തൃശ്ശൂർ: തൃശ്ശൂരിലെ തോൽവി പാർട്ടി ഗൗരവത്തോടെ പഠിക്കണമെന്ന് ചാലക്കുടി യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ. എവിടെയാണ് പാളിച്ചയുണ്ടായത് എന്ന് പഠിക്കണം.
മുരളീധരനുമായി താൻ സംസാരിച്ചുവെന്നും ബെന്നിബെഹനാൻ റിപ്പോർട്ടറിനോട് പറഞ്ഞു.
മുരളീധരന് നിരാശയുണ്ടാകും, അത് സ്വാഭാവികമാണ്.
എല്ലാവരും ജയിച്ചപ്പോൾ മൂന്നാമതായതിന്റെ സ്വാഭാവിക നിരാശ ഉണ്ടാകും. മുരളിയെ കൂടി കൂടെ നിർത്തി തോൽവി പരിശോധിക്കണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
പ്രധാന നേതാക്കൾ പ്രചാരണത്തിന് വന്നില്ല എന്നായിരുന്നു മുരളിയുടെ ആരോപണം. രാഹുൽ ഗാന്ധിക്ക് ചാവക്കാട് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു. അസുഖം കാരണം മാറ്റിയതാണ്. പോരായ്മകൾ പരിശോധിക്കണം. മാറി നിൽക്കുകയല്ല വേണ്ടത്. പോരായ്മകൾ പരിഹരിക്കാൻ നേതൃത്വം മുൻകയ്യെടുക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
ട്വന്റി ട്വന്റി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഇത്തവണ നേടിയില്ല. രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ
സബ്സിഡി നൽകുന്നത് ശരിയല്ല. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
ചാലക്കുടിയിൽ ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണൻ മൂന്നാം സ്ഥാനത്തുമാണ്. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് വിജയിച്ചത്.എകസിറ്റ് പോള് പ്രവചനം യാഥാര്ഥ്യമാക്കികൊണ്ട് കേരളത്തില് തൃശ്ശൂരില് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനില് കുമാര് രണ്ടാം സ്ഥാനത്തും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാംസ്ഥാനത്തുമെത്തി.