എല്ലാ കാലത്തും ഷെയ്ഖ് ഹസീനയുടെ നിഴലായിരുന്നു സഹോദരി ഷെയ്ഖ് രെഹാന. സന്തോഷത്തിലും സങ്കടത്തിലും മരണമുഖത്ത് പോലും സഹോദരിക്കൊപ്പം ഒറ്റമനസ്സായി രെഹാനയുണ്ടായിരുന്നു. 1975 ൽ പിതാവ് മുജിബുർ റഹാമാനും മാതാവ് ബീഗം ഫസിലത്തുന്നീസയും സഹോദരങ്ങളായ കമാൽ, ജമാൽ, റസ്സൽ എന്നിവരും കൂട്ടക്കൊല ചെയ്യപ്പെടുമ്പോഴും ഹസീനയ്ക്കൊപ്പം വിദേശത്തായിരുന്നു രെഹാന. ചേച്ചിയുടെ നിഴലായി നിന്നത് കൂട്ടക്കൊലയിൽ നിന്ന് രെഹാനയെ രക്ഷപ്പെടുത്തിയെന്ന് പോലും പറയാം. 49 വർഷത്തിന് ശേഷം ഇന്ന് ബംഗ്ലാദേശ് വിട്ട് അഭയം തേടിയോടുമ്പോഴും ഹസീനയെ കൈവിട്ടിട്ടില്ല രെഹാന. പ്രധാനമന്ത്രി പദം രാജിവച്ച് ജീവനും കൊണ്ടോടി, സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ രക്ഷപ്പെട്ട് രെഹാനയുടെ കൈപിടിച്ച് ഹസീന ഇന്ത്യയിലിറങ്ങി. വീണ്ടും ഇന്ത്യയിലഭയം തേടുമ്പോഴും വിധിയെന്നോ യാദൃശ്ചികതയെന്നോ പറയാവുന്ന ഒന്ന്, ആ സഹോദരിമാർ ഒരുമിച്ചാണ് എന്നതാണ്.
മുജിബുർ റഹ്മാന്റെ അഞ്ച് മക്കളിൽ നാലാമത്തവളാണ് ഷെയ്ഖ് രെഹാന. എല്ലാ ഔദ്യോഗിക യാത്രകളിലും ഹസീനയെ നിഴലുപോലെ പിന്തുടർന്നു അവാമി ലീഗിന്റെ പ്രമുഖ നേതാക്കളിലൊരാൾ കൂടിയായ രെഹാന. 2007 മുതൽ 2008 വരെ ഹസീന ജയിലിൽ കഴിഞ്ഞ കാലം സഹോദരിയുടെ അസാന്നിദ്ധ്യത്തിൽ രെഹാനയാണ് പാർട്ടിയെ നയിച്ചത്. അവാമി ലീഗിന്റെ യോഗങ്ങൾ വിളിച്ചുകൂട്ടിയും നിർദ്ദേശങ്ങൾ നൽകിയും പ്രവർത്തകരെ ഒപ്പം നിർത്തി.
കൂട്ടക്കൊല നടന്ന് വർഷങ്ങൾക്ക് ശേഷം രെഹാന ബംഗ്ലാദേശിലെ പണ്ഡിതനായ ഷഫീഖ് അഹമ്മദ് സിദ്ദിഖിയെ വിവാഹം ചെയ്തു. ലണ്ടനിലായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് ഹസീനയ്ക്ക് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. പിതാവിന്റെ മരണശേഷം അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുന്ന ഹസീനയുടെ കൈയിൽ ലണ്ടനിൽ പോയി സഹോദരിയുടെ വിവാഹം കൂടാൻ പണമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
രെഹാനയ്ക്ക് മൂന്ന് മക്കളാണ്. റദ്വാൻ മുജിബ് സിദ്ദിഖ് സ്ട്രാറ്റജിക് കൺസൽട്ടന്റാണ്, ഒപ്പം അവാമി ലീഗിന്റെ റിസർച്ച് ആന്റ് ഇൻഫർമേഷൻ വിങ് ട്രസ്റ്റിയുമാണ്. മകൾ തുലിപ് സിദ്ദിഖ് യുകെയിൽ ലേബർ പാർട്ടി നേതാവാണ്. നിലവിൽ കെയ്ർ സ്റ്റാർമർ മന്ത്രിസഭയിലെ ട്രഷറി ആന്റ് സിറ്റി മന്ത്രിയുടെ എകണോമിക് സെക്രട്ടറിയാണ് തുലിപ്. അസ്മിന സിദ്ദിഖ് റിസ്ക് കൺസൽട്ടൻസിയിലാണ് ജോലി ചെയ്യുന്നത്.
1975 ജൂലൈ, ഭർത്താവും ഫിസിസ്റ്റുമായിരുന്ന എം എ വസീദ് മിയാഹ്-യെ കാണാൻ ഹസീനയും സഹോദരി രെഹാനയും ജർമ്മനിയിലേക്ക് പോയി. അന്ന് ഇരുവരെയും യാത്രയാക്കാൻ കുടുംബം മൊത്തം വിമാത്താവളത്തിലെത്തി. എന്നാൽ അത് തങ്ങളുടെ പ്രിയപ്പെട്ടവരുമൊരുമിച്ചുള്ള അവസാന നിമിഷങ്ങളാകുമെന്ന് ആ സഹോദരിമാർ അറിഞ്ഞിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുജിബുർ റഹ്മാനും ഭാര്യയും മൂന്ന് മക്കളും രണ്ട് പേരുടെ നവവധുക്കളും വസതിയിലെ ജീവനക്കാരുമടക്കം 36 പേർ സൈന്യത്തിന്റെ കൈയാൽ കൊല്ലപ്പെട്ടു. ഹസീനയും ഭർത്താവും രണ്ട് മക്കളും രെഹാനയും മാത്രം ബാക്കിയായി.
എവിടേക്ക് പോകുമെന്നറിയാതെ നിന്ന തങ്ങൾക്ക് മുന്നിലേക്ക് നീണ്ടത് ഇന്ദിരാഗാന്ധിയുടെ കൈകളായിരുന്നുവെന്ന് ഹസീന ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 'യൂഗോസ്ലാവ്യയിൽ നിന്ന് മാർഷൽ ടിറ്റോയും ഇന്ത്യയിൽ നിന്ന് ഇന്ദിരാഗാന്ധിയും അഭയം വാഗ്ദാനം ചെയ്തു. ഞങ്ങൾ ഇന്ത്യ തിരഞ്ഞെടുത്തു. ഞങ്ങൾ ഡൽഹിയിലേക്ക് പോയി. ഡൽഹിയിൽ നിന്ന് ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിൽ എത്രപേർ ജീവനോടെയുണ്ടെന്ന് അറിയാനും കഴിയും' - പിന്നീടൊരിക്കൽ ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു.
പ്രക്ഷോഭകർ രാജ്യം മുഴുവൻ പ്രതിഷേധാഗ്നി പടർത്തുകയാണ്. വസതി വളഞ്ഞുതുടങ്ങി. നഗരങ്ങൾ അടിച്ച് തകർത്ത് പ്രതിഷേധം കനക്കുന്നു. അപ്പോഴും രാജ്യം വിട്ടുപോകാൻ ഹസീന കൂട്ടാക്കിയില്ല. ഹസീനയുടെ അടുത്ത വൃത്തങ്ങൾക്ക് മുന്നിൽ പിന്നെ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളു, ഷെയ്ഖ് രെഹാന. അവർ രെഹാനയുടെ സഹായം തേടി, ഹസീനയെ അനുനയിപ്പിക്കാൻ. രെഹാന പറഞ്ഞിട്ടും ഹസീന കേട്ടില്ലെന്നാണ് ബംഗ്ലാദേശ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഒടുവിൽ ഹസീനയുടെ മകൻ സജീദ വസെദിന്റെ വിളി വന്നു, ഒടുവിൽ രാജ്യം വിടാൻ ഹസീന സമ്മതിച്ചു. ആ സഹോദരിമാർ ബാഗ് തയ്യാറാക്കി ബംഗ്ലാദേശിൽ നിന്ന് പറന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകർ കൈയ്യേറി, പാർലമെന്റ് അടിച്ചുതകർത്തു, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജിബുർ റഹ്മാന്റെ ധാക്കയിലെ പ്രതിമ തകർത്തു. അപ്പോഴേക്കും ആ സഹോദരിമാർ ഇന്ത്യയിലെത്തിയിരുന്നു, 49 വർഷങ്ങൾക്ക് മുമ്പ് കുടുംബം നഷ്ടപ്പെട്ടാണെങ്കിൽ, ഇന്ന് രാജ്യം കൈവിട്ട്...
അനുബന്ധം: NDTV