മുജീബുർ റഹ്മാൻ: ചരിത്രത്തിനും വർത്തമാനത്തിനും ഇടയിൽ മായ്ക്കാനാവാത്ത നൊമ്പരമായി ആ ചോരക്കറ

അരനൂറ്റാണ്ട് നീണ്ട ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ജനാധിപത്യ ധ്വംസനങ്ങൾക്കും സൈനീക അട്ടിമറികൾക്കും തുടക്കം കുറിച്ച കൊലപാതകം കൂടിയായി അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും

dot image

ദേശീയ ദിനമായി ഓഗസ്റ്റ് 15 ആചരിക്കുന്നത് എടുത്തുകളയാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനായി ഇടക്കാല സർക്കാർ കരട് തയ്യാറാക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു. ബംഗ്ലദേശിൻ്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ട ദിവസമെന്ന നിലയിലാണ് ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത്. ഓഗസ്റ്റ് 15 ബംഗ്ലാദേശിൽ അവധി ദിവസമാണ്. ഷെയ്ഖ് ഹസീന രാജിവെയ്ക്കുകയും രാജ്യത്തുനിന്നും പലായനം ചെയ്യുകയും ചെയ്തതിന് പിന്നാലെ മുജീബുർ റഹ്മാൻ്റെ പ്രതിമകളും ചിത്രങ്ങളും ബംഗ്ലാദേശിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ നിലയിൽ ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ നിന്നും പോലും ഷെയ്ഖ് മുജീബൂർ റഹ്മാൻ മായ്ക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്ന ഘട്ടത്തിലാണ് ദാരുണമായ ആ കൊലപാതകത്തിൻ്റെ 49-ാം വർഷം വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുന്നോയെന്ന സന്ദേഹത്തോടെ ഓർമ്മയിലെത്തുന്നത്.

ഈ വർഷം തുടക്കത്തിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നാലാമതും അധികാരത്തിൽ എത്തിയ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ ആവർത്തിക്കപ്പെട്ടത് 49 വർഷം മുമ്പ് ഒരു ആഗസ്റ്റിൽ സംഭവിച്ചതിൻ്റെ ഏകദേശം തനിയാവർത്തനങ്ങളായിരുന്നു

49 വർഷം മുമ്പാണ് ശൈശവാവസ്ഥയിലായിരുന്ന ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരാവസ്ഥയ്ക്ക് വഴിതെളിച്ച് ബംഗ്ലാദേശ് പ്രസിഡൻ്റായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെടുന്നത്. ബംഗ്ലാദേശ് വിമോചനത്തിന് ശേഷം ബംഗബന്ധുവെന്ന് ഇന്ത്യക്കാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന ബംഗ്ലാദേശിൻ്റെ രാഷ്ട്രപിതാവിൻ്റെ കൊലപാതകം കഴിഞ്ഞ അരനൂറ്റാണ്ടോളമായുള്ള ബംഗ്ലാദേശിൻ്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അടയാളമായി ഇന്നും ബാക്കിയാണ്. ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ട് 49 വർഷം തികയുന്ന ഈ ഘട്ടവും ബംഗ്ലാദേശിനെ സംബന്ധിച്ച് ശുഭകരമല്ല. സൈന്യത്തിൻ്റെ മേൽനോട്ടത്തിൽ ഇടക്കാല സർക്കാരാണ് ബംഗ്ലാദേശിൽ നിലവിൽ അധികാരത്തിലുള്ളത്. ഈ വർഷം തുടക്കത്തിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നാലാമതും അധികാരത്തിൽ എത്തിയ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ ആവർത്തിക്കപ്പെട്ടത് 49 വർഷം മുമ്പ് ഒരു ആഗസ്റ്റിൽ സംഭവിച്ചതിൻ്റെ ഏകദേശം തനിയാവർത്തനങ്ങളായിരുന്നു.

2024 ആഗസ്റ്റ് അഞ്ചിനായിരുന്നു അവിചാരിതമായി ഷെയ്ഖ് ഹസീനയ്ക്ക് അധികാരം ഒഴിയേണ്ടി വന്നതും രാജ്യം വിടേണ്ടി വന്നതും. അധികാരമൊഴിയാതെ തുടർന്നിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് അക്രമാസക്തരായ ജനക്കൂട്ടം ഇരച്ചെത്തിയതും വസ്തുവകകൾ കൊള്ളയടിച്ചതും ലോകം കണ്ടതാണ്. ഷെയ്ഖ് ഹസീന അവിടെ തന്നെ തുടർന്നിരുന്നെങ്കിൽ 49 വർഷം മുമ്പുണ്ടായത് വീണ്ടും ആവർത്തിക്കപ്പെടുമായിരുന്നു എന്ന് ആശങ്കപ്പെടുന്നവർ ഉണ്ട്. 49 വർഷം മുമ്പും തെരുവിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. അവാമി ലീഗ് പ്രവർത്തകർ രാഷ്ട്രീയ എതിരാളികളുമായി തെരുവിൽ ഏറ്റുമുട്ടിയിരുന്നു. സായുധ സംഘങ്ങൾ കളപ്പുരകൾ കൊള്ളയടിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്തിരുന്നു. ഇതിൻ്റെയെല്ലാം അവസാനമായിരുന്നു 49 വർഷം മുമ്പ് ഒരുകൂട്ടം ജൂനിയർ സൈനിക ഉദ്യോഗസ്ഥർ മുജീബുർ റഹ്മാനെതിരെ അട്ടിമറി നീക്കം നടത്തിയതും അദ്ദേഹത്തെ സ്വന്തം വസതിയിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയതും.

ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ അസ്ഥിത്വത്തെ പിടിച്ചു കുലുക്കിയ കൊലപാതകം

ഇന്ത്യയുടെ സഹായത്തോടെ വിമോചന യുദ്ധം വിജയിച്ചാണ് മുജീബുർ റഹ്മാൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് പിറവിയെടുക്കുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും കൈമുതലായുള്ള ഒരു രാജ്യത്തിൻ്റെ മുഴുവൻ അതൃപ്തിയും പേറിയായിരുന്നു മുജീബുർ റഹ്മാൻ അധികാരത്തിലേറിയത്. പ്രതീക്ഷയോടെ വഴിതുറന്ന ജനാധിപത്യത്തിൻ്റെ വഴിയിൽ തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന് അടിതെറ്റിയിരുന്നുവെന്ന് നിരീക്ഷണങ്ങളുണ്ട്. രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനും ജനജീവിതം മെച്ചപ്പെടുത്താനുമായി വ്യവസായ മേഖലയിലും ബാങ്കിങ്ങ് മേഖലയിലും ദേശസാത്കരണം നടത്താൻ മുജീബുർ റഹ്മാൻ തയ്യാറായി. യുദ്ധത്തിൽ പ്രതിസന്ധിയിലായിപ്പോയ ബംഗ്ലാദേശിനെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പക്ഷെ വിജയം കണ്ടില്ല. വിലക്കയറ്റവും അഴിമതിയും അടക്കം ബംഗ്ലാദേശ് വിമോചനകാലത്തെ ശുഭകരമായ സ്വപ്നങ്ങൾ അതേ അർത്ഥത്തിൽ പ്രാവർത്തികമാക്കാൻ മുജീബുർ റഹ്മാന് തടസ്സമായി.

സ്വാതന്ത്ര്യപോരാട്ടത്തിൽ ഒരുമിച്ച് നിന്ന നേതാക്കൾക്കിടയിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായ വ്യാത്യാസങ്ങളും ഒരു ജനതയുടെ പ്രതീക്ഷകൾക്ക് മീതെ കരിനിഴൽ വീഴ്ത്തുന്ന നിലയിലേയ്ക്ക് വളർന്നിരുന്നു. പാർട്ടിയിലും സർക്കാർ സംവിധാനങ്ങളിലും പിടി അയഞ്ഞ ഘട്ടത്തിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ മുജീബുർ റഹ്മാന് ഏകാധിപത്യത്തിൻ്റെ വടി എടുക്കേണ്ടി വന്നു

സ്വാതന്ത്ര്യപോരാട്ടത്തിൽ ഒരുമിച്ച് നിന്ന നേതാക്കൾക്കിടയിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായ വ്യാത്യാസങ്ങളും ഒരു ജനതയുടെ പ്രതീക്ഷകൾക്ക് മീതെ കരിനിഴൽ വീഴ്ത്തുന്ന നിലയിലേയ്ക്ക് വളർന്നിരുന്നു. പാർട്ടിയിലും സർക്കാർ സംവിധാനങ്ങളിലും പിടി അയഞ്ഞ ഘട്ടത്തിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ മുജീബുർ റഹ്മാന് ഏകാധിപത്യത്തിൻ്റെ വടി എടുക്കേണ്ടി വന്നു. ഇതിൻ്റെ ഒടുക്കം മുജീബുർ റഹ്മാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൗലികാവകാശങ്ങൾ റദ്ദാക്കുകയും കോടതികളുടെ അധികാരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ ഭരണസമ്പ്രദായം പ്രസിഡൻഷ്യൽ രീതിയിലാക്കിയ മുജീബുർ റഹ്മാൻ 1975 ജനുവരിയിൽ സ്വയം പ്രസിഡൻ്റായി അധികാരമേറ്റു. സേച്ഛാധിപത്യത്തിൻ്റെ അലയൊലികൾ ഉയരുന്ന ഘട്ടത്തിൽ അവസരം പാർത്തിരുന്ന ശത്രുക്കൾ മുജീബുർ റഹ്മാൻ്റെ അധികാര ചിറകരിയാൻ തീരുമാനിച്ചു.

കാഞ്ചിവലിക്കാൻ വൈകും തോറും ലക്ഷ്യം നിറവേറ്റപ്പെടാനുള്ള അവസരം കൂടിയാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിഞ്ഞ നൂറിൻ്റെ തോക്ക് ഗർജ്ജിച്ചു. ബംഗ്ലാദേശെന്ന സ്വപ്നത്തിന് നിറം കൊടുത്തവൻ്റെ ചോര ധന്മണ്ടിയിലെ 32-ാം നമ്പർ വീടിൻ്റെ പടിക്കെട്ടുകളിലൂടെ ഒഴുകി പടർന്നു

1975 ഓഗസ്റ്റ് 15ന് മുജീബുർ റഹ്മാൻ്റെ ധന്മണ്ടിയിലെ 32-ാം നമ്പർ വീട് കൊലക്കളമായി മാറി. അന്ന് പുലർച്ചെ അതൃപ്തരായ ഏതാനും ജൂനിയർ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സായുധസംഘം ധന്മണ്ടയിലെ വസതിയിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. മൂന്ന് മേജർമാരുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ 120 അംഗ കൊലയാളി സംഘത്തിൻ്റെ തോക്കുകൾ തീതുപ്പി. മേജർ മൊഹിയുദ്ദീൻ മുജീബുർ റഹ്മാൻ്റെ വാക്ശരങ്ങൾക്ക് മുന്നിൽ കയ്യിലിരുന്ന തോക്കിനൊപ്പം തണുത്തുറഞ്ഞ് പോയി. കഴിയുന്നത്ര സമയം മുജീബുർ റഹ്മാന് മൊഹിയുദ്ദീനെ വാക്ശരത്തിൽ നിഷ്ക്രിയനായി നിർത്തേണ്ടതുണ്ടായിരുന്നു. സഹായത്തിനായി ആരെങ്കിലും എത്തിച്ചേരുന്നത് വരെ അത് തുടരാനായിരുന്നു മുജീബുർ റഹ്മാൻ ശ്രമിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇരുവർക്കുമിടയിലേയ്ക്ക് ഗർജ്ജിക്കുന്ന തോക്കുമായി എത്തിച്ചേർന്ന മേജർ നൂറിന് ലക്ഷ്യത്തെക്കുറിച്ച് ഒരു സന്ദേഹവും ഉണ്ടായിരുന്നില്ല. കാഞ്ചിവലിക്കാൻ വൈകും തോറും ലക്ഷ്യം നിറവേറ്റപ്പെടാനുള്ള അവസരം കൂടിയാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിഞ്ഞ നൂറിൻ്റെ തോക്ക് ഗർജ്ജിച്ചു. ബംഗ്ലാദേശെന്ന സ്വപ്നത്തിന് നിറം കൊടുത്തവൻ്റെ ചോര ധന്മണ്ടിയിലെ 32-ാം നമ്പർ വീടിൻ്റെ പടിക്കെട്ടുകളിലൂടെ ഒഴുകി പടർന്നു. മുജീബുർ റഹ്മാൻ മാത്രമായിരുന്നില്ല കൊലയാളികളുടെ ലക്ഷ്യം. രാഷ്ട്രീയമായി മുജീബുർ റഹ്മാന് പിൻബലമായിരുന്ന കുടുംബം ഒന്നാകെ കൊലയാളികളുടെ തോക്കിന് ഇരയായി. മുജീബിൻ്റെ ഭാര്യ ബീഗം ഫാസിലത്തുന്നീസയെ, മക്കളായ കമാൽ, ജമാൽ, പത്തുവയസ്സുകാരനായ ഇളയമകൻ റസ്സൽ, രണ്ട് മരുമക്കൾ, ഇളയ സഹോദരൻ തുടങ്ങി കുടുംബം ഒന്നാകെ തോക്കിന് ഇരയായി. ഭര്ത്താവ് എംഎ വാസെദ് മിയയ്ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കും സഹോദരി ഷെയ്ഖ് രഹനയ്ക്കും ഒപ്പം പശ്ചിമ ജർമ്മനിയിലായിരുന്നതിനാൽ മാത്രമാണ് അന്ന് ഷെയ്ഖ് ഹസീന ജീവനോടെ ബാക്കിയായത്.

മുജീബ് റഹ്മാൻ എന്ന രാഷ്ട്രീയ നേതാവിൻ്റെ വഴികൾ

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തോടെ കിഴക്കൻ പാക്കിസ്ഥാനിൽ ഉടലെടുത്ത രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളാണ് മുജീബുർ റഹ്മാൻ എന്ന നേതാവിനെ സൃഷ്ടിച്ചത്. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നു ഷെയ്ഖ് മുജീബൂർ റഹ്മാൻ്റെ ജനനം. പിതാവ് ഷെയ്ഖ് ലുത്ഫര് റഹ്മാന് കോൺഗ്രസിൻ്റെ പ്രാദേശിക നേതാവായിരുന്നു. അമ്മ സയേറ ഖാത്തൂണും സാമൂഹ്യ ഇടപെടലുകളിൽ തൽപ്പരയായിരുന്നു. കോളേജ് പഠനകാലത്താണ് മുജീബുർ റഹ്മാൻ്റെ രാഷ്ട്രീയ ചിന്താഗതികളിൽ ദിശാബോധമുണ്ടാകുന്നത്. കല്ക്കട്ടയിലെ ഇസ്ലാമിയ കോളേജില് പഠിക്കുമ്പോൾ ഓള് ഇന്ത്യ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ്റെ സജീവപ്രവർത്തകനായി മുജീബ് മാറി. 1940ലെ ലാഹോർ പ്രമേയം മുജീബുറിൻ്റെ കാഴ്ചപ്പാടുകളെ ആഴത്തിൽ സ്വാധീനിച്ചു. മുസ്ലിങ്ങൾക്കായി ഒരു സ്വതന്ത്രരാഷ്ട്രമെന്ന പ്രഖ്യാപനം മുസ്ലിം സ്വത്വബോധത്തിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മുജീബുർ റഹ്മാൻ കണ്ടു.

വിഭജനത്തിൻ്റെ കെടുതികളും സംഘർഷങ്ങളും മുജീബുർ റഹ്മാൻ്റെ കാഴ്ചപ്പാടുകളിലും ചലനങ്ങൾ സൃഷ്ടിച്ചു. മുസ്ലിങ്ങൾക്കായി രൂപം കൊണ്ട പാകിസ്താനിൽ ബംഗാളി സ്വത്വത്തിനായുള്ള പോരാട്ടം വേണ്ടതുണ്ടെന്ന് മുജീബുർ റഹ്മാൻ തിരിച്ചറിഞ്ഞു

വിഭജനത്തിൻ്റെ കെടുതികളും സംഘർഷങ്ങളും മുജീബുർ റഹ്മാൻ്റെ കാഴ്ചപ്പാടുകളിലും ചലനങ്ങൾ സൃഷ്ടിച്ചു. മുസ്ലിങ്ങൾക്കായി രൂപം കൊണ്ട പാകിസ്താനിൽ ബംഗാളി സ്വത്വത്തിനായുള്ള പോരാട്ടം വേണ്ടതുണ്ടെന്ന് മുജീബുർ റഹ്മാൻ തിരിച്ചറിഞ്ഞു. അവാമി ലീഗ് രൂപം കൊണ്ടതോടെ മുജീബുർ റഹ്മാനും ആ പാർട്ടിയുടെ ഭാഗമായി മാറി. ബംഗാളി ഭാഷയെ അംഗീകരിക്കാൻ നടന്ന സമരവും വിദ്യാർത്ഥി പ്രക്ഷോഭവുമെല്ലാം മുജീബുർ റഹ്മാൻ്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. കിഴക്കൻ പാകിസ്താനോടുള്ള വിവേചനത്തെ ബംഗാളി സ്വത്വത്തിൻ്റെ ആശയാടിത്തറയിൽ നിന്നായിരുന്നു മുജീബുർ റഹ്മാൻ ഉൾക്കൊണ്ടത്.

1960കളുടെ തുടക്കത്തോടെ കിഴക്കൻ പാകിസ്താനിലെ ബംഗാളി ജനതയ്ക്കായി വാദിക്കുന്ന അവാമി ലീഗിൻ്റെ രാഷ്ട്രീയ നേതൃനിരയിലേയ്ക്ക് മുജീബുർ റഹ്മാൻ ഉയർന്നു. 1960കളുടെ അവസാനമായപ്പോഴേയ്ക്കും കിഴക്കൻ പാകിസ്താനിലെ ബംഗാളി സ്വത്വരാഷ്ട്രീയത്തിൻ്റെ പ്രത്യയശാസ്ത്ര മുഖമായും മുജീബുർ റഹ്മാൻ മാറിയിരുന്നു. 1970ൽ പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്താനിലെ സീറ്റുകളെല്ലാം തന്നെ അവാമി ലീഗ് ഏകപക്ഷീയമായി തൂത്തുവാരി. കിഴക്കൻ പാകിസ്താനിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ ശബ്ദമായി മുജീബുർ റഹ്മാൻ അടയാളപ്പെടുത്തപ്പെട്ടു. എന്നാൽ പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വം മുജീബുറിന് അധികാരം നിഷേധിച്ചതോടെ കിഴക്കൻ പാകിസ്താൻ, പാകിസ്താൻ ഭരണകൂടത്തിനെതിരായ സമരങ്ങളുടെ പോരാട്ടഭൂമിയായി മാറി. ഇതിനിടെ ഉണ്ടായ പ്രകൃതി ദുരന്തം ഈ പോരാട്ടങ്ങളുടെ ആക്കം വർദ്ധിപ്പിച്ചു. 1971 മാർച്ച് മാസത്തിൽ കിഴക്കൻ പാകിസ്താനിലെ പാക് സൈനിക ഇടപെടൽ തുറന്ന യുദ്ധത്തിലേയ്ക്ക് വഴിതുറന്നു. പിന്നീട് ഇന്ത്യയുടെ സഹായത്തോടെ മാസങ്ങൾ നീണ്ടു നിന്ന വിമോചനപ്പോരാട്ടത്തിനൊടുവിൽ കിഴക്കൻ പാകിസ്താൻ എന്ന പ്രവിശ്യ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി. 1971 ഡിസംബറിൽ സ്വതന്ത്രമായ ബംഗ്ലാദേശിൻ്റെ ഭരണാധികാരത്തിലേയ്ക്ക് 1972ൻ്റെ പുതുവർഷത്തിൽ മുജീബുർ റഹ്മാൻ നിയോഗിതനായി. സ്വപ്നങ്ങളുടെ പിന്നാലെ പാഞ്ഞ ഒരു ജനതയുടെ പ്രതീക്ഷകൾ പക്ഷെ ശൈശവ ദശയിൽ തന്നെ കൂമ്പടയുന്ന പ്രതീതിയായിരുന്നു സ്വാതന്ത്രപ്രാപ്തിക്ക് ശേഷമുള്ള മൂന്ന് വർഷങ്ങൾ സമ്മാനിച്ചത്. അതിൻ്റെ ഏറ്റവും ഒടുവിലെ കടുത്ത ആഘാതമായിരുന്നു 1975 ഓഗസ്റ്റ് 15ന് നടന്ന മുജീബുർ റഹ്മാൻ്റെ കൊലപാതകം. അരനൂറ്റാണ്ട് നീണ്ട ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ജനാധിപത്യ ധ്വംസനങ്ങൾക്കും സൈനീക അട്ടിമറികൾക്കും തുടക്കം കുറിച്ച കൊലപാതകം കൂടിയായി അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും.

dot image
To advertise here,contact us
dot image