അമേരിക്ക നോട്ടമിട്ട സെന്റ് മാർട്ടിൻസ് ദ്വീപ് ഷെയ്ഖ് ഹസീനയുടെ പടിയിറക്കത്തിന് കാരണമായതെങ്ങനെ?

എവിടെയാണ് ഈ ദ്വീപ്? അതിലെന്തിനാണ് അമേരിക്കയ്ക്ക് താല്പര്യം? ദ്വീപിന്റെ പേരിൽ ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടാക്കിയതെന്തിനാണ്? ഷെയ്ഖ് ഹസീനയെ രാജിവെപ്പിക്കാൻ അമേരിക്ക തന്ത്രം മെനഞ്ഞതെന്തിനാണ്?

വീണാ ചന്ദ്
3 min read|12 Aug 2024, 12:15 am
dot image

സർക്കാർ ജോലികളിലേക്കുള്ള സംവരണം സംബന്ധിച്ച പരിഷ്കരണങ്ങളാണ് ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് തുടക്കമിട്ടതും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ചതും. രാജ്യമുപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യും മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തീരുമാനിച്ചിരുന്നു. എന്നാൽ, അതിനുള്ള സാവകാശം അവർക്ക് ലഭിച്ചില്ല. ജനങ്ങളോട് നേരിട്ട് സംവദിക്കാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം ഇന്ന് മാധ്യമങ്ങൾ വഴി പുറത്തുവന്നു. അതിൽ പറയുന്നത് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ഉള്ളത് അമേരിക്കയാണെന്നാണ്, രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാൻ അമേരിക്ക നടത്തിയ ആസൂത്രിത നീക്കമാണ് പ്രക്ഷോഭങ്ങൾക്ക് വഴിവച്ചതെന്നാണ്.

'മൃതദേഹഘോഷയാത്ര കാണാതിരിക്കാനാണ് ഞാൻ രാജിവച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി അധികാരത്തിലേറാമെന്നാണ് അവർ കണക്കുകൂട്ടിയത്. പക്ഷേ, അതിന് ഞാൻ അനുവദിച്ചില്ല. അതിനും മുമ്പേ രാജിവച്ചൊഴിഞ്ഞു. പരിഷ്കരണ തീവ്രവാദികളുടെ സ്വാധീനത്തിൽ പെട്ടുപോവരുതെന്നാണ് എന്റെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. സെന്റ് മാര്ട്ടിന് ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവെക്കുകയും ബംഗാള് ഉള്ക്കടലിനുമേല് അധികാരം സ്ഥാപിക്കാന് അവരെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില് എനിക്ക് അധികാരത്തില് തുടരാമായിരുന്നു. അതിന് ഞാൻ ഒരുക്കമല്ലായിരുന്നു. ഞാൻ രാജ്യത്ത് തുടർന്നാൽ കൂടുതൽ പേർ കൊല്ലപ്പെടും. ഞാൻ സ്വയം ഒഴിഞ്ഞുപോകുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. പക്ഷേ, നിങ്ങൾക്കെന്നെ വേണ്ടാതായി. അതിനാൽ ഞാൻ പോകുന്നു'. ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിൽ പറയുന്നു.

പ്രസംഗം പുറത്തുവന്നതോടെ സെന്റ് മാർട്ടിൻസ് ദ്വീപും ചർച്ചാ വിഷയമായി. എവിടെയാണ് ഈ ദ്വീപ്? അതിലെന്തിനാണ് അമേരിക്കയ്ക്ക് താല്പര്യം? ദ്വീപിന്റെ പേരിൽ ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടാക്കിയതെന്തിനാണ്? ഷെയ്ഖ് ഹസീനയെ രാജിവെപ്പിക്കാൻ അമേരിക്ക തന്ത്രം മെനഞ്ഞതെന്തിനാണ്? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഉത്തരം ലഭിക്കണമെങ്കില് സെന്റ് മാര്ട്ടിന് ദ്വീപിനെക്കുറിച്ച് ആദ്യമറിയണം.

എവിടെയാണ് സെന്റ് മാർട്ടിൻസ് ദ്വീപ്?

ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് സെന്റ് മാർട്ടിൻസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ പവിഴദ്വീപ്, മൂന്ന് ചതുരശ്രകിലോമീറ്റർ വിസ്തൃതി, ജനസംഖ്യ 3700 മാത്രം. മ്യാന്മറിനടുത്തുള്ള ടെക്നാഫ് ഉപദ്വീപിന്റെ (ടെക്നാഫ് പെനിൻസുല) ഭാഗമായിരുന്നു ഇവിടവും. എന്നാൽ, കാലക്രമേണ ടെക്നാഫ് ഉപദ്വീപിന്റെ ഒരു ഭാഗം കടലിൽ മുങ്ങുകയും ബംഗ്ലാദേശ് ഭാഗത്തിൽ നിന്ന് വേർപെട്ട് ഒരു ദ്വീപായി മാറുകയും ചെയ്തു. അറബ് വ്യാപാരികളാണ് ഈ ദ്വീപിൽ ആദ്യമായി താമസമാക്കിയത്. 18ാം നൂറ്റാണ്ടിൽ അവിടെ താമസമാക്കിയ അവർ ജാസിറ എന്നായിരുന്നു ദ്വീപിനെ വിളിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇവിടം സെന്റ് മാർട്ടിൻസ് ദ്വീപായത്. തെങ്ങുകളാൽ സമ്പന്നമായ ഇവിടം പ്രാദേശികമായി നാരികേൽ ജിഞ്ചിറ എന്നാണ് അറിയപ്പെടുന്നത്. ദാരുചിനി ദ്വീപ് എന്നും പേരുണ്ട്.

1900ൽ ബ്രിട്ടീഷ് സർവ്വേ ടീമാണ് ഈ ദ്വീപിനെ സെന്റ് മാർട്ടിൻസ് ദ്വീപ് എന്ന് വിളിച്ചതും അവിഭക്ത ഇന്ത്യയുടെ ഭാഗമാക്കിയതും. 1937ൽ മ്യാന്മർ ബ്രിട്ടീഷ് കോളനിയുടെ ഭാഗമല്ലാതായെങ്കിലും ഈ ദ്വീപ് ഇന്ത്യയുടെ ഭാഗമായി തുടർന്നു. 1947ൽ ഇന്ത്യാ- പാക് വിഭജനത്തോടെ ഇവിടം പാകിസ്ഥാന് കീഴിലായി. 1971ലെ വിമോചന സമരത്തോടെ സെന്റ് മാർട്ടിൻസ് ബംഗ്ലാദേശിന്റെ ഭാഗമായി. 1974ൽ ദ്വീപിന്റെ ഉടമസ്ഥത സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറുമായി ഔദ്യോഗിക ഉടമ്പടിയുമായി.

ദ്വീപിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ലെങ്കിലും സമുദ്രാതിർത്തി സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബംഗ്ലാദേശി മത്സ്യത്തൊഴിലാളികൾക്ക് മ്യാൻമർ നാവികസേനയുടെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങളും ശാസനകളും നേരിടേണ്ടി വരാറുണ്ട്. മ്യാനമറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്നത് ഈ ദ്വീപിൽ നിന്ന് അധികം ദൂരത്തല്ലാതെയുള്ള കുത്തുപലാങ് ക്യാമ്പിലാണ്. തങ്ങൾ നിരോധിച്ച അറാക്കാൻ ആർമി ഈ ക്യാമ്പിൽ നിന്നുകൊണ്ട് ദ്വീപ് പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നതായി മ്യാന്മർ ആരോപിക്കുന്നു. ഈ ആരോപണങ്ങൾ ബംഗ്ലാദേശ് പൂർണമായി തള്ളിക്കളയുന്നു. ഈ സാഹചര്യത്തിലുള്ള ഉരസലുകളുടെ ഭാഗമായി ദ്വീപിന് കവചം തീർത്ത് ബംഗ്ലാദേശ് നാവികസേന സജീവമാണ്.

ഭൗമരാഷ്ട്രീയത്തിലെ നിർണായക ഭൂമിക

ലോകത്തിലെവിടെ നിന്നും കടൽ മാർഗം എളുപ്പത്തിൽ എത്തിച്ചേരാമെന്നതാണ് സെൻ്റ് മാർട്ടിനെ ഭൂമിശാസ്ത്രപരമായി വേറിട്ടുനിർത്തുന്നത്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള തന്ത്രപ്രധാന ഇടമെന്ന നിലയിൽ ഇത് ഒരു പ്രധാന ജലപാതയാണ്. ബംഗ്ലാദേശ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിർണായക ഘടകമാകാനും സെന്റ് മാർട്ടിൻസ് ദ്വീപിന് കഴിഞ്ഞിട്ടുണ്ട്. സമുദ്രാതിർത്തി സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം അന്താരാഷ്ട്ര ശ്രദ്ധയിലേക്കും ലോകരാജ്യങ്ങളുടെ താല്പര്യത്തിലേക്കും ദ്വീപിനെ നയിച്ചു. മേഖലയിൽ സ്വാധീനമുറപ്പിക്കാൻ സഹായിക്കുന്ന തന്ത്രപ്രധാന ഇടമായി ദ്വീപിനെ അമേരിക്കയും ചൈനയും അടയാളപ്പെടുത്തി.

ദ്വീപ് പിടിച്ചെടുത്ത് അവിടെ നാവികത്താവളം പണിയാൻ അമേരിക്ക ശ്രമിക്കുന്നതായി കഴിഞ്ഞ വർഷം ജൂണിൽ ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെയും അവരുടെ പാർട്ടിയായ അവാമി ലീഗിന്റെയും എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഇതിന് അമേരിക്കയെ സഹായിക്കുന്നുണ്ടെന്നാണ് ആരോപണം. ബിഎൻപിയെ ബംഗ്ലാദേശിൽ അധികാരത്തിലേറ്റാൻ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുന്നതും ഇക്കാരണം കൊണ്ടാണത്രേ. പ്രത്യുപകാരമായി ദ്വീപ് അമേരിക്കയ്ക്ക് നൽകാമെന്ന് ബിഎൻപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന പറയുന്നു.

ഇക്കാര്യങ്ങളൊക്കെ നിഷേധിക്കുന്നുണ്ടെങ്കിലും ചൈനയുമായി ഷെയ്ഖ് ഹസീന ഭരണകൂടം അടുപ്പം പുലർത്തുന്നതിൽ അമേരിക്ക അസ്വസ്ഥമായിരുന്നു. ദക്ഷിണേഷ്യയിൽ ചൈനയെ മറികടന്ന് സ്വാധീനം ഉറപ്പിക്കാൻ അമേരിക്ക തന്ത്രം മെനയുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

എന്തുകൊണ്ട് ഷെയ്ഖ് ഹസീനയെ താഴെയിറക്കണം?

ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കാണ് സെന്റ് മാർട്ടിൻസ് ദ്വീപിനുള്ളത്. അവിടം അമേരിക്കയുടെയോ ചൈനയുടെയോ അധീനതയിലായാൽ ലോകരാജ്യങ്ങളുടെ തുലനാവസ്ഥ തന്നെ തകിടം മറിയും. ഇന്ത്യയും ചെനയുമടങ്ങുന്ന മേഖലയെ നിയന്ത്രിക്കാനും അധീശത്വ ശക്തിയാകാനുമുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും സെന്റ് മാർട്ടിൻസ് ദ്വീപിന്റെ ഉടമസ്ഥത. ഇവിടെയാണ് ഷെയ്ഖ് ഹസീനയെന്ന വന്മരം അമേരിക്കയ്ക്ക് വിലങ്ങുതടിയാകുന്നത്.

ഒരു കാരണവശാലും രാജ്യത്തിന്റെ സ്വത്ത് വിട്ടുകൊടുത്ത് അധികാരം നിലനിർത്തില്ലെന്ന് ഷെയ്ഖ് ഹസീന നിലപാടെടുത്തിരുന്നു. ബീഗം ബാറ്റിലിന് പേരുകേട്ട ബംഗ്ലാദേശിൽ പിന്നെ അമേരിക്കയ്ക്ക് ആശ്രയിക്കാനുള്ളത് ഖലീദ സിയയെയും അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെയുമാണ്. അത് തന്നെയാണ് അമേരിക്ക ചെയ്തതെന്ന് ഷെയ്ഖ് ഹസീന പറയുമ്പോൾ അത് ചർച്ചയാവുന്നതും അക്കാരണത്താൽ തന്നെ. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തിരികൊളുത്തി ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ ചരട് വലിച്ചത് അമേരിക്ക തന്നെയാണോ? ഷെയ്ഖ് ഹസീനയുടെ ആരോപണത്തില് കഴമ്പുണ്ടോ? അതോ ഇതൊക്കെ അടിസ്ഥാനഹരിതമായ പുലമ്പലുകൾ മാത്രമാണോ? ബംഗ്ലാദേശിന്റെയും ഷെയ്ഖ് ഹസീനയുടെയും രാഷ്ട്രീയഭാവിയിലേക്കുള്ള ചോദ്യങ്ങളുടേതിനൊപ്പം ഇവയ്ക്കും ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us