'ധീരതയുടെ ഗാഥയാണ്, നീതിയുടെ ജ്വാലയാണ് ബംഗ്ലാദേശ്'; ധാക്കയിൽ അന്ന് ഇന്ദിരാഗാന്ധി പ്രസംഗിച്ചത്

'അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്, എപ്പോഴൊക്കെ നമ്മൾ മുമ്പോട്ടു ചുവടുവെക്കുന്നുവോ അപ്പോഴൊക്കെ പുതിയ വിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നുവരിക തന്നെ ചെയ്യുമെന്നാണ്. ബംഗ്ലാദേശിന്റെ മോചനം എന്നത് നിങ്ങളുടെ ജന്മാവകാശവും ഭാവിവിധിയിലേക്കുള്ള ചൂണ്ടുപലകയും മാത്രമല്ല'

വീണാ ചന്ദ്
3 min read|12 Aug 2024, 02:51 pm
dot image

തീയതി: 1972 മാർച്ച് 12

സ്ഥലം: ധാക്ക

'ബംഗബന്ധു' ഷെയ്ഖ് മുജിബുർ റഹ്മാനൊപ്പം പൊതുപരിപാടിയിൽ ബംഗ്ലാദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം

നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കും ചരിത്രമുറങ്ങുന്ന ഈ മൈതാനത്തേക്കും എത്തുമ്പോൾ എന്റെ ഹൃദയം നിറഞ്ഞുതുളുമ്പുകയാണ്. നിരവധി വർഷങ്ങളായി, ബംഗ്ലാദേശിന്റെ സൗന്ദര്യത്തെക്കുറിച്ച് ഞങ്ങളെല്ലാം കേൾക്കുന്നു. നിരവധി വർഷങ്ങളായി നിങ്ങളനുഭവിച്ച അതികഠിനവേദനയെക്കുറിച്ച് ഞങ്ങളറിയുന്നു, പ്രത്യേകിച്ച് കഴിഞ്ഞ വർഷം നേരിട്ട അതിക്രമങ്ങളെക്കുറിച്ച്. ഇരുളടഞ്ഞ വഴിയിലൂടെയുള്ള നിങ്ങളുടെ യാത്ര മനുഷ്യത്വമുള്ള ഏതൊരാളുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമാണ്.

ഈ രാജ്യത്തിന്റെ വിമോചനത്തിനായി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാണ് ഞാനിന്നിവിടെ എത്തിയിരിക്കുന്നത്. ഈ യുദ്ധത്തിൽ പങ്കാളികളായ വീരപുരുഷന്മാരെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അവരുടെ ത്യാഗവും ധൈര്യവുമാണ് നിങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സ്വന്തം വീടുപേക്ഷിച്ച് ഞങ്ങളുടെ രാജ്യത്ത് അഭയം തേടിയ പതിനായിരങ്ങൾക്ക്, വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ട അതിലുമധികം ജനങ്ങൾക്ക്, ഇന്ന് പുതുജീവിതം ആരംഭിക്കുന്നവർക്ക്, ഞാനെല്ലാവിധ ആശംസകളും നേരുന്നു.

ബംഗ്ലാദേശിന്റെ ശബ്ദം ഇല്ലാതാക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. എന്നാൽ, ഷെയ്ഖ് മുജിബുർ റഹ്മാന്റെ സഹപ്രവർത്തകർക്ക് നന്ദി, അവർ മുജീബ് നഗറിലോ വേറെ എവിടെയെങ്കിലുമോ ആകട്ടെ, ബംഗ്ലാദേശിന്റെ യഥാർത്ഥ ശബ്ദം ലോകമെമ്പാടും മുഴങ്ങിക്കേട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ലോകത്തിന്റെ മനോഭാവം മാറി, എല്ലാവരും ബംഗ്ലാദേശ് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടു. അതേസമയം തന്നെ, സ്റ്റുഡന്റ്സ് ലീഗിന്റെ ധീരയുവത്വവും പിന്നീട് മുക്തിബാഹിനിയും ആയുധങ്ങളേന്തി, വേണ്ടിവന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിയാൻ പോലും തയ്യാറായി. അത് ധീരതയുടെ ഗാഥയാണ്, സത്യത്തിന്റെ ജ്വാലയാണ്, നീതിയുടെ ജ്വാലയാണ്. ഈ ജ്വാലയാണ് ഒരു രാജ്യത്തെ ജീവനോടെ നിലനിർത്തുന്നത്.

ഇന്ത്യ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ ശബ്ദം കേട്ടശേഷവും നിങ്ങൾ കടന്നുവന്ന വേദനയും സഹനവും അറിഞ്ഞശേഷവും വെറുതെയിരിക്കാനാവില്ല എന്നതുകൊണ്ടാണ്. ഞങ്ങൾ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ, അത് ഞങ്ങളോട് തന്നെ സത്യസന്ധത പുലർത്തുന്നതിനാലാണ്, വർഷങ്ങളായി ഞങ്ങൾ പിന്തുടരുന്ന മൂല്യങ്ങളെ മുറുകെപ്പിടിച്ചതുകൊണ്ടാണ്. ഞാൻ ഉറച്ചു വിശ്വസിക്കുന്നു, വരും വർഷങ്ങളിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുക ഞങ്ങൾ ഈ പിന്തുണ നൽകി എന്നതുകൊണ്ടു മാത്രമാവില്ല. അത് രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പൂർണതുല്യതയും പരസ്പരസഹകരണവും അടിസ്ഥാനമാക്കിയുള്ളതാവും.

ഒന്നിനുപിറകെ ഒന്നായി രാജ്യങ്ങൾ നിങ്ങളെ നയതന്ത്രപരമായി അടയാളപ്പെടുത്താൻ വ്യഗ്രത കാട്ടുകയാണ്. പക്ഷേ ഓർക്കണം, ഇതേ രാജ്യങ്ങൾ നിങ്ങളോട് മുഖം തിരിച്ചുനിന്ന ഒരു സമയമുണ്ടായിരുന്നു. ഇവിടെ നടന്ന സംഭവങ്ങളെ വിമർശിച്ചും കുറ്റപ്പെടുത്താനുള്ള തെളിവുകൾ നിരത്തിയും അവർ ദിനപത്രങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി, സത്യത്തെപ്പറ്റി, നീതിയെപ്പറ്റി സംസാരിക്കാൻ എത്ര രാജ്യങ്ങൾ തയ്യാറായി? നിങ്ങൾക്കോ ഇന്ത്യയിൽ അഭയം തേടിയ ഇവിടുത്തെ ജനങ്ങൾക്കോ തങ്ങൾ അനുഭവിക്കുന്ന സുഖലോലുപതയുടെ ചെറിയൊരു ഭാഗമെങ്കിലും പങ്കുവെക്കാൻ അതിലെത്ര രാജ്യങ്ങൾ തയ്യാറായി? ഇന്ത്യയിലെ ജനങ്ങളാണ് തങ്ങളുടെ ഇല്ലായ്മകള്ക്കിടയിലും അതിനു തയ്യാറായത്. ഏറ്റവും പാവപ്പെട്ടവരിലെ പാവപ്പെട്ടവര് പോലും തങ്ങളാലാവും വിധം ബംഗ്ലാദേശിലെ ജനങ്ങളെ സഹായിക്കാന് മുന്നോട്ടുവന്നു, അവർക്ക് നൽകാൻ കഴിയുന്നതൊക്കെ നൽകി.

ഇന്ന് നിങ്ങളെനിക്ക് ഏറ്റവും ഊഷ്മളമായ വരവേൽപ് നൽകി. പക്ഷേ, എനിക്കറിയാം ഇതൊരു വ്യക്തിക്ക് നിങ്ങൾ നൽകുന്ന സ്വീകരണമല്ല മറിച്ച് ഒരു വലിയ ജനതയുടെ പ്രതിനിധിക്ക് നിങ്ങൾ നൽകുന്നതാണ്. ഇപ്പോഴെന്നല്ല, ഇക്കഴിഞ്ഞ കാലത്തെന്നല്ല, നൂറ്റാണ്ടുകളായി മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ജനതയാണത്, ഇന്ത്യ. ഞങ്ങൾ പാവപ്പെട്ടവരോ നിരക്ഷരരോ ആയിരിക്കാം പക്ഷേ അനീതിയോ തെറ്റോ കാണുമ്പോഴൊക്കെ ഉറച്ച ശബ്ദത്തിൽ അത് വിളിച്ചുപറയുന്നവരാണെന്ന് ലോകത്തിന് ഞങ്ങൾ കാട്ടിക്കൊടുത്തു. ദാരിദ്ര്യമോ അനീതിയോ മൂലം ദുരിതത്തിലായവർക്കൊക്കെ വേണ്ടി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ ഒന്നിച്ച് പോരാടുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ലോകത്തെവിടെ അനീതിയുണ്ടായാലും അതിന്റെ കരിനിഴൽ മറ്റെല്ലാ രാജ്യങ്ങളിലും പടരും.

സ്വാതന്ത്ര്യം എന്നാൽ അവസാനമല്ല തുടക്കമാണെന്ന് നമ്മൾ അനുഭവത്തിൽ നിന്നറിഞ്ഞതാണ്. പുതിയ അവസരങ്ങളിലേക്കും പുതിയ ജീവിതത്തിലേക്കും സ്വാതന്ത്ര്യം വാതിൽ തുറന്നിടുന്നു. ഈ പുതുജീവിതം ഒരുകൂട്ടം നേതാക്കളാൽ മാത്രം കെട്ടിപ്പടുത്തതല്ല, ഒരു രാജ്യമൊട്ടാകെ അതിന്റെ ത്യാഗത്തിലൂടെ, സാഹസികതയിലൂടെ, അച്ചടക്കത്തിലൂടെ, ഐക്യത്തിലൂടെ നേടിയെടുത്തതാണ്. നിങ്ങളുടെ രാജ്യം മനോഹരമായ ഒന്നാണ്. ഇതൊരു സുവർണഭൂമിയാണ്. പക്ഷേ, സ്വർണം വെളിച്ചപ്പെടണമെങ്കിൽ ജനങ്ങളുടെ ഭാരം കുറയണം, അതോടെ അവരുടെ ജീവിതത്തിലും വെളിച്ചവും സൗന്ദര്യവും ഉണ്ടാകും. സമത്വമെന്ന ആശയം ഞങ്ങളുടെ രാജ്യത്തിനായി സ്വീകരിച്ചപ്പോൾ, ദാരിദ്ര്യം തുടച്ചുനീക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചപ്പോൾ, തുല്യത കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഒക്കെ അകത്തുനിന്നും പുറത്തുനിന്നും ക്ഷുദ്രശക്തികളുടെ എതിർപ്പുണ്ടായി. അവരിപ്പോഴും ഞങ്ങളെ എതിർക്കുന്നുമുണ്ട്. അതുപോലെ, ബംഗ്ലാദേശിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി, ബംഗബന്ധുവിന്റെ മോചനത്തിനുവേണ്ടി, അദ്ദേഹത്തിന്റെ തിരിച്ചുവരവിനുവേണ്ടി, ബംഗ്ലാദേശിന്റെ വിമോചനത്തിനു വേണ്ടി പോരാടിയപ്പോഴും ഞങ്ങൾ ശക്തികേന്ദ്രങ്ങളെയും രാജ്യങ്ങളെയും അസ്വസ്ഥപ്പെടുത്തി. പക്ഷേ അവരുടെ എതിർപ്പിൽ ഞങ്ങൾ പിന്തിരിഞ്ഞോടിയില്ല.

അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്, എപ്പോഴൊക്കെ നമ്മൾ മുമ്പോട്ടു ചുവടുവെക്കുന്നുവോ അപ്പോഴൊക്കെ പുതിയ വിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നുവരിക തന്നെ ചെയ്യുമെന്നാണ്. ബംഗ്ലാദേശിന്റെ മോചനം എന്നത് നിങ്ങളുടെ ജന്മാവകാശവും ഭാവിവിധിയിലേക്കുള്ള ചൂണ്ടുപലകയും മാത്രമല്ല, അത് ഇന്ത്യക്കും ഒരേപോലെ നിർണായകമാണ്. ഇന്ത്യയുടെ താല്പര്യത്തിലാണ് ബംഗ്ലാദേശ് സ്വതന്ത്രവും ശക്തവുമായിരിക്കുന്നത്. ഞങ്ങൾ നിങ്ങൾക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ മേലെ സ്വാധീനം വളർത്താനുള്ള ആഗ്രഹംകൊണ്ടല്ല. നിങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ ചുമക്കുന്ന ഭാരം ബംഗ്ലാദേശിന്റേത് മാത്രമല്ല, ലോകത്തെ എല്ലാ പാവങ്ങളുടേതും അടിച്ചമർത്തപ്പെട്ടവരുടേതും ആണ്. അത് ചുമക്കുന്നതിൽ നമ്മൾ തോളോട് തോൾ ചേർന്ന് നിൽക്കും. ശക്തവും സൗഹാർദ്ദപരവുമായ ബംഗ്ലാദേശിനോട് എന്നതുപോലെ എല്ലാ അയൽരാജ്യങ്ങളോടും ഞങ്ങൾ സൗഹൃദം കാംക്ഷിക്കുന്നു. അവരെല്ലാവരും ശക്തരാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഏതെങ്കിലും രാജ്യം മറ്റുള്ളവരെ നിയന്ത്രിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. അപ്പോൾമാത്രമേ ഏഷ്യയിലെ രാജ്യങ്ങൾക്ക് പുരോഗതിയുണ്ടാകൂ, ഏഷ്യ ശക്തിപ്രാപിക്കൂ.

പൊതുവായ മൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും ചേർത്തുനിർത്തുന്നത്. നമ്മൾ അവയ്ക്കൊപ്പം നിൽക്കുക തന്നെ ചെയ്യും. മുന്നോട്ടുള്ള യാത്രക്ക് അതിൽ നിന്ന് നാം ഊർജം ഉൾക്കൊള്ളും. നിങ്ങൾ സ്വതന്ത്രമായിരിക്കുന്നു. നിങ്ങൾ ഞങ്ങളോട്, ഇന്ത്യയോട് നന്ദി പറഞ്ഞു. പക്ഷേ, ഞങ്ങളെന്തൊക്കെ നിങ്ങൾക്ക് ചെയ്തുതന്നെങ്കിലും എനിക്ക് പറയാനുള്ളത് അത് നിങ്ങൾക്ക് വേണ്ടി മാത്രം ചെയ്തതല്ല മനുഷ്യത്വത്തിനും മാനവികതയ്ക്കും വേണ്ടിയാണെന്നാണ്. അത് ഞങ്ങളുടെ കടമയാണ്. നിങ്ങളുടെ ജനതയ്ക്ക് ലോകത്തിനും ഇന്ത്യക്കും ഒരുപാട് സംഭാവനകൾ നൽകാനാവും. എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട് നിങ്ങളുടെ മനസിന്റെ ശക്തിയാൽ നിങ്ങളുടെ രാജ്യത്തിനു വേണ്ടി മാത്രമല്ല മികച്ച ഒരു ലോകത്തിനു വേണ്ടിയും പുതുജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾക്കാവും, അതെ, ബംഗ്ലാദേശിലെ ജനതയ്ക്കാവും.

*ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം 'ദി പ്രിന്റ് ' പ്രസിദ്ധീകരിച്ചതിന്റെ സ്വതന്ത്രപരിഭാഷ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us