പാരീസ് ഒളിമ്പിക്സ്, വനിതകളുടെ 66 കി ഗ്രാം ബോക്സിങ് വെല്റ്റര്വെയ്റ്റ് മത്സരം. ഇടിക്കൂട്ടില് ഇറ്റാലിയന് താരം ആഞ്ജല കരിനിയും അള്ജീരിയയുടെ ഇമാന് ഖലീഫും നേര്ക്കുനേര്. മത്സരം ആരംഭിച്ചു, 46ാം സെക്കന്ഡില് ആഞ്ജലയുടെ മൂക്കിന് നേരെ ഇമാന്റെ ഒരു കനത്ത പഞ്ച്. നിലത്ത് മുട്ടുകുത്തിയിരുന്ന് ആഞ്ജല പൊട്ടിക്കരഞ്ഞു. പിന്നാലെ പരിശീലകനുമായി സംസാരിച്ചു. പിന്നെ വൈകിയില്ല, കളി തുടരാന് താത്പര്യമില്ലെന്ന് അറിയിച്ച് ആഞ്ജലയുടെ പിന്മാറ്റം....
ഒരു വിവാദത്തിന് തിരികൊളുത്തുന്നതായിരുന്നു ആ ഇറങ്ങിപ്പോക്ക്. ഇമാന് ഹസ്തദാനം നല്കാന് പോലും തയ്യാറാകാതെയാണ് ആഞ്ജല ബോക്സിംഗ് റിങ്ങില് നിന്ന് ഇറങ്ങിപ്പോന്നത്. അതിനു ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ആഞ്ജല ഉന്നയിച്ച ആരോപണങ്ങള് കായികലോകത്തെയാകെ ചൂടുപിടിപ്പിച്ചു. ഇമാന് ഖലീഫ് സ്ത്രീയല്ല എന്ന വാദം ഉപയോഗിച്ചായിരുന്നു ആഞ്ജലയുടെ ആക്രമണം. വിവാദം കൊഴുത്തു, ലോകമാകെ സോഷ്യല് മീഡിയയില് സംഭവം വലിയ ചര്ച്ചയായി. ഖലീഫിനെ മത്സരിപ്പിക്കാനുള്ള അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനത്തെ വിമര്ശിച്ച് ഒരുവിഭാഗം പ്രചാരണം ശക്തമാക്കി. വനിതാ കായിക മേഖലയുടെ നൈതികതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ വിവാദത്തിനടിസ്ഥാനമായ വാദങ്ങളെന്ന് അഭിപ്രായമുയര്ന്നു.
എന്തുകൊണ്ട് വിവാദം?
ഇമാന് ഖലീഫിന്റെ ജെന്ഡര് സംബന്ധിച്ച ഈ വിവാദത്തിന് അടിത്തറ 2023ലെ ലോക ബോക്സിംഗ് ചാമ്പ്യന്ഷിപ്പാണ്. അന്ന് ഇമാന് ഖലീഫിന് മത്സരത്തില് പങ്കെടുക്കുന്നതില് അയോഗ്യത കല്പ്പിക്കപ്പെട്ടു. രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലിംഗനിര്ണയ പരിശോധനയില് ഇമാന് പരാജയപ്പെട്ടതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. പരിശോധനയില് ഇമാനില് എക്സ്, വൈ ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തി. പുരുഷന്മാരിലാണ് ഇങ്ങനെ ക്രോമസോമുകള് കാണപ്പെടുക. സ്ത്രീകളില് ഉണ്ടാകുക എക്സ്, എക്സ് ക്രോമസോമുകളാണ്. ഇക്കാരണത്താല് ഐബിഐ അയോഗ്യത കല്പിച്ച താരത്തിന് ഒളിമ്പിക് കമ്മിറ്റി വനിതാ വിഭാഗം മത്സരത്തില് പങ്കെടുക്കാന് അനുവദിച്ച നടപടിയാണ് ഇപ്പോള് വിവാദമായിരിക്കുന്നത്. ഇമാനെ ജന്മനാ പുരുഷന് എന്നും ട്രാന്സ്ജെന്ഡര് എന്നുമെല്ലാം വിശേഷിപ്പിച്ചാണ് ഇപ്പോള് വിമര്ശനങ്ങള് ശക്തമാകുന്നത്. എന്നാല്, ഇതല്ല യാഥാര്ത്ഥ്യം.
ശരിക്കും ഇമാന് ആരാണ്?
ഇമാന് ഖലീഫ് ഒരു പുരുഷ അത്ലറ്റോ ട്രാന്സ്ജെന്ഡറോ ഒന്നുമല്ല. ജന്മനാലുള്ള ശാരീരിക ഘടന കൊണ്ട് അവര് സ്ത്രീ തന്നെയാണ് എന്ന് ജനനസര്ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. എന്നാല്, ജൈവികപരമായി സ്ത്രീയാണെങ്കിലും ഇമാന് ഒരു പ്രത്യേക ശാരീരികാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ്. Differences of Sex Development (DSD) എന്ന അവസ്ഥയാണ് അവര്ക്കുള്ളത്. അതിനാലാണ് ശരീരത്തില് പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റിറോണിന്റെ കൂടിയ സാന്നിധ്യവും പുരുഷ ജീനായ എക്സ്, വൈ ക്രോമസോമും ഉള്ളത്. നിര്ഭാഗ്യവശാല് ഇവ രണ്ടും പുരുഷ അത്ലറ്റുകളിലാണ് ഉണ്ടാവാറുള്ളത്! ടെസ്റ്റോസ്റ്റിറോണിന്റെ ഈ അമിത അളവാണ് ലോക ബോക്സിംഗ് ചാമ്പ്യന്ഷിപ്പില് നിന്ന് ഇമാന് കഴിഞ്ഞ വര്ഷം അയോഗ്യയാവാന് കാരണം.
എന്താണ് DSD?
ഒരു വ്യക്തിയിലുള്ള ക്രോമസോമില് നിന്ന് വിരുദ്ധമായ ബാഹ്യശരീര ഘടനയാണ് DSD ഉള്ളവരിലുണ്ടാകുക. ചിലരില് ambiguous genitalia എന്ന അവസ്ഥയും കണ്ടുവരുന്നു. അതായത് പുരുഷന്റേതോ സ്ത്രീയുടേതോ എന്ന് തിരിച്ചറിയാന് കഴിയാത്ത ജനനേന്ദ്രിയം ഉണ്ടാകുന്ന അവസ്ഥ. വ്യക്തി പ്രായപൂര്ത്തിയാകുന്ന ഘട്ടമെത്തുമ്പോഴേക്കും DSD കൂടുതല് സങ്കീര്ണമാകുന്ന സ്ഥിതിയുണ്ടാകും. INTERSE എന്ന് മുമ്പൊക്കെ ഈ അവസ്ഥയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്, ആ പദപ്രയോഗം ശരിയല്ലെന്ന വാദവും പരക്കെ ഉയരുന്നുണ്ട് . Differences of Sex Development എന്ന് തന്നെ വിശേഷിപ്പിക്കുന്നതാണ് ശരിയെന്ന് വിലയിരുത്തലുകളുമുണ്ടായി.
ഇത്തരം സങ്കീര്ണതകള് കൊണ്ടുതന്നെ DSD ഉള്ള വ്യക്തിയെ ജന്മനാല് പുരുഷന്, ജന്മനാല് സ്ത്രീ എന്ന് വിവക്ഷിക്കുന്നത് തെറ്റിദ്ധാരണാജനകവും പ്രശ്നങ്ങള് സൃഷ്ടിക്കുന്നതും ആകാറുണ്ട്. ആ വിശേഷണം അവരുടെ സ്വത്വത്തെ ലളിതവത്കരിക്കുന്നതും അത്തരക്കാരോട് സമൂഹത്തില് നിലനില്ക്കുന്ന മോശം സമീപനം തുടരാന് പ്രേരകമാകുന്നതും ആണെന്ന് മാനസികാരോഗ്യ വിദഗ്ധര് പറയുന്നു.
വിവേചനങ്ങളില്ലാതെ മത്സരിക്കാനുള്ള അവകാശം
നിയമപരമായും സാമൂഹികപരമായും ഇമാന് ഖലീഫ് സ്ത്രീ തന്നെയാണ് എന്നതാണ് ഇവിടെ കാര്യങ്ങളെ കൂടുതല് സങ്കീര്ണമാക്കുന്നത്. ഏതെങ്കിലും ഘട്ടത്തില് ഇമാന് വേറിട്ടൊരു സ്വത്വമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അവരുടെ ജീവിതത്തില് ഒരിക്കലെങ്കിലും താനൊരു സ്ത്രീയല്ലെന്ന് പറയുന്ന സന്ദര്ഭവുമുണ്ടായിട്ടില്ല. ട്രാന്സ്ജെന്ഡര്, ഇന്റര്സെക്സ് തുടങ്ങിയ പദങ്ങളെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും നിയമത്തിന്റെ ചട്ടക്കൂടുകളിലും പരമ്പരാഗത സാംസ്കാരിക നിബന്ധനകളിലും പരുവപ്പെടുത്തിയിട്ടുള്ള ഒരു സമൂഹത്തില് നിന്നാണ് ഇമാന് വരുന്നതെന്നും ഓര്ക്കണം.
അകമഴിഞ്ഞ പിന്തുണയാണ് ജന്മനാട്ടില് നിന്ന് ഇമാന് ഈ വിഷയത്തില് ലഭിക്കുന്നത്. ഇമാനെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളിന്മേലുള്ള ആക്രമണമാണെന്ന് അള്ജീരിയന് ഒളിംപിക് കമ്മിറ്റി വാദിക്കുന്നു. വിവേചനം കൂടാതെ മത്സരിക്കാനുള്ള അവകാശം ഇമാനുണ്ടെന്നും അവര് അടിവരയിട്ടു പറയുന്നു.
വിവാദങ്ങള് അതിരുകടക്കുന്നതിനിടെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇമാനെ പിന്തുണച്ച് രംഗത്തെത്തി. പാരിസ് ഒളിംപിക്സില് വനിതാ വിഭാഗം ബോക്സിംഗില് മത്സരിക്കാനുള്ള എല്ലാവിധ യോഗ്യതയും ഇമാനുണ്ടെന്ന് ഐഒസി ഉറപ്പിച്ചു പറയുന്നു. വിവേചനങ്ങളില്ലാതെ കായികമത്സരങ്ങളില് പങ്കെടുക്കാനുള്ള അവകാശം എല്ലാവര്ക്കുമുണ്ടെന്നും ഐഒസി വ്യക്തമാക്കുന്നു.
എതിര്ത്ത പിതാവ്, സ്വപ്നത്തിലേക്ക് ഇടിച്ചടുത്ത ഇമാന്
അള്ജീരിയയിലെ ടിയാരെറ്റ് സ്വദേശിയാണ് ഈ 25കാരി. പെണ്കുട്ടികള് ബോക്സിംഗില് പങ്കെടുക്കുന്നത് ഇമാന്റെ പിതാവിന് ഇഷ്ടമല്ലായിരുന്നു. എന്നാല്, ഇമാന് ആഗ്രഹിച്ചത് ബോക്സിംഗില് ലോകചാമ്പ്യനാകണമെന്നും അതുവഴി വരും തലമുറയ്ക്ക് കൂടി പ്രചോദനമാകണമെന്നുമാണ്.
2018ല് ലോക ബോക്സിങ് ചാമ്പ്യന്ഷിപ്പിലായിരുന്നു ഒരു പ്രൊഫഷണല് ബോക്സര് എന്ന നിലയില് ഇമാന്റെ അരങ്ങേറ്റം. അന്ന് 17ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അടുത്ത വര്ഷം 19-ാമതായി പോയി. പിന്നാലെ ടോക്യോ ഒളിംപിക്സില് ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് അയര്ലന്ഡിന്റെ കെല്ലി ഹാരിങ്ടണോട് പരാജയപ്പെട്ടു. പക്ഷേ അതിനു ശേഷം നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്ഷിപ്പില് ആമി ബ്രോഡ്ഹര്സ്റ്റിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കി. 2022ല് ആഫ്രിക്കന് ചാമ്പ്യന്ഷിപ്പിലും മെഡിറ്ററേനിയന് ഗെയിംസിലും 2023ല് അറബ് ഗെയിംസിലും ഇമാന് സ്വര്ണ മെഡല് നേടി. പങ്കെടുത്ത 51 മത്സരങ്ങളില് 42ലും വിജയം നേടിയ ചരിത്രമാണ് ഇമാനുള്ളത്. ടോക്യോ ഒളിംപിക്സില് ക്വാര്ട്ടര് ഫൈനലിലാണ് ഇമാന്റെ സ്വപ്നങ്ങള് പൊലിഞ്ഞത്. ഇക്കുറി പാരിസ് ഒളിംപിക്സില് ഇമാന് മുന്നില് ഇനിയുള്ള ഊഴം ക്വാര്ട്ടര് ഫൈനലാണ്. ഹംഗറിയുടെ അന്ന ലൂക്ക ഹമോരി ആണ് എതിരാളി.
ലിംഗസ്വത്വം കായികരംഗത്ത്
ഇമാനുമായി ബന്ധപ്പെട്ട വിവാദം കേവലം വ്യക്തികളില് മാത്രം ഒതുങ്ങുന്ന ഒന്നാകുന്നില്ല. ലിംഗ സ്വത്വം, ജന്മനാലുള്ള സ്വത്വം, നൈതികത എന്നിവയൊക്കെ കായികരംഗത്ത് പരിഗണിക്കപ്പെടുന്നതെങ്ങനെയെന്ന വിശാല ചര്ച്ചയിലേക്കാണ് അത് വഴിതുറക്കുന്നത്. ഇവയുടെയൊക്കെ വ്യാഖ്യാനത്തെ രാഷ്ട്രീയപരവും സാമൂഹികപരവുമായ നിരവധി ഘടകങ്ങള് സ്വാധീനിക്കുകയും ചെയ്യുന്നു. രണ്ട് കാര്യങ്ങള് സുവ്യക്തമാണ്. ഒന്ന്, ലൈംഗികതയും ലിംഗസമത്വവും ലൈംഗികസ്വത്വവും സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം അനുസരിച്ച് വിശാലാര്ത്ഥത്തിലുള്ള മനസിലാക്കലുകള് ഉണ്ടാകേണ്ടിയിരിക്കുന്നു. രണ്ട്, സ്വത്വപരമായി വ്യത്യസ്തതകള് ഉള്ള അത്ലറ്റുകള്ക്കു വേണ്ടി ക്രിയാത്മകമായ ആലോചനകളും കര്മ്മപദ്ധതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. (ജൈവികതലം അടിസ്ഥാനമാക്കി പരിശോധനകള് നടക്കുകയും യോഗ്യതാ മാനദണ്ഡങ്ങള് പാലിക്കുകയും ചെയ്യുന്ന ഇടമാണ് കായികലോകം എന്ന് മറക്കരുത്)
പിന്കുറിപ്പ്: ഇമാന്റെ ഇടികൊണ്ട് ബോക്സിംഗ് റിങ് വിട്ടിറങ്ങിയ ആഞ്ജലയെ പരിഹസിക്കുന്നവരോട്, വനിതകളോട് മാത്രേ മത്സരിക്കൂ എന്ന് വാശിപിടിച്ചാലെങ്ങനെയാ ലിംഗസമത്വം വേണ്ടേ എന്ന നിങ്ങളുടെ പരിഹാസം അറിവില്ലായ്മ കൊണ്ടു മാത്രമാണെന്ന് പറയാനേ തരമുള്ളു. സമൂഹത്തില് ഇന്ന് മൂന്നു തരം ആളുകളെ ഉള്ളൂ. ഫെമിനിസത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വളരെക്കുറച്ച് പേരാണ് അതിലൊന്നാമത്തേത്. രണ്ടാമത്തേത്, ഫെമിനിസം എന്നാല് എന്താണെന്ന് മനസിലാക്കാതെ, സ്ത്രീകള്ക്ക് അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ആളാണ് ഞാന് എന്ന് കൊട്ടിഘോഷിക്കുന്ന സ്യൂഡോകളാണ്. മൂന്നാമത്തേത്, ഫെമിനിസമെന്ന് കേട്ടാലുടനെ അമ്പും വില്ലുമെടുത്ത് യുദ്ധത്തിനിറങ്ങുന്നവരാണ്, അവരെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്ന വാക്ക് പോലും അങ്ങേയറ്റം അശ്ലീലമാണ്. പരിഹസിക്കുന്നവരേ നിങ്ങളെ സംബന്ധിച്ച് എന്ത് ഇമാന് ഖലിഫ്, ഏത് ആഞ്ജല കരിനി, അവര് കടന്നുവന്ന വഴികളോ അവരുടെ നേട്ടങ്ങളോ ഒന്നുമല്ല, വനിത എന്ന വാക്കില് മാത്രമാണ് നിങ്ങളുടെ ശ്രദ്ധ, അതിനപ്പുറമൊന്നും കാണാന് നിങ്ങള്ക്കാവുന്നില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ അശ്ലീലം...!