്റാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവയിലെല്ലാം ഹിന്ദുത്വയ്ക്കെതിരെയും സംഘപരിവാറിനെതിരെയും കനത്ത വിമർശനവുമുണ്ടായിരുന്നു.
സ്റ്റാലിൻ മാത്രമല്ല, മകൻ ഉദയനിധി സ്റ്റാലിനും തമിഴ്നാട്ടിൽ ഇൻഡ്യാ സഖ്യത്തിന്റെ പ്രചാരണത്തിൻ്റെ പ്രധാനപ്പെട്ട ഒരു മുഖമായിരുന്നു. സംസ്ഥാനത്തെങ്ങും യുവ വോട്ടർമാരെ നല്ല രീതിയിൽ കയ്യിലെടുക്കാൻ ഉദയനിധിക്ക് സാധിച്ചിട്ടുണ്ട്. പറഞ്ഞുവരുമ്പോൾ ഉദയനിധി ഒരു നല്ല രാഷ്ട്രീയ പ്രാസംഗികനൊന്നുമല്ല. പക്ഷെ വളച്ചുകെട്ടാതെ കാര്യങ്ങൾ നേരെ പറഞ്ഞുപോകുന്ന അദ്ദേഹത്തിന്റെ രീതിയും, തമാശ കലർന്ന പ്രസംഗവുമെല്ലാം യുവാക്കളുടെ ഇടയിൽ നല്ല സ്വാധീനമുണ്ടാക്കിയിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം ഏറ്റെടുത്ത് ഒരു ഘട്ടത്തിൽ സ്റ്റാലിനെക്കാൾ കൂടുതൽ ജനങ്ങളുമായി ഏറെ അടുത്തുനിന്നത് ഉദയനിധിയായിരുന്നു. ഡിഎംകെ പുതിയ കാലത്തേയ്ക്കുള്ള മുഖമായി ഉദയനിധിയെ അവതരിപ്പാക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ ഡിഎംകെയ്ക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഏറ്റവും സുപ്രധാനമായ തെരഞ്ഞെടുപ്പിൽ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നു ഡിഎംകെ നേതൃത്വം നൽകുന്ന ഇൻഡ്യാ സഖ്യം. ഹിന്ദുത്വയ്ക്ക് വളക്കൂറുള്ള, ബിജെപിയുടെ ശക്തികേന്ദ്രമായ കൊങ്ങുനാട്ടിലെ പ്രധാന മണ്ഡലമായ കോയമ്പത്തൂരിൽ ഇത്തവണ ഡിഎംകെ നേരിട്ട് മത്സരത്തിന് ഇറങ്ങി. അണ്ണാമലയുമായി നേരിട്ട് പോരാട്ടം നടത്താനായിരുന്നു സ്റ്റാലിന്റെ തീരുമാനം. അതിനായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന കോയമ്പത്തൂർ ഡിഎംകെ ഏറ്റെടുത്തു. പകരം 2019ൽ ഡിഎംകെ മികച്ച വിജയം നേടിയ ദിണ്ഡിഗൽ സിപിഐഎമ്മിന് നൽകി. മധുരയിൽ വെങ്കടേശനെ കണ്ണടച്ച് വിശ്വസിച്ചു. 2019ൽ തങ്ങൾ ജയിച്ച തിരുനെൽവേലി സീറ്റ് കോൺഗ്രസിന് നൽകി, കോൺഗ്രസ് തോറ്റ തേനി ലോക്സഭാ സീറ്റിൽ അവരെത്തന്നെ വീണ്ടും വിശ്വസിച്ചു. വിവിധ സാമൂഹിക-രാഷ്ട്രീയ താൽപ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചെറുകക്ഷികളെയും സ്റ്റാലിൻ വിശ്വാസത്തിലെടുത്തു. ആർക്കും യാതൊരു പരാതിയും ഇല്ലാതെയായിരുന്നു സ്റ്റാലിൻ സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
ഇത്തരത്തിൽ എല്ലാവർക്കും കൈകൊടുത്തും എല്ലാവരുമായും സഹകരിച്ചും ഒറ്റക്കെട്ടായാണ് തമിഴ്നാട്ടിലെ ഇൻഡ്യാ സഖ്യം തെരഞ്ഞടുപ്പിനെ നേരിട്ടത്. ഫലം 39 സീറ്റിലും സഖ്യത്തിലെ എല്ലാ കക്ഷികൾക്കും ജയം. ഡിഎംകെ മത്സരിച്ച 22 സീറ്റിലും വിജയിച്ചു. കോൺഗ്രസ് 9 സീറ്റിൽ. ഇടതുപാർട്ടികൾ 4 സീറ്റിലും,എംഡിഎംകെ ,മുസ്ലിം ലീഗ് എന്നിവർ ഓരോ സീറ്റിലും ജയിച്ചു.
തമിഴ്നാട്ടിൽ ഒരു കാലത്ത് രാജാക്കന്മാരായിരുന്ന അണ്ണാ ഡിഎംകെയ്ക്ക് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ലഭിച്ചത് ആകെ ഒരു സീറ്റാണ്. സംസ്ഥാനത്തെങ്ങും തകർന്നടിഞ്ഞ പാർട്ടി ഇപ്രാവശ്യം ശ്വാസം പോലും വിടാനാകാതെ മൂക്കുകുത്തി. ഒറ്റ സീറ്റ് പോലും നേടാനാകാതെ സമ്പൂർണ്ണ പതനം. ജയലളിതയുടെ മരണത്തോടെ അമ്പേ തകർന്ന പാർട്ടി പിന്നീട് വന്ന അധികാരത്തർക്കങ്ങളിൽ കൂടുതൽ ദുർബലമായി. മുൻമുഖ്യമന്ത്രി പനീർശെൽവം സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യവുമുണ്ടായി. 2019ൽ ബിജെപിയുമായി സഖ്യത്തിലായിരുന്നു അണ്ണാ ഡിഎംകെ മത്സരിച്ചത്. എന്നാൽ 2024ലേക്കെത്തുമ്പോൾ ആ ചങ്ങാത്തവും അവസാനിച്ചിരുന്നു. അതോടെ വോട്ട് വിഹിതത്തിലും കുറവ് വന്നു.
അഭിപ്രയാവ്യത്യാസങ്ങൾ മൂലം അണ്ണാ ഡിഎംകെ സഖ്യ വിട്ട ബിജെപി അവരുടേതായ സഖ്യം രൂപീകരിച്ചാണ് തെരഞ്ഞടുപ്പിനെ നേരിട്ടത്. വടക്കൻ തമിഴ്നാട്ടിൽ വലിയ സ്വാധീനമുള്ള പാട്ടാളി മക്കൾ കക്ഷിക്ക് പത്ത് സീറ്റുകളോളം ബിജെപി നൽകിയിരുന്നു. അണ്ണാമലൈ നേരിട്ടിറങ്ങിയ കോയമ്പത്തൂർ മണ്ഡലമടക്കം സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണകാലയളവിൽ നിരവധി തവണയാണ് തമിഴ്നാട്ടിലെ റാലികളിൽ പങ്കെടുത്തത്.
എന്നാൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോയമ്പത്തൂർ പാർട്ടിയെ കൈവിട്ടു. പക്ഷെ ദ്രാവിഡ പാർട്ടികളുടെ യാതൊരു സഹായവുമില്ലാതെ ആദ്യമായി വോട്ട് വിഹിതം 10 ശതമാനം കടന്നുവന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഭാവിയിലേക്കുള്ള മൂലധനമായി ബിജെപി അതിനെ കാണുന്നുമുണ്ട്.
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കടന്നുകയറാൻ സാധിക്കാതിരുന്ന ആകെ രണ്ട് സംസ്ഥാനങ്ങളായിരുന്നു കേരളവും തമിഴ്നാടും. എന്നാൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതോടെ ബിജെപിക്ക് ബാലികേറാമലയായി തമിഴ്നാട് മാത്രം ഇനി ശേഷിക്കും. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് ബിജെപിയെ പ്രതിരോധിച്ചതോടെ സ്റ്റാലിൻ ദേശീയ തലത്തിലും ശ്രദ്ധേയനായി. ബിജെപിയെ നേരിടാൻ പ്രതിപക്ഷം കൂടുതൽ വിശാലമായ അർത്ഥത്തിൽ സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണി രാഷ്ട്രീയത്തിൻ്റെ അലകുംപിടിയും അറിയുന്ന സ്റ്റാലിൻ ഇൻഡ്യ സഖ്യത്തിന് കൂടുതൽ അനിവാര്യനാകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തമിഴ്നാട്ടിൽ ഇൻഡ്യാ മുന്നണിയെ നന്നായി ഏകോപിപ്പിച്ചതും മുന്നിൽ തന്നെ നിന്ന് നയിച്ചതും സ്റ്റാലിനെ ദേശീയതയത്തിൽ ഇപ്പോൾ തന്നെ ശ്രദ്ധേയനാക്കിയിട്ടുണ്ട്. ഇനി അറിയേണ്ടത് സ്റ്റാലിൻ്റെ ദേശീയ താൽപ്പര്യമാണ്.