സര്ക്കാര് സര്വീസിലേക്കുള്ള സംവരണത്തിന്റെ മാനദണ്ഡങ്ങള്ക്കെതിരെയായിരുന്നു ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളായിരുന്നു വിദ്യാർത്ഥി സമരത്തിൻ്റെ തുടക്കമെന്നാണ് ആ ഘട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. ജീവിത സുരക്ഷിതത്വം കൂടുതലുള്ള സർക്കാർ തൊഴിലവസരങ്ങളിൽ 56 ശതമാനവും സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സാഹചര്യം അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരെയും വിദ്യാർത്ഥികളെയും കാലങ്ങളായി ആശങ്കയിലാക്കിയിരുന്ന വിഷയമാണ്. അടുത്തിടെ ബംഗ്ലാദേശിൻ്റെ സാമ്പത്തിക മേഖലയിൽ ഉണ്ടായ പ്രതിസന്ധികളും സ്വകാര്യ തൊഴിൽ അവസരങ്ങളുടെ കുറവും സംവരണ വിരുദ്ധ നിലപാട് സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നതും പ്രക്ഷോഭത്തിന് സ്വീകാര്യത കിട്ടാൻ കാരണമായി എന്ന് വ്യക്തം.
ബംഗ്ലാദേശ് വിമോചനത്തിന് തൊട്ടുപിന്നാലെ ഏർപ്പെടുത്തിയ ബംഗ്ലാദേശി ക്വാട്ട സമ്പ്രദായം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായതിന് പിന്നാലെ 1972-ൽ ഷെയ്ഖ് മുജീബുർ റഹ്മാനാണ് ബംഗ്ലാദേശി ക്വാട്ടാ സംവരണം ആവിഷ്കരിച്ചത്. തുടക്കത്തിൽ 80 ശതമാനം സർക്കാർ ജോലികളും സ്വാതന്ത്ര്യ സമര സേനാനികൾ, 1971 ലെ യുദ്ധം ബാധിച്ച സ്ത്രീകൾ, രാജ്യത്തെ ദരിദ്ര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവർക്കായി നീക്കിവെയ്ക്കുന്ന നിലയിലാണ് സംവരണം ആരംഭിച്ചത്. എന്നാൽ 1976ൽ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം 40 ശതമാനമാക്കി ഉയർത്തി. പിന്നീട് 1990കളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി തന്നെ സംവരണത്തിനെതിരായ പ്രതിഷേധങ്ങൾക്കും തുടക്കമായി. 1996ലും സംവരണ ശതമാനത്തിൽ മാറ്റം വരുത്തിയിരുന്നു. ഏറ്റവും ഒടുവിൽ 56 ശതമാനമായിരുന്നു ബംഗ്ലാദേശി ക്വാട്ട സമ്പ്രദായം.
പൊതുമേഖലാ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ മക്കൾക്കും കൊച്ചുമക്കൾക്കുമായി 30 ശതമാനം, സ്ത്രീകൾക്ക് 10 ശതമാനം, പിന്നാക്ക ജില്ലകളിൽ നിന്നുള്ള ഉദ്യോഗ്യാർത്ഥികൾക്ക് 10 ശതമാനം, ഗോത്രവർഗ്ഗ-ന്യൂനപക്ഷക്കാർക്ക് 5 ശതമാനം, ഭിന്നശേഷിക്കാർക്ക് 1 ശതമാനം എന്നിങ്ങനെയായിരുന്നു ക്വാട്ടാ സംവരണത്തിലെ മാനദണ്ഡങ്ങൾ. 2018ൽ ക്വാട്ടാ സംവരണത്തിനെതിരായി ബംഗ്ലാദേശിൽ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. ഇതിന് പിന്നാലെ സർക്കാർ ക്വാട്ട സമ്പ്രദായം നിർത്തലാക്കുകയായിരുന്നു. സർക്കാർ ജോലിയിൽ 9 മുതൽ 13 വരെയുള്ള ഗ്രേഡുകളിലെ (മുമ്പ് ഫസ്റ്റ്, സെക്കൻഡ് ക്ലാസ് ജോലികൾ എന്നറിയപ്പെട്ടിരുന്നു) എല്ലാത്തരം ക്വാട്ടകളും സർക്കാർ ഒഴിവാക്കി.
ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടന സുരക്ഷാസേനയ്ക്കൊപ്പം പ്രക്ഷോഭകാരികളെ തെരുവിൽ നേരിടാൻ തുടങ്ങിയതോടെയാണ് സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ രൂപവും ഭാവവും മാറിയത്. സ്വന്തം വിദ്യാർത്ഥി സംഘടനയെ നിയന്ത്രിക്കുന്നതിൽ ഹസീനയ്ക്കും അവാമി ലീഗ് നേതൃത്വത്തിനും വീഴ്ചപറ്റി. ഹസീനയുടെ റസാക്കാർ പരാമർശവും പ്രക്ഷോഭത്തിന് വലിയ രാഷ്ട്രീയ മാനങ്ങൾ നൽകി
ഇതിനെതിരെ സ്വാതന്ത്ര്യ സമര സേനാനികളുടെ അവകാശികൾ നൽകിയ ഹർജിയിലെ ഹൈക്കോടതി വിധിയാണ് പിന്നീട് അക്രമാസക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിലേയ്ക്ക് വഴി തെളിച്ചത്. സംവരണം റദ്ദാക്കിയ 2018ലെ സർക്കാർ ഉത്തരവ് ബംഗ്ലാദേശ് ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് 2024 ജൂൺ 5ന് പുറത്ത് വന്ന കോടതി വിധിയ്ക്ക് പിന്നാലെയാണ് ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്നത് വരെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും പ്രക്ഷോഭകാരികളെ തണുപ്പിച്ചില്ല. സംവരണ വിരുദ്ധ സമരത്തിൽ രാഷ്ട്രീയം കലർന്നതോടെയാണ് അത് പതിയെ സർക്കാർ വിരുദ്ധ സമരമായി രൂപം പ്രാപിച്ചത്. ഹസീന ഭരണകൂടത്തിനും ഇതിൽ വീഴ്ച സംഭവിച്ചിരുന്നു. ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടന സുരക്ഷാ സേനയ്ക്കൊപ്പം പ്രക്ഷോഭകാരികളെ തെരുവിൽ നേരിടാൻ തുടങ്ങിയതോടെയാണ് സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ രൂപവും ഭാവവും മാറിയത്. സ്വന്തം വിദ്യാർത്ഥി സംഘടനയെ നിയന്ത്രിക്കുന്നതിൽ ഹസീനയ്ക്കും അവാമി ലീഗ് നേതൃത്വത്തിനും വീഴ്ചപറ്റി. ഹസീനയുടെ റസാക്കാർ പരാമർശവും പ്രക്ഷോഭത്തിന് വലിയ രാഷ്ട്രീയ മാനങ്ങൾ നൽകി.
ഇതിനിടെ പൊതുമേഖലാ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 93 ശതമാനം സംവരണം യോഗ്യതയുടെ അടിസ്ഥാനത്തിലും ഏഴ് ശതമാനം സംവരണത്തിൻ്റെ അടിസ്ഥാനത്തിലുമെന്ന ചരിത്രപരമായ സുപ്രീം കോടതി വിധിയും പുറത്തുവന്നു. ഏഴ് ശതമാനത്തിൽ അഞ്ച് ശതമാനം സംവരണം ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്ക്കും. ബാക്കി രണ്ട് ശതമാനം സംവരണം പിന്നാക്ക, ലൈംഗിക ന്യൂനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്കുമായി മാറ്റവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സംവരണ വിഷയത്തിൽ സമരക്കാർ ഉന്നയിച്ച പ്രശ്നത്തിൽ തീരുമാനമായിട്ടും പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. ജൂലൈ 21ന് സുപ്രീം കോടതി സംവരണ വിഷയത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഏറ്റവും ഉദാരമായി പരിഗണിച്ച് തീരുമാനം എടുത്തിട്ടും പ്രക്ഷോഭം അവസാനിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. അവിടെ ബംഗ്ലാദേശിൽ നടന്ന സംവരണ വിരുദ്ധ സമരം ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അജണ്ടയാണെന്ന് വ്യക്തമാകുന്നത്.
ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തില് ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്ത്ഥി വിഭാഗമായ ഛത്ര ഷിബിര് നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കിയെന്ന ആരോപണം ഒരുഘട്ടത്തിൽ ഉയർന്നിരുന്നു. സുപ്രീം കോടതി പ്രക്ഷോഭകാരികളുടെ ആവശ്യം പരിഗണിച്ചതിന് ശേഷവും പ്രക്ഷോഭം തുടർന്നത് തിരഞ്ഞെടുപ്പ് നിരോധനം അടക്കമുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ജമാ-അത്തെ ഇസ്ലാമി ബംഗ്ലാദേശി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് വരാന് പയറ്റുന്ന തന്ത്രമായും വിലയിരുത്തപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്കും രാജ്യം വിടാനുള്ള തീരുമാനത്തിലേയ്ക്കും എത്തിച്ചത് ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ ഒരു സർക്കാർ ഗസറ്റായിരുന്നു. അതിന് ശേഷം പ്രക്ഷോഭത്തിൻ്റെ സ്വഭാവം വഴിമാറുകയായിരുന്നു. എന്ത് കൊണ്ട് ആഗസ്റ്റ് ഒന്നിന് എന്ന് വിലയിരുത്തുമ്പോഴാണ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കേണ്ടത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യമായിരുന്നു എന്ന് വ്യക്തമാകുന്നത്.
2009 ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന് 18(1)ൻ്റെ വെളിച്ചത്തിലായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഛത്ര ഷിബിര് എന്നിവയെയും അവരുടെ എല്ലാ അനുബന്ധ സംഘടനകളെയും നിരോധിത സംഘടനകളായി പ്രഖ്യാപിച്ച് ഹസീന ഭരണകൂടം ഗസറ്റ് പുറത്തിറക്കിയത്
ആഗസ്റ്റ് ഒന്നിന് ഹസീന സർക്കാർ പുറത്തിറക്കിയ ഗസറ്റ് തീരുമാനം തന്നെയാണ് ആത്യന്തികമായി പ്രക്ഷോഭത്തിൻ്റെ ഗതിവേഗം കൂട്ടിയതെന്ന് വേണം കണക്കാക്കാൻ. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിനെയും അടക്കം നിരോധിക്കുന്ന ഗസറ്റ് വിജ്ഞാപനം ആഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ വിദ്യാര്ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറും അടുത്തിടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന കലാപത്തിലും കൊലപാതക പരമ്പരയിലും നേരിട്ട് പങ്കെടുത്തതിന് തെളിവുകളുണ്ടെന്ന് വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. അവര് വിദ്യാര്ത്ഥി പ്രസ്ഥാനത്തെ നേരിട്ട് സ്വാധീനിച്ചുവെന്നും ഗസറ്റ് വിജ്ഞാപനത്തില് പറഞ്ഞിരുന്നു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഛത്ര ഷിബിര് എന്നിവരും അവരുമായി സഹകരിക്കുന്ന മുന്നണികളും അട്ടിമറി പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിട്ടുണ്ടെന്ന് സര്ക്കാര് വിശ്വസിക്കുന്നതായും വിജ്ഞാപനം ചൂണ്ടിക്കാണിച്ചിരുന്നു. 2009 ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന് 18(1)ൻ്റെ വെളിച്ചത്തിലായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഛത്ര ഷിബിര് എന്നിവയെയും അവരുടെ എല്ലാ അനുബന്ധ സംഘടനകളെയും നിരോധിത സംഘടനകളായി പ്രഖ്യാപിച്ച് ഹസീന ഭരണകൂടം ഗസറ്റ് പുറത്തിറക്കിയത്.
ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഗസറ്റ് വ്യക്തമാക്കിയിരുന്നു. നേരത്തെ അവാമി ലീഗിൻ്റെ നേതൃത്വത്തിലുള്ള 14 പാർട്ടികളുടെ സഖ്യത്തിൻ്റെ നേതാക്കൾ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ വിദ്യാര്ത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സർക്കാർ ഗസറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വിദ്യാർത്ഥി സമരം കൂടുതൽ അക്രമാസക്തമായി. ആഗസ്റ്റ് നാലിന് മാത്രം ഏതാണ്ട് 98 പേരോളമാണ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി അരങ്ങേറിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീന രാജിവെയ്ക്കണമെന്നതിലേയ്ക്ക് പ്രക്ഷോഭകരുടെ ആവശ്യം ശക്തിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സർക്കാർ രാജ്യവ്യാപകമായ കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ ആഗസ്റ്റ് അഞ്ചിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ലക്ഷ്യം വെച്ചു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെയ്ക്കുന്നതും രാജ്യം വിടുന്നതും. ശേഷം ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
നേരത്തെ 2018 ഒക്ടോബറില് തിരഞ്ഞെടുപ്പ് കമ്മീഷന് ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനും അതോടെ അവർക്ക് അയോഗ്യത ഉണ്ടായിരുന്നു. പിന്നീട് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിരുന്നു. 1975 ല് സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പാര്ട്ടികളിലൊന്നാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടിയുമായി ചരിത്രപരമായി സഖ്യത്തിലേര്പ്പെട്ടിരുന്ന അവരെ 2013-ല് ദേശീയ തിരഞ്ഞെടുപ്പുകളില് പങ്കെടുക്കുന്നതില് നിന്നും വിലക്കിയിരുന്നു. ഷെയ്ഖ് ഹസീനയുടെ കാലത്ത് ഈ നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ അസ്ഥിത്വത്തെ അടിമുടി തകർക്കുന്ന നിലപാടുകൾ സ്വീകരിക്കപ്പെട്ടിരുന്നു.
ബംഗ്ലാദേശ് വിമോചനകാലം മുതൽ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്ത്തനങ്ങള് തര്ക്കവിഷയമാണ്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൻ്റെ കാലത്ത് റസാക്കര്മാര്, അല്-ബദര്, അല്-ഷാംസ്, പീസ് കമ്മിറ്റി തുടങ്ങിയ സഹായ സേനകള് രൂപീകരിച്ച് പാകിസ്താൻ അനുകൂല നിലപാട് സ്വീകരിച്ചതായി ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണം ഉണ്ടായിരുന്നു
ബംഗ്ലാദേശ് വിമോചനകാലം മുതൽ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്ത്തനങ്ങള് തര്ക്കവിഷയമാണ്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൻ്റെ കാലത്ത് റസാക്കര്മാര്, അല്-ബദര്, അല്-ഷാംസ്, പീസ് കമ്മിറ്റി തുടങ്ങിയ സഹായ സേനകള് രൂപീകരിച്ച് പാകിസ്താൻ അനുകൂല നിലപാട് സ്വീകരിച്ചതായി ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുര് റഹ്മാന് സംഘടനയെ നിരോധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ വിമോചന സമരകാലത്തെ പാകിസ്താൻ അനുകൂല സമീപനങ്ങളായിരുന്നു.
ഹസീന രാജ്യം വിട്ടതിന് പിന്നാലെ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷലിസ്റ്റ് പാർട്ടിയുടെയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കൾക്കെതിരായ ശിക്ഷാ നടപടികളെല്ലാം അവാമി ലീഗിൻ്റെ പ്രതിനിധിയായ പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ റദ്ദാക്കിയത് ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശ് സ്ഥാപക പ്രസിഡൻ്റായ ഷെയ്ഖ് മുജീബൂർ റഹ്മാൻ്റെ പ്രതിമകളും അവാമി ലീഗിൻ്റെ ഓഫീസുകളും തകർക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നതാണ് ഏറ്റവും കൗതുകകരം. ഷെയ്ഖ് ഹസീന സ്ഥാനത്യാഗം ചെയ്തതിന് പിന്നാലെ ഹസീന ഭരണകൂടം അന്യായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ജമാഅത്തെ നേതാക്കളെയും മോചിപ്പിച്ചിരുന്നു. ജമാഅത്തെ ബന്ധമുള്ള മുന് ബ്രിഗേഡിയര് ജനറല് അബ്ദുല്ലാഹില് അമന് ആസ്മി, ബാരിസ്റ്റര് അഹ്മദ് ബിന് ക്വാസെം അര്മാന് എന്നിവരെ 'അയ്നാഗോര്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ തടങ്കല് കേന്ദ്രത്തില് നിന്ന് മോചിപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ഗുലാം അസമിൻ്റെ രണ്ടാമത്തെ മകനാണ് ബ്രിഗേഡിയര് ജനറല് അബ്ദുല്ലഹില് അമന് ആസ്മി. 1971-ലെ വിമോചനയുദ്ധ കാലത്ത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരില് 2016 ഓഗസ്റ്റ് 23നാണ് അസ്മിയെ നിയമപാലകര് അറസ്റ്റ് ചെയ്തത്. നേരത്തെ സൈന്യത്തില് നിന്ന് പിരിച്ചുവിടുന്ന സമയത്ത് ആസ്മി ബ്രിഗേഡിയര് ജനറല് പദവി വഹിച്ചിരുന്നു. 2016 സെപ്തംബർ 3ന് തൂക്കി കൊല്ലപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മിർ ക്വാസിം അലിയുടെ മകനാണ് ബാരിസ്റ്റര് അഹ്മദ് ബിന് ക്വാസെം അര്മാന്. 1971ലെ വിമോചന സമരകാലത്തെ മനുഷ്യത്വവിരുദ്ധമായ കുറ്റങ്ങളുടെ പേരിലായിരുന്നു മിർ ക്വാസിം അലിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹസീന് പുറത്തായതിന് പിന്നാലെ 13 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിൽ ഓഫീസും തുറന്നിട്ടുണ്ട്.
മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സഖ്യകക്ഷിയായിരുന്നു നേരത്തെ ജമാഅത്തെ ഇസ്ലാമി. അതിനാൽ തന്നെ ഇനിയെന്ത് എന്നത് ജമാഅത്തെ ഇസ്ലാമിയെപ്പോലെ തന്നെ ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ ഗതിവിഗതികളിലും നിർണ്ണായകമാണ്
ഷെയ്ഖ് ഹസീന സ്ഥാന ത്യാഗം ചെയ്തതിന് പിന്നാലെ പാർലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഹസീന കാലത്ത് ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്ന വിലക്കുകൾ തുടരുമോ എന്നതിൽ വ്യക്തതയില്ല. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാണലിസ്റ്റ് പാർട്ടിയുടെ സഖ്യകക്ഷിയായിരുന്നു നേരത്തെ ജമാഅത്തെ ഇസ്ലാമി. അതിനാൽ തന്നെ ഇനിയെന്ത് എന്നത് ജമാഅത്തെ ഇസ്ലാമിയെപ്പോലെ തന്നെ ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ ഗതിവിഗതികളിലും നിർണ്ണായകമാണ്. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുന്നണിയിലുണ്ടായിരുന്നെങ്കിലും ഹസീനയുടെ പതനത്തിന് പിന്നിൽ നിഴൽ നീക്കങ്ങൾ നടത്തിയത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി തന്നെയാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.