മലപ്പുറം: 2024 ലോക്സഭ തെരഞ്ഞെടുപ്പില് പൊന്നാനിയിലും മലപ്പുറത്തും വലിയ രീതിയിലുള്ള വോട്ട് വര്ധന യുഡിഎഫിനില്ലെന്ന് പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്ത്ഥി കെ എസ് ഹംസ. എന്തായാലും ജനവിധി മാനിക്കുന്നു. സമദാനി തന്നെക്കാള് ആദരണീയനും പണ്ഡിതനുമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു. തുടര്ന്നും പൊന്നാനിയില് പൊതുരംഗത്ത് സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മലബാറില് വലിയൊരു കുത്തൊഴുക്ക് ഉണ്ടായി. പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഇരട്ടിയായി. ഇന്ഡ്യ മുന്നണിയില് ഇടതുപക്ഷവും ഉണ്ടെന്ന് കേരളത്തിലെ വോട്ടര്മാര് മനസിലാക്കിയില്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടായി. പൊന്നാനിയില് ഉള്പ്പെടെ പാര്ട്ടി വോട്ടുകള് മുഴുവന് കിട്ടിയെന്ന് പറയാന് കഴിയില്ല'-കെ എസ് ഹംസ പറഞ്ഞു.
മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നയാളാണ് പൊന്നാനിയില് സിപിഐഎം സ്ഥാനാര്ഥിയായി അരിവാള് ചുറ്റിക അടയാളത്തില് മത്സരിച്ച കെ.എസ്. ഹംസ. ഊര്ജസ്വലമായ പ്രചാരണങ്ങളിലൂടെ അദ്ദേഹം മണ്ഡലത്തില് നിറയുകയും ചെയ്തിരുന്നു.