മണ്ണിനടിയിൽ പൂണ്ടുപോയവർ... ജീവൻ കൈയ്യിൽ പിടിച്ച് കുടുങ്ങിപ്പോയവർ... ദുരന്തത്തിന് ശേഷം മുണ്ടക്കൈയിൽ അവശേഷിച്ചത് പേരുകളോ മറ്റേതെങ്കിലും പരിഗണനകളോ പ്രസക്തമല്ലാത്ത നിസ്സഹായരായ ഒരു ജനക്കൂട്ടമായിരുന്നു. ചൂരൽമലയിൽ നിന്നും മുണ്ടക്കെെയിലേക്കും അട്ടമലയിലേയ്ക്കും കടക്കുന്ന പാലം അടക്കം തകർത്തെറിഞ്ഞായിരുന്നു പ്രകൃതിയുടെ സംഹാരതാണ്ഡവം. കുത്തിയൊലിക്കുന്ന ചൂരൽമലപ്പുഴയ്ക്ക് അപ്പുറം ദുരന്തത്തിൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളുമായി ദുരന്തം നടന്ന് ഏറെ നേരം മുണ്ടക്കൈ ഗ്രാമം ഒറ്റപ്പെട്ട് നിന്നു. പുറത്ത് നിന്നാരെയും അടുപ്പിക്കില്ലെന്ന വിധത്തിൽ ഇരുകരകളെയും വേർതിരിച്ച് ചുരൽമലപ്പുഴ ഉഗ്രരൂപിണിയായി ഒഴുകി കൊണ്ടിരുന്നു.
ചൂരൽമല പുഴയെ സീതാമക്കുണ്ട് പുഴയെന്നാണ് മുണ്ടക്കൈക്കാർ വിളിക്കുന്നത്. ഇത് ചൂരൽമലയെത്തുമ്പോൾ ചൂരൽമല പുഴയാകും. ഈ പുഴയാണ് റിപ്പണിൽ വെച്ച് മറ്റൊരു പുഴയുമായി ചേർന്ന് സൂചിപ്പാറ വഴി ഒഴുകിയെത്തി ചാലിയാറാകുന്നത്. മുണ്ടക്കൈക്കാരുടെയും ചൂരൽമലക്കാരുടെയും ജീവിതത്തോട് അത്രയേറെ ചേർന്ന് നിന്നിരുന്ന ആ പുഴയാണ് അവർക്ക് പ്രിയപ്പെട്ട പലരുടെയും ജീവനറ്റ ശരീരങ്ങളും കൊണ്ട് പിന്നീട് കിലോമീറ്ററുകൾ ദൂരേയ്ക്ക് ഒഴുകിയത്. മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിക്കുന്ന ചൂരൽമലപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിനപ്പുറം ഇല്ലാതായത് ഒരു ജനത, തലമുറകളുമായുള്ള പോരാട്ടത്തിൻ്റെ വിയർപ്പ് കൊണ്ട് ജീവിതചരിത്രമെഴുതിയ ജനപഥങ്ങളുടെ അടയാളങ്ങളായിരുന്നു. അതിൽ വീടുകളുണ്ട്, തൊഴിലാളികളുടെ പാടികളുണ്ട്, ആരാധനാലയങ്ങളുണ്ട്. അവർ ഒരുമിച്ച് കൂടിയ ഉത്സവങ്ങളുടെ, പെരുന്നാളുകളുടെ, വിവാഹങ്ങളുടെ, ആഘോഷാരവങ്ങളുടെ അടയാളങ്ങളിൽ പലതിനെയുമാണ് ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം പ്രകൃതി തൂത്തെറിഞ്ഞത്.
ഇന്ന് ചൂരൽ മലയുടെ ഇപ്പുറത്തെ കരയിൽ നിന്ന് നോക്കുമ്പോൾ പഴയ പാലത്തിനപ്പുറമുള്ള കാഴ്ച അത്രമേൽ ഹൃദയഭേദകമാണ്. ഈ പ്രദേശം പരിചയമുള്ള ആരുടെയും ഓർമ്മകൾ ഒരുനിമിഷം ഈ പാലം കടന്ന് ഹൃദയഹാരിയായ പഴയ മറുകര ചുറ്റിമടങ്ങിയെത്തുമെന്ന് തീർച്ചയാണ്. ദുരന്തത്തിന് മുമ്പുള്ള മറുകരയിലേയ്ക്ക് പാലം കടന്നെത്തിയാൽ കാണാമായിരുന്ന കാഴ്ചകൾ മനസ്സിൽ കാണാതെ, ഈ പ്രദേശം പരിചിതരായ ആർക്കും ഇന്ന് മറുകരയെത്താനാവില്ല. ചൂരൽമല പുഴയ്ക്ക് കുറകെയുള്ള പാലം കടന്നെത്തിയാൽ വഴി രണ്ടായി പിരിയും. ശിവക്ഷേത്രത്തോട് ചേർന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്നത് അട്ടമലയിലേയ്ക്കാണ്. നേരെയുള്ള വഴി മുണ്ടക്കൈയിലേയ്ക്കും. ദുരന്തശേഷം പാലത്തിനപ്പുറം ശിവക്ഷേത്രമില്ല. ബാക്കിയയാത് കൂറ്റൻ ആൽമരം മാത്രം. അട്ടമലയിലേയ്ക്കുള്ള വഴിയിൽ നദിയോട് ചേർന്ന് എസ്റ്റേറ്റിൻ്റെ വക ചെറിയൊരു ആശുപത്രിയും ലൈൻ കെട്ടിടങ്ങളുമടക്കം ദുരന്തത്തിൻ്റെ ആഘാതമേൽപ്പിച്ച അടയാളങ്ങൾ പേറി നിൽക്കുന്നുണ്ട്.
പാലം കഴിഞ്ഞ് നേരെയുള്ള പാത മുണ്ടക്കൈയിലേയ്ക്കാണ്. ആ വഴി ചെന്നെത്തുന്ന മുണ്ടൈക്കൈ അങ്ങാടി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ചായക്കടകളും കടകളും അടക്കം ഒന്നും ബാക്കിവെയ്ക്കാതെയാണ് മലവെള്ളം ഈ അങ്ങാടിയെ നക്കിയെടുത്തത്. മുണ്ടക്കൈയിലെ മാരിയമ്മൻ ക്ഷേത്രം വലിയ കേടുപാടുകളില്ലാതെ ദുരന്തത്തെ അതിജീവിച്ചു. സിഎസ്ഐ പള്ളിക്കും കേടുപാടുകൾ സംഭവിച്ചില്ല. മുണ്ടക്കൈയിലെ മുസ്ലിം പള്ളിയുടെ അടിത്തറയെ മലവെള്ളപ്പാച്ചിൽ പാടെ ഇളക്കി കളഞ്ഞു. തകർന്നുവീഴാവുന്ന ഒരു സ്ട്രെക്ച്ചാറായി ദുരന്തത്തിൻ്റെ ആഘാതം പേറി മുസ്ലിം പള്ളി ഇപ്പോഴും അവിടെയുണ്ട്. മുണ്ടക്കൈ എൽപി സ്കൂളും ദുരന്തത്തെ അതിജീവിച്ചപ്പോൾ സ്കൂളിനപ്പുറം ഇരുപതോളം വീടുകളെ മലവെള്ളം തുടച്ചു നീക്കി. അതിനോട് ചേർന്നുള്ള എസ്റ്റേറ്റ് ലൈനുകൾ അതിജീവിച്ചപ്പോൾ തൊട്ട് കിടക്കുന്ന മൂന്ന് ലൈനുകളെ മലവെള്ളം തൂത്തെടുത്തു. ഒരുകാലത്ത് മുണ്ടക്കൈക്കാരെ പുറംലോകവുമായി ചേർത്തു പിടിച്ചിരുന്ന പ്രധാനപ്പെട്ട ഇടമായിരുന്നു മുണ്ടക്കൈ പോസ്റ്റ്ഓഫീസ്. ജൂലൈ 29ൻ്റെ രാവിരുട്ടി വെളുത്തപ്പോഴേയ്ക്കും മുണ്ടക്കൈ പോസ്റ്റ് ഓഫീസ് മലവെള്ള പാച്ചിലിൽ ചരിത്രമായി മാറിയിരുന്നു. 2020ൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ കുന്നിനോട് ചേർന്നുള്ള പുഞ്ചിരിമട്ടം കുന്നിൽ നിന്നാണ് കനിവില്ലാതെ മലവെള്ളം പാറക്കല്ലുകളും ചെളിയും ചുമന്ന് അതിതീവ്രമായ ശക്തിയിൽ താഴോട്ട് പരന്നൊഴുകിയത്.
തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അധിവസിച്ചിരുന്ന തൊഴിലാളി ഗ്രാമമായിരുന്നു മുണ്ടക്കൈ. ഏതാനും തോട്ടം മുതലാളിമാരും ഇവിടെയുണ്ടായിരുന്നു. ഹാരിസൺ തോട്ടത്തിലെ നിരവധി തൊഴിലാളികൾക്ക് ഇവിടെ വീടും സ്ഥലവും സ്വന്തമായി ഉണ്ടായിരുന്നു. എസ്റ്റേറ്റ് പാടികളും സ്വകാര്യ വീടുകളും അടക്കം മുണ്ടക്കൈയുടെ ഭൂമിശാസ്ത്രത്തിൻ്റെ ഛായാചിത്രം കൂടിയാണ് മലവെള്ളത്തിൻ്റെ കുത്തെഴുക്കിൽ ചീന്തിയെറിയപ്പെട്ടിരിക്കുന്നത്.
അട്ടമല ഭാഗത്ത് എസ്റ്റേറ്റ് ഹോസ്പിറ്റലും മൂന്ന് ക്വാർട്ടേഴ്സുകളുമുണ്ട്. നദിയുടെ സമീപത്തായിരുന്നെങ്കിലും ഈ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതിന് സമീപമുള്ള രണ്ട് ലൈൻകെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അട്ടമലയിൽ എസ്റ്റേറ്റ് ലൈൻ കെട്ടിടങ്ങൾ, എസ്റ്റേറ്റ് സ്റ്റാഫ് ക്വാർട്ടേഴ്സ്, മാനേജർ ബംഗ്ലാവ് അടക്കമുള്ളവയുണ്ട്. ഇവയ്ക്കൊന്നും ദുരന്തത്തിൽ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നത് അട്ടമലയിലെ ദുരന്ത വ്യാപ്തികുറച്ചു. ചൂരൽമലയോട് ചേർന്ന് കിടക്കുന്ന അട്ടമലഭാഗത്തെ വീടുകളിൽ ചിലത് ദുരന്തത്തിന് ഇരയായിട്ടുണ്ട്. ചൂരൽ മലയിൽ വില്ലേജ് ഓഫീസും ബാങ്കും അവിടെയുണ്ട്. പുതിയതായി തുടങ്ങിയ സൂപ്പർമാർക്കറ്റ് ഭാഗീകമായി തകർന്നു. വെള്ളാർമല സ്കൂളിനോട് ചേർന്നുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് കെട്ടിടവും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.