മണ്ണിനടിയിൽ പൂണ്ടുപോയവർ... ജീവൻ കൈയ്യിൽ പിടിച്ച് കുടുങ്ങിപ്പോയവർ... ദുരന്തത്തിന് ശേഷം മുണ്ടക്കൈയിൽ അവശേഷിച്ചത് പേരുകളോ മറ്റേതെങ്കിലും പരിഗണനകളോ പ്രസക്തമല്ലാത്ത ഒരു ജനക്കൂട്ടമായിരുന്നു. മുണ്ടക്കൈയിലെ അതിഭീകരമായ ദുരന്തത്തെക്കുറിച്ച് ജൂലൈ 30ന് നേരം പുലരുന്നതിന് മുമ്പ് തന്നെ പരിസര പ്രദേശത്തുള്ളവർ അറിഞ്ഞിരുന്നു. പക്ഷെ ചൂരൽമലയിൽ നിന്നും മുണ്ടക്കെെയിലേക്കുള്ള പാലം അടക്കം തകർത്തെറിഞ്ഞായിരുന്നു പ്രകൃതിയുടെ സംഹാരതാണ്ഡവം. കുത്തിയൊലിക്കുന്ന നദിക്ക് അപ്പുറം ദുരന്തത്തിൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളുമായി അപ്പോഴും മുണ്ടക്കൈ ഗ്രാമം ഒറ്റപ്പെട്ട് നിന്നു. പുറത്ത് നിന്നാരെയും അടുപ്പിക്കില്ലെന്ന വിധത്തിൽ ഇരുകരകളെയും വേർതിരിച്ച് ചുരൽമലപ്പുഴ ഉഗ്രരൂപിണിയായി ഒഴുകി കൊണ്ടിരുന്നു.
പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുത്തിയൊഴുകുന്ന ചുരൽമലപ്പുഴയെ സാഹസികമായി മറികടന്ന് രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെ ദുരന്തകാഴ്ചകളുടെ യഥാർത്ഥ ചിത്രം മനസ്സിലാക്കിയത്. അന്ന് രാവിരുളുന്നതിന് മുമ്പായി തന്നെ മുണ്ടക്കൈയിൽ ശേഷിച്ച ജീവൻ്റെ അവസാന തുടിപ്പും കണ്ടെത്തി രക്ഷപെടുത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. ഇതിനിടയിൽ മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇതിനിടയിൽ റോപ്പ് കെട്ടി മൃതദേഹങ്ങൾ ഇക്കരെ കടത്തുന്നതും നെമ്പരപ്പെടുത്തുന്ന കാഴ്ചയായി.
ദുരന്തത്തിൻ്റെ രണ്ടാം ദിനവും രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു. കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് പ്രതിബന്ധമായി മുന്നിലുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നായിരുന്നു രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യ ദിവസമെത്തിയ എന്ഡിആര്എഫിലെ മുപ്പതംഗം ടീമിന് പുറമെ വിവിധ സേനാ വിഭാഗങ്ങളിലുളളവരും ചൂരല് മലയിലെത്തിയിരുന്നു. ഇവരും മുണ്ടക്കൈ രക്ഷാദൗത്യത്തിൽ അണിനിരന്നു. കൂടാതെ അഗ്നിരക്ഷാ സേനയിലെ 100 അംഗ സംഘം മുണ്ടക്കൈയിലെത്തി. ഫോര്ട്ട് കൊച്ചിയില് നിന്നെത്തിയ ആര്എഫ്ഒ കെ രജീഷിൻ്റെ നേതൃത്വത്തിലുള്ള 55 സ്കൂബ ഡൈവിങ്ങ് ടീമും രക്ഷാപ്രവര്ത്തിനിറങ്ങി. ഇതിനൊപ്പം സന്നദ്ധ പ്രവര്ത്തകരും അണിനിരന്നതോടെ മുണ്ടക്കൈ രക്ഷാപ്രവര്ത്തനം രണ്ടാംദിനം ഊര്ജ്ജിതമായി. കോണ്ക്രീറ്റ് കട്ടര് ഉപയോഗിച്ച് വീടിന്റെ സ്ലാബുകള് മുറിച്ചുമാറ്റിയും വടം കെട്ടി വലിച്ചുമാറ്റിയും ഏഴോളം മൃതദേഹങ്ങളാണ് രാവിലെ പതിനൊന്ന് മണിക്കുള്ളിൽ ഇവിടെ നിന്നും പുറത്തെടുത്തത്. വൈകുന്നേരമാകുമ്പോഴേയ്ക്കും മണ്ണിൽ പുതഞ്ഞ് കിടന്ന പത്തോളം പേരുടെ ചേതനയറ്റ ശരീരം കൂടി രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു.
കനത്ത ഒഴുക്കിനെ വകവെക്കാതെയാണ് ചൂരല്മലയിൽ നിന്ന് പുഴയിലൂടെ പാറക്കെട്ടുകളുടെ തടസ്സത്തെ മറികടന്ന് രണ്ടാം ദിനം രാവിലെ കൂറ്റൻ മണ്ണുമാന്തി യന്ത്രം മുണ്ടക്കൈയിലേയ്ക്ക് നീങ്ങിയത്. വഴിയിലെ വന്മരങ്ങളും പാറകളും തടസ്സമായി ഉണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്ന് ഉച്ചയ്ക്ക് രണ്ടോടെ കൂറ്റന് മണ്ണുമാന്ത്രി യന്ത്രം പഴയ കാഴ്ചകളൊന്നും ബാക്കിയാകാത്ത മുണ്ടക്കൈ അങ്ങാടിയിലെത്തി. പിന്നീട് രക്ഷാപ്രവര്ത്തനത്തിന് ഗതിവേഗം വർദ്ധിച്ചു. വലിയ കോണ്ക്രീറ്റ് സ്ലാബുകൾ തകർത്ത്, അടിഞ്ഞുകൂടിയ ചെളിക്കൂമ്പാരം വകഞ്ഞ് മാറ്റി കുടുങ്ങിക്കിടക്കുന്നവർക്കായി പരിശോധന തുടർന്നു. തിരച്ചിലിനിടയിൽ പള്ളിയുടെ സമീപം അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചേതനയറ്റ രണ്ട് ശരീരങ്ങൾ ലഭിച്ചു. അതിനുമുമ്പായി ഒരു കുട്ടിയുടെ ജീവനറ്റ ശരീരവും ഇവിടെ നിന്നും ലഭിച്ചിരുന്നു. ഇതിനിടയിൽ ദുർഘടമായ വഴികൾ താണ്ടി രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ കൂടി ഇവിടെ എത്തിയിരുന്നു. തകർന്ന വീടകളുടെ പരിസരങ്ങളിലെ മണ്ണുമാറ്റി പരിശോധന നടത്തിയത് ഈ മണ്ണുമാന്തി യന്ത്രങ്ങളായിരുന്നു.
രണ്ടാംദിനം രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും വീണ്ടുമൊരു ഉരുൾപൊട്ടൽ ഭീതി അന്തരീക്ഷത്തെ ചൂഴ്ന്ന് നിന്നിരുന്നു. പുഴയിൽ മഴവെള്ളത്തിൻ്റെ കുത്തൊഴുക്ക് താൽക്കാലിക പാലത്തെ വെള്ളത്തിനടിയിലാക്കി. രണ്ടാംദിനം ഉച്ചകഴിഞ്ഞതോടെ കനത്ത മഴയില് താൽക്കാലിക പാലം ഉയർത്താനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയായി. താൽക്കാലിക പാലം വഴിയായിരുന്നു രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. രണ്ടാം ദിനം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ രക്ഷാപ്രവർത്തന സംഘങ്ങൾക്ക് പുഴകടക്കാൻ ഇരുളിൻ്റെയും പ്രതികൂല കാലാവസ്ഥയുടെയും പ്രതിബന്ധങ്ങൾക്കിടയിലും സൈന്യവും പൊലീസും സഹായമൊരുക്കി.
രണ്ടാംദിവസത്തെ രക്ഷാപ്രവർത്തനം അവസാനിച്ച് രാവ് ഇരുണ്ടപ്പോഴും സൈന്യം കർമ്മ നിരതരായിരുന്നു. ആര്മി എഞ്ചിനീയറിങ്ങ് വിഭാഗം മൂന്നാംദിനത്തെ ദൗത്യത്തിനായി വാഹനങ്ങളും കൂടുതൽ ഉപകരണങ്ങളും എത്തിക്കാനായി വഴിയൊരുക്കാനുള്ള നിതാന്തപരിശ്രമത്തിലായിരുന്നു. രാവ് പകലാക്കിയാണ് ബെയ്ലി പാലത്തിൻ്റെ നിർമ്മാണത്തിൽ ഇവർ ഏർപ്പെട്ടത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്സുമെല്ലാം പോകാന് ശേഷിയുള്ള കരുത്തുള്ള പാലത്തിൻ്റെ നിർമ്മാണമാണ് സൈനികർ ഏറ്റെടുത്തത്. മുണ്ടക്കൈയിലേയ്ക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി ഇവിടേയ്ക്കുള്ള പാലം ഒലിച്ചുപോയതായിരുന്നു. ഇതിന് പരിഹാരമായി പ്രതീക്ഷയുടെ പാലമാണ് സൈന്യം ഒരുപോള കണ്ണുചിമ്മാതെ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ബെയ്ലി പാലത്തിന്റെ നിര്മ്മാണം പൂര്ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് ഗതിവേഗം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംദിനം രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില് പാലം ബന്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
കണ്ണൂര് പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന് പുരന് സിങ് നഥാവത് ആണ് പാലത്തിൻ്റെ നിര്മ്മാണ പ്രവര്ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്മ്മാണത്തിന്റെ സാമഗ്രികള് വയനാട്ടിലേക്ക് എത്തിച്ചത്. പുഴയില് പ്ലാറ്റ്ഫോം നിര്മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിച്ചാണ് നിര്മ്മാണം പുരോഗമിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്മ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്ത്തകര്ക്ക് നടന്നു പോകാന് സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്മ്മിക്കുന്നത്.