ആദ്യം അദാനി, ഇപ്പോൾ സെബിയും മാധബി ബുച്ചും; ഇന്ത്യയെ ഞെട്ടിച്ച രണ്ട് ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ

ഒരു വർഷത്തോളം പൊതുവിൽ ശാന്തമായ അവസ്ഥ, സെബിയുടെ അന്വേഷണം എങ്ങുമില്ല, ഹിൻഡൻബർഗ് അദാനിയെ മറന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഓഗസ്റ്റ് 10ന് രാത്രി ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തൽ...

ജിതി രാജ്
5 min read|11 Aug 2024, 11:51 pm
dot image

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ, മൂന്ന് പതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ച വ്യാവസായിക സാമ്രാജ്യം, ഇതാണ് ഗൗതം അദാനിയും അദാനി ഗ്രൂപ്പും. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി അദാനിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് ഹിൻഡൻബർഗ് റിസർച്ച്. അമേരിക്കൻ ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് 2023 ലാണ് ആദ്യമായി അദാനിക്കെതിരെ രംഗത്തെത്തുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള് വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് ആദ്യം പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണം. അന്ന് വലിയ കോളിളക്കങ്ങളും കോലാഹലങ്ങളുമുണ്ടായി. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ പാർലമെന്റ് സമ്മേളനം സ്തംഭിക്കുന്ന അവസ്ഥ വരെ ഉണ്ടായി.

പിന്നീട് ഒരു വർഷത്തോളം പൊതുവിൽ ശാന്തമായ അവസ്ഥ, സെബിയുടെ അന്വേഷണം എങ്ങുമില്ല, ഹിൻഡൻബർഗ് അദാനിയെ മറന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഓഗസ്റ്റ് 10ന് രാത്രി ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഹിൻഡൻബർഗിന്റെ ആ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ഓഹരി വിപണിയെ നിയന്ത്രിക്കാൻ അധികാരമുള്ള സെബി എന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇത്തവണ രേഖകൾ സഹിതം ഹിൻഡൻബർഗ് പുറത്തുവിട്ട വിവരം. അദാനിയുടെ ഷെൽ കമ്പനികളിൽ അഥവാ കൃത്രിമം നടത്താനടക്കം തയ്യാറാക്കിയ കടലാസ് കമ്പനികളിൽ സെബിയുടെ ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനും നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തൽ. ആദ്യ ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ അദാനിക്കെതിരെ അന്വേഷണം നടത്തുന്നത് സെബിയാണെന്നിരിക്കെ ഇപ്പോൾ ഉയർന്ന ആരോപണത്തിന്റെ വ്യാപ്തി വളരെയധികമാണ്. ഇന്ത്യൻ ഓഹരിയെ നിയന്ത്രിക്കേണ്ട സ്ഥാപനം തന്നെ ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്ന വെളിപ്പെടുത്തലുകൾ ഇന്ത്യയെ സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ല.

ഒന്നര വർഷം മുമ്പ് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിനെ ചുവടുപിടിച്ചാണല്ലോ ഇപ്പോഴത്തെ റിപ്പോർട്ടും. എന്താണ് ഒന്നാം ഹിൻഡൻബർഗ് ആരോപണം? കോർപ്പറേറ്റ് ലോകം കണ്ട ഏറ്റവും വലിയ കൃത്രിമം നടന്നുവെന്നാണ് അന്ന് ലോകം മുഴുവൻ അദാനിക്കെതിരെ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെ വിശേഷിപ്പിച്ചത്. ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാണിക്കുന്നുവെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെടുന്നുവെന്നും ഹിന്ഡന്ബര്ഗ് പുറത്തുവിട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് വ്യാപാരം നടക്കുന്നത്, അദാനി ഗ്രൂപ്പ് കള്ളപ്പണം വെളുപ്പിക്കുന്നു എന്നിങ്ങനെയും 2023 ൽ പുറത്തുവിട്ട ആരോപണങ്ങളിൽ പറയുന്നു.

ഒന്നാം ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ...

അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂട്ടത്തിലെ ഏഴ് പ്രധാന ലിസ്റ്റഡ് കമ്പനികളിലെ ഓഹരി വില ആ കാലയളവിൽ ശരാശരി 819% ഉയർന്നു. പ്രധാന ലിസ്റ്റഡ് കമ്പനികളുടെ ഈ ഓഹരികൾ പണയം വച്ച് വൻ വായ്പയാണ് അദാനി എടുത്തിരിക്കുന്നത്.

അദാനിയുടെ സഹോദരങ്ങളായ രാജേഷ് അദാനിക്കെതിരെയും വിനോദ് അദാനിക്കെതിരെയും ഹിൻഡൻബർഗ് ആരോപണം ഉയർത്തിയിരുന്നു. 2004-2005 കാലഘട്ടത്തിൽ കൃത്രിമ വിറ്റുവരവ് സൃഷ്ടിക്കാൻ ഓഫ്ഷോർ കമ്പനികളെ ഉപയോഗിച്ച് നടത്തിയ ഡയമണ്ട് ട്രേഡിംഗ് സ്കീമിന്റ മുഖ്യ സൂത്രധാരനാണ് രാജേഷെന്ന ആരോപണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉന്നയിച്ചിരുന്നുവെന്നതാണ് അതിലൊന്ന്.

ഒന്നര വർഷം, സമയം നീട്ടി നീട്ടി സെബി ഇതുവരെ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാൻ തയ്യാറായിട്ടില്ല എന്നത് തന്നെയാണ് സെബി ചെയർപേഴ്സണെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്.

ഓഫ്ഷോർ കമ്പനികളുടെ അനധികൃത ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ്. വിനോദ് അദാനിയോ അയാളുമായി അടുത്തു നിൽക്കുന്നവരോ മൌറീഷ്യസിലെ 38 ഷെൽ കമ്പനികൾ കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയെന്നതാണ് ഹിൻഡൻബർഗ് പുറത്തുവിട്ട മറ്റൊരു വിവരം. ഓഹരിയിൽ കൃത്രിമം കാണിക്കൽ, അദാനിയുടെ സ്വകാര്യ കമ്പനികൾ വഴി ലിസ്റ്റുചെയ്ത കമ്പനികളുടെ ബാലൻസ് ഷീറ്റിലേക്ക് പണം വകമാറ്റി കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് വിനോദ് അദാനി നിയന്ത്രിക്കുന്ന ഈ ഷെൽ കമ്പനികളുടെ പ്രധാന ധർമ്മം.

'നിക്ഷേപകരും പത്രപ്രവർത്തകരും പൗരന്മാരും രാഷ്ട്രീയക്കാരും പോലും സംസാരിക്കാൻ ഭയപ്പെടുന്നതിനാലാണ് അദാനി ഗ്രൂപ്പിന് പകൽ വെളിച്ചത്തിൽ ഇത്രയും വലിയതും നഗ്നവുമായ തട്ടിപ്പ് നടത്താൻ കഴിഞ്ഞതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' എന്നാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞുവെക്കുന്നത്. 88 ചോദ്യങ്ങൾ കൂടി ഹിൻഡൻബർഗ് റിസർച്ച് അവരുടെ റിപ്പോർട്ടിൽ മുന്നോട്ട് വച്ചിരുന്നു. യഥാർത്ഥത്തിൽ ഗൗതം അദാനി സുതാര്യത മുന്നോട്ട് വെക്കുന്നുവെങ്കിൽ അദ്ദേഹത്തിന് ഈ ചോദ്യങ്ങൾക്ക് എളുപ്പത്തിൽ മറുപടി പറയാനാകണം എന്നും ഹിൻഡൻബർഗ് ആവശ്യപ്പെടുന്നുണ്ട്.

ഹിൻഡർബർഗ് റിപ്പോർട്ടിന് ശേഷം...

2024 ജനുവരി 24 നാണ് വാർത്ത പുറത്തുവരുന്നത്. പിന്നാലെ ജനുവരി 25 ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ 10 ശതമാനത്തിൽ ഇടിവ് സംഭവിക്കുന്നു. 96,672 കോടി രൂപയുടെ വിപണി മൂല്യത്തകർച്ചയോടെയാണ് ആ ദിവസം അവസാനിച്ചത്. ജനുവരി 27ന് വാർത്ത നിഷേധിച്ച് അദാനി രംഗത്തെത്തി. ഹിൻഡൻബർഗിനെതിരെ അമേരിക്കയിലെയും ഇന്ത്യയിലെയും നിയമവ്യവസ്ഥകളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഓഹരി പതുക്കെ ഉയർന്നു. രാജ്യത്ത് ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെ ഫെബ്രുവരി 10 ന് റോയിറ്റേഴ്സ് ആണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം ആരംഭിച്ചതായുള്ള വാർത്ത പുറത്തുവിട്ടത്.

ഹിൻഡൻബർഗ് കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി മുൻ സുപ്രീം കോടതി ജഡ്ജ് എ എം സാപ്രെ തലവനായ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. നന്ദൻ നിലേകനി, കെ വി കമ്മത്ത് എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായി. ഓഹരികളിൽ കൃത്രിം നടന്നിട്ടുണ്ടോ, സെബിയുടെ 19ാം വകുപ്പ് ലംഘിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സെബിക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇതിനിടെ സുപ്രീം കോടതി നിയമിച്ച ആറംഗ സമിതി അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ കൃത്രിമം നടന്നതിന് തെളിവുകളില്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

എന്നാൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട സെബി പലതവണയായി സമയം നീട്ടിച്ചോദിച്ചതോടെ റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതി കോടതി ഓഗസ്റ്റ് 14ലേക്ക് നീട്ടി നൽകി. എന്നാൽ ഓഗസ്റ്റ് 14 നും തുടർന്നും പലതവണയായി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിച്ച സെബി സുപ്രീം കോടതിയിൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 24 അന്വേഷണങ്ങളിൽ 22 എണ്ണം പൂർത്തിയായെന്നാണ് 2023 ഓഗസ്റ്റ് 25ന് സുപ്രീം കോടതിയിൽ സെബി അറിയിച്ചത്. മറ്റ് രണ്ട് അന്വേഷണങ്ങൾ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. 2024 ജനുവരിയിൽ സുപ്രീം കോടതി വീണ്ടും മൂന്ന് മാസം സമയം അനുവദിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി.

കഴിഞ്ഞ ജൂണോടെ 2023 ജനുവരിയിൽ നേരിട്ട നഷ്ടത്തിൽ നിന്ന് അദാനി ഗ്രൂപ്പ് പൂർണ്ണമായും തിരിച്ചെത്തി. ജൂലൈയിൽ അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് ഹിൻഡൻബർഗ് റിസർച്ച് മറ്റൊരു സ്ഥാപനവുമായി പങ്കുവച്ചിരുന്നുവെന്ന് കാണിച്ച് സെബി നോട്ടീസ് അയച്ചതായുള്ള വിവരം റിസർച്ച് ഗ്രൂപ്പ് പുറത്തുവിട്ടു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗ് റിപ്പോർട്ട് കാരണം ഹെഡ്ജ് ഫണ്ടും കൊടാക് ബാങ്കും നേട്ടം കൊയ്തുവെന്നും സെബിയുടെ നോട്ടീസിൽ പറയുന്നതായും ഹിൻഡൻബർഗ് വ്യക്തമാക്കി. അഴിമതിക്കെതിരെയുയർന്ന ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് സെബിയുടേതെന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചു.

മാധബി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമായിരിക്കുമ്പോഴാണ് ഭർത്താവ് ധാവൽ ബുച്ചിനെ 2019ൽ ബ്ലാക്ക്സ്റ്റോണിൻ്റെ സീനിയർ അഡൈ്വസറായി നിയമിച്ചത്.

അങ്ങനെയിരിക്കെയാണ് ഓഗസ്റ്റ് 10 ന് ഇന്ത്യയുടെ ഓഹരി വിപണിക്ക് മേൽ ബോംബ് വർഷിച്ച് ഹിൻഡൻ ബർഗിന്റെ വെളിപ്പെടുത്തൽ. ഒന്നര വർഷം, സമയം നീട്ടി നീട്ടി സെബി ഇതുവരെ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാൻ തയ്യാറായിട്ടില്ല എന്നത് തന്നെയാണ് സെബി ചെയർപേഴ്സണെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്. മാത്രമല്ല, സെബി പുറത്തുവിട്ട വിശദീകരണത്തിൽ പറയുന്നത് 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നാണ്. എന്നാൽ 2023 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ട സെബി, 22 അന്വേഷണങ്ങൾ പൂർത്തിയായെന്ന് വെളിപ്പെടുത്തിയിരുന്നു. കൃത്യം ഒരു വർഷമാകുമ്പോൾ ഒരു കേസിൽ കൂടി മാത്രമാണ് സെബിയുടെ അന്വേഷണം പൂർത്തിയായിട്ടുള്ളത്.

രണ്ടാം ഹിൻഡൻബർഗ് ആരോപണം - മാധബി ബുച്ചും സെബിയും മുൾമുനയിലോ?

വിനോദ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഓഫ്ഷോർ കമ്പനികളിലാണ് മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുവെന്ന് ഹിൻഡൻബർഗിന്റെ ആരോപണം നേരിടുന്ന കമ്പനികളാണിത്. 2017-ൽ സെബി അംഗമായും 2022-ൽ ചെയർപേഴ്സണായും നിയമിക്കപ്പെട്ടതിന് മുമ്പുള്ളതാണ് മാധബി ബുച്ചിൻ്റെയും ഭർത്താവിൻ്റെയും നിക്ഷേപങ്ങൾ എന്നാണ് റിപ്പോർട്ട് പറയുന്നത്. 2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ, മാധബി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമായിരുന്നപ്പോൾ, അഗോറ പാർട്ണേഴ്സ് എന്ന ഓഫ്ഷോർ സിംഗപ്പൂർ കൺസൾട്ടിംഗ് സ്ഥാപനത്തിൽ ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. 2022 മാർച്ച് 16 ന്, സെബി ചെയർപേഴ്സണായി നിയമിതയായി രണ്ടാഴ്ച കഴിഞ്ഞ് മാത്രമാണ് അവർ ഷെയറുകൾ ഭർത്താവിന് കൈമാറിയതെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നു.

മാധബി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമായിരിക്കുമ്പോഴാണ് ഭർത്താവ് ധാവൽ ബുച്ചിനെ 2019ൽ ബ്ലാക്ക്സ്റ്റോണിൻ്റെ സീനിയർ അഡൈ്വസറായി നിയമിച്ചത്. അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, അദ്ദേഹം ഒരിക്കലും റിയൽ എസ്റ്റേറ്റിലോ മൂലധന വിപണിയിലോ പ്രവർത്തിച്ചിട്ടില്ല.

ധാവൽ ബുച്ച് ബ്ലാക്ക്സ്റ്റോണിൻ്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചപ്പോൾ ഇന്ത്യയുടെ റീറ്റ് (Real estate investment trusts) നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റങ്ങൾ സെബി അംഗീകരിച്ചതായി ഹിൻഡൻബർഗ് ആരോപിച്ചു. മാധബി ബുച്ച് വ്യവസായ കോൺഫറൻസുകളിൽ റീറ്റ്സ് ഭാവിയിലേക്കുള്ളതെന്ന് വിശേഷിപ്പിക്കുകയും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവഴി ധാവൽ ബുച്ചിന്റെ ബ്ലാക്ക്സ്റ്റോൺ നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് പറയുന്നു.

ഭർത്താവ് ധാവൽ ബുച്ച് ഡയറക്ടറായ ഇന്ത്യൻ കൺസൾട്ടിംഗ് കമ്പനിയായ അഗോറ അഡ്വൈസറിയുടെ 99 ശതമാനം ഓഹരിയും മാധബി ബുച്ചിൻ്റെ ഉടമസ്ഥതയിലാണെന്നും ഹിൻഡർബർഗ് ചൂണ്ടിക്കാണിക്കുന്നു. 2022-ൽ, ഈ സ്ഥാപനം കൺസൾട്ടിംഗിൽ നിന്ന് 261,000 ഡോളർ വരുമാനം നേടിയെന്നും സെബിയിലെ മാധബി ബുച്ചിന്റെ വെളിപ്പെടുത്തിയ ശമ്പളത്തിൻ്റെ 4.4 മടങ്ങാണിതെന്നും ഹിൻഡൻബർഗ് റിസർച്ച് പറയുന്നു.

എന്താണ് ഹിൻഡൻബർഗ്?

അമേരിക്ക ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ്. നതാൻ അൻഡേഴ്സൺ ആണ് ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ. ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ചിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതായത്, അക്കൗണ്ടിംഗ് ക്രമക്കേടുകൾ, അധാർമ്മികമായ ബിസിനസ്സ് രീതികൾ, വെളിപ്പെടുത്താത്ത സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണങ്ങളും വിശകലനങ്ങളും നടത്തുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശം.

ഷോർട്ട് സെല്ലിങ്ങാണ് പ്രധാന വരുമാന മാർഗം. കമ്പനികളുടെ വിപണിയിലെ ഓഹരി നില തിരിച്ചറിയാൻ ഗവേഷണം അവരെ സഹായിക്കുന്നു. ആക്ടിവിസ്റ്റ് ഷോർട്ട് സെല്ലറെന്നാണ് നതാൻ ആൻഡേഴ്സൺ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.

1937 ൽ ജർമൻ എയർഷിപ്പിലുണ്ടായ സ്ഫോടനമാണ് ഹിൻഡൻബർഗ് ദുരന്തം. ഒഴിവാക്കാമായിരുന്ന, മനുഷ്യ നിർമ്മിതമായ ഈ ദുരന്തത്തിന്റെ പേരാണ് ആൻഡേഴ്സൺ തന്റെ സ്ഥാപനത്തിന് നൽകിയത്. ഓഹരി വിപണിയിലെ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തമാണ് ഞങ്ങളും തിരയുന്നത്. കൂടുതൽ പേരിലേക്ക് ഇത് വ്യാപിക്കുംമുമ്പ് അവ തുറന്നുകാട്ടുകയാണ് ലക്ഷ്യം' എന്നാണ് ഹിൻഡൻബർഗ് വെബ്സൈറ്റ് തങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്.

2017 മുതൽ ഇതുവരെ 16 റിപ്പോർട്ടുകൾ ഹിൻഡൻബർഗ് പുറത്തുവിട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിലും സ്വകാര്യ കമ്പനികളായ അഫിരിയ, പെർഷിംഗ് ഗോൾഡ്, നിക്കോള, മറ്റ് കമ്പനികളിലും നടന്ന നിയമവിരുദ്ധമായ ഇടപാടുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഈ റിപ്പോർട്ടുകൾ.

ഇലക്ട്രിക് കാർ കമ്പനിയായ നികോളയ്ക്കെതിരായ വെളിപ്പെടുത്തലാണ് ഹിൻഡൻബർഗിന്റെ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ റിപ്പോർട്ട്. ഇത് പുറത്തുവന്നതിന് പിന്നാലെ നടന്ന അന്വേഷണങ്ങൾക്കൊടുവിൽ അമേരിക്കൻ സർക്കാറിലേക്ക് 125 മില്യൺ ഡോളറാണ് നികോള കമ്പനിക്ക് അടയ്ക്കേണ്ടി വന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us