പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില് താന് ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടല്ല പാര്ട്ടിക്ക് ലഭിച്ച വോട്ടുകള് കൊണ്ടുമാത്രമാണെന്ന് കെ രാധാകൃഷ്ണന്. ഭരണ വിരുദ്ധ വികാരം കൊണ്ടല്ല 19 സീറ്റുകള് നഷ്ടപ്പെട്ടത്. മറ്റ് വിഷയങ്ങള് ഉള്ളത് കാരണമാകാം അങ്ങനെ സംഭവിച്ചത്. അതെല്ലാം പാര്ട്ടി പരിശോധിക്കുമെന്നും കെ രാധാകൃഷ്ണന് മാധ്യമങ്ങളോടു പറഞ്ഞു.
പാര്ലമെന്റ് സമ്മേളനം വിളിക്കുന്നതിന് മുമ്പായി എംഎല്എ സ്ഥാനം രാജിവയ്ക്കും. ദേവസ്വം മന്ത്രി സ്ഥാനത്തേക്ക് തനിക്ക് പകരക്കാരനെ പാര്ട്ടി തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന് പറഞ്ഞു. ഓരോ സ്ഥലത്തെത്തുമ്പോള് ഓരോ വേഷം കെട്ടണമെന്നും ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ദേവസ്വം ബോര്ഡിന് കീഴില് സ്കൂളുകളില് അധ്യാപകരെയും അനധ്യാപകരെയും റിസര്വേഷന് അടിസ്ഥാനത്തില് എടുക്കാന് തീരുമാനിച്ചു. ദേവസ്വം ഭൂമികള് തിരിച്ചുപിടിച്ചു. ഇത്തരത്തില് ദേവസ്വം ബോര്ഡില് സാമൂഹിക അന്തരീക്ഷം മാറ്റാന് തന്നെ കൊണ്ടു സാധിച്ചുവെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.
2018 മുതല് ഇന്ത്യയിലെ ഭരണം അര്ദ്ധ ഫാസിസ്റ്റ് ഭരണമായി മാറി. മതനിരപേക്ഷ ജനാധിപത്യ സര്ക്കാര് വരണമെന്ന് ആശയം സിപിഐഎം മുന്നോട്ട് വെച്ചതാണ്. ആ ആശയത്തിന് കിട്ടുന്ന പിന്തുണയെ തങ്ങള് അംഗീകരിക്കുന്നു എന്നും കെ രാധാകൃഷ്ണന് പറഞ്ഞു.