മൂന്നാം ഊഴത്തിലും ബിജെപിക്ക് നറുക്കുവീഴുമെന്ന കടുത്ത വിശ്വാസത്തോടെയാണ് നരേന്ദ്ര മോദിയും ബിജെപിയും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറെടുത്തത്. പക്ഷെ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. സഖ്യകക്ഷികളുടെ ബലത്തില് മാത്രമാണ് നരേന്ദ്രമോദിക്ക് അധികാരത്തില് തുടരാനായത്. എന്ഡിഎ സര്ക്കാരില് മോദിയുടെ പ്ലാനുകള്ക്ക് പിടി വീഴുമെന്നും ബിജെപിയുടെ ശക്തി ചോരുമെന്നും അഭിപ്രായങ്ങള് ഉയര്ന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകള് ഇതിനോടകം തന്നെ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായി കഴിഞ്ഞു. ചന്ദ്ര ബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും പിണക്കാന് കഴിയാതെ ഒരുപരിധിവരെ ആന്ധ്രക്കും ബിഹാറിനും വിധേയപ്പെട്ട ബജറ്റ് പ്രഖ്യാപനവും അതിന്റെ തെളിവുകളായിരുന്നു.
ഇപ്പോഴിതാ, വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും മൂന്നാം മോദി സര്ക്കാറിന്റെ ദൗര്ബല്യത്തെ തുറന്നുകാട്ടുകയാണോ?
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് പാര്ലമെന്റില് ഭരണ പ്രതിപക്ഷ വാക് പോരുകള് മുറുകി. വഖഫ് നിയമയത്തിന്റെ അധികാരത്തില് വരുന്ന മാറ്റങ്ങള് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. എതിര്പ്പുകള് ഉയര്ന്ന സാഹചര്യത്തില് ഭേദഗതി അവലോകനത്തിനായി സംയുക്ത പാര്ലമെന്ററി സമിതി (Joint Parliamentary Committee) അഥവാ ജെപിസി രൂപീകരിക്കുകയുണ്ടായി. അഞ്ച് വര്ഷങ്ങള്ക്ക് ശേഷമാണ് പാര്ലമെന്റില് ഒരു ബില് പ്രതിപക്ഷത്തിൻ്റെ എതിര്പ്പുകള് മാനിച്ച് അവലോകനത്തിനായി ജെപിസിയിലേക്ക് അയക്കുന്നത് എന്നതാണ് ഇത്തവണ ശ്രദ്ധേയമായത്.
ഏകപക്ഷീയമായി നടപ്പാക്കപ്പെട്ട സിഎഎയും എന്ആര്സിയും, 2023 ലെ ഫിനാന്സ് ബില്ലും എന്തിനേറെ പറയുന്നു പാര്ലമെന്റിന്റെ വലിയൊരു വിഭാഗം എംപിമാരെ പുറത്താക്കിയ ദിനത്തില് പാസ്സാക്കിയ ഭാരത് ന്യായ സംഹിതയുമൊക്കെ തിരുവായ്ക്ക് എതിർവായില്ലെന്ന ഭരണപക്ഷത്തിൻ്റെ കരുത്തിൽ പാസാക്കപ്പെട്ടവയാണ്
ചൂടപ്പം പോലെ ബില്ലുകള് പാസ്സാക്കിയെടുക്കുന്ന മുന് മോദി സര്ക്കാരിനെ ആയിരുന്നില്ല ഇക്കുറി കണ്ടത്. ഇത്തവണ കാര്യങ്ങള് വ്യത്യസ്തമായിരുന്നു. എതിര് ശബ്ദത്തെ പരിഗണിക്കാതെയാണ് ബഹുഭൂരിപക്ഷം ബില്ലുകളും മുന്കാലങ്ങളില് പാസ്സാക്കപ്പെട്ടത്. ഏകപക്ഷീയമായി നടപ്പാക്കപ്പെട്ട സിഎഎയും എന്ആര്സിയും, 2023 ലെ ഫിനാന്സ് ബില്ലും എന്തിനേറെ പറയുന്നു പാര്ലമെന്റിന്റെ വലിയൊരു വിഭാഗം എംപിമാരെ പുറത്താക്കിയ ദിനത്തില് പാസ്സാക്കിയ ഭാരത് ന്യായ സംഹിതയുമൊക്കെ തിരുവായ്ക്ക് എതിർവായില്ലെന്ന ഭരണപക്ഷത്തിൻ്റെ കരുത്തിൽ പാസാക്കപ്പെട്ടവയാണ്. എന്നാല് ഇത്തരത്തില് പാസ്സാക്കിയെടുത്ത ബില്ലുകള്ക്കും ബിജെപിയുടെ ഏകപക്ഷീയമായ നയങ്ങള്ക്കും ഒരറുതി വരികയാണോ എന്ന ചോദ്യമാണ് ഇപ്പോള് ഉയരുന്നത്.
മൂര്ച്ചയേറിയ പ്രതിപക്ഷ ആരോപണങ്ങള്ക്ക് മുന്നില് വിയര്ത്ത് നില്ക്കുന്ന മോദിയെയും ബിജെപിയെയും ആണ് എന്ഡിഎ സര്ക്കാരിൻ്റെ മൂന്നാമൂഴത്തിൽ പാർലമെൻ്റിൽ കാണാൻ കഴിയുന്നത്. ഇതൊരു തുടർ കാഴ്ച തന്നെയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി.
മുസ്ലിം സ്വത്തുമായി ബന്ധപ്പെട്ട വഖഫ് ബോര്ഡുകളെ നിയന്ത്രിക്കുന്നത് ഉള്പ്പടെ 44 ഓളം മാറ്റങ്ങളാണ് നിലവിലെ വഖഫ് നിയമത്തില് വരുത്തിയിട്ടുള്ളത്. അമുസ്ലിങ്ങളായ വ്യക്തികളെ ബോര്ഡില് ഉൾപ്പെടുത്താനുള്ള ഭേദഗതിയും ഏറെ വിമര്ശിക്കപ്പെടുകയുണ്ടായി. ഭരണഘടനയിലെ ആര്ട്ടിക്കിള് 15ന് ഇത് എതിരാണെന്നും ഈ മാറ്റങ്ങള് മതവിശ്വാസത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. അമുസ്ലിംങ്ങളെ വഖഫ് ബോര്ഡില് ഉള്പ്പെടുത്തുന്നതിൻ്റെ അര്ത്ഥമെന്താണെന്ന ചോദ്യമാണ് സമാജ് വാദി പാർട്ടി നേതാവായ അഖിലേഷ് യാദവ് ഉയർത്തിയത്. ഒരു ഹിന്ദു ക്ഷേത്രം നിയന്ത്രിക്കുന്ന ബോര്ഡിൻ്റെ ഭാഗമാകാന് മറ്റ് മതസ്ഥരെ അനുവദിക്കുമോ എന്ന ചോദ്യവുമായി ഡിഎംകെ നേതാവ് കനിമൊഴിയും രംഗത്തെത്തി. മതത്തിനും വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്ന് ആരോപിച്ച് കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളിലും ബിജെപി ഇനി കരുതലോടെ നേരിടുമെന്ന സൂചനയാണ് വഖഫ് ഭേദഗതി ബിൽ ജെപിസി വിടാനുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നത്
എന്നാല് ബിജെപിയെ കുഴപ്പിക്കുന്ന നിലപാടുകൾ വേറെയുമുണ്ടായിരുന്നു. രാജ്യസഭയിൽ അടക്കം രണ്ടാം മോദി സര്ക്കാരിനോട് സൗഹൃദം പുലര്ത്തിയിരുന്ന വൈഎസ്ആര്സിപി ബില്ലിനെ എതിര്ത്തിരുന്നു. വൈഎസ്ആര്സിപി നേതാവ് മിഥുന് റെഡ്ഡി ഈ വിഷയത്തില് പ്രതിപക്ഷത്തിനൊപ്പം നില്ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ബില് ഒരു സെലക്ട് കമ്മിറ്റിക്ക് അയക്കുന്നതില് പ്രശ്നമില്ലായെന്ന് ടിഡിപി എംപി ജി എം ഹരീഷ് ബാലയോഗിയും നിലപാടെടുത്തു. സഖ്യകക്ഷികളെ പിണക്കി ഇനി ബിജെപിക്ക് മുന്നോട്ട് പോകുക സാധ്യമല്ലായെന്ന കൃത്യമായ ധാരണയുള്ളതിനാല് തന്നെ പല വിഷയങ്ങളിലും ഈ അയഞ്ഞ സമീപനം കാണാനായേക്കും. പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളിലും ബിജെപി ഇനി കരുതലോടെ നേരിടുമെന്ന സൂചനയാണ് വഖഫ് ഭേദഗതി ബിൽ ജെപിസി വിടാനുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി ഉയർത്തിക്കാണിച്ച ഏകസിവിൽ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും പാർലമെൻ്റിൽ പാസാകണമെങ്കിൽ എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാണ്. ഈ രണ്ട് വിഷയത്തിലും പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തുമെന്നും വ്യക്തമാണ്. ഏക സിവിൽ കോഡിനായുള്ള നീക്കം ബിഹാറിലും ആന്ധ്രാപ്രദേശിലും ജെഡിയു, തെലുങ്ക് ദേശം വോട്ട്ബാങ്കിനെ ഏതുനിലയിൽ സ്വാധീനിക്കുമെന്നത് പ്രധാനമാണ്. ഇതിനെ ആശ്രയിച്ച് മാത്രമായിരിക്കും ഈ രണ്ട് സഖ്യകക്ഷികളും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുക. ഇത് എത്രമാത്രം ബിജെപിയുടെ നിലപാടിന് അനുകൂലമായിരിക്കും എന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനും സംസ്ഥാനത്തും കേന്ദ്രത്തിലും ഡബിൾ എഞ്ചിനെന്ന ബിജെപിയുടെ ഫെഡറൽ ആശയത്തെ പ്രാവർത്തികമാക്കാനുമുള്ള നീക്കമാണെന്ന് ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനോട് ജെഡിയുവും തെലുങ്കുദേശവും ഏതുനിലയിൽ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഏകസിവിൽ കോഡിനെക്കുറിച്ചും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്ര മോദി സൂചിപ്പിച്ചത് യാദൃശ്ചികതയാകാൻ വഴിയില്ല
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഏകസിവിൽ കോഡിനെക്കുറിച്ചും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്ര മോദി സൂചിപ്പിച്ചത് യാദൃശ്ചികതയാകാൻ വഴിയില്ല. അതിനാൽ തന്നെ വഖഫ് വിഷയത്തിൽ ജെപിസി രൂപീകരിക്കാനുള്ള നീക്കം സമവായത്തിൻ്റെ വഴിയിലൂടെ ഇത്തരം വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്ന സഖ്യകക്ഷികൾക്കുള്ള ബിജെപിയുടെ സന്ദേശമായി വേണം വായിക്കാൻ. പ്രതിപക്ഷത്തെ സംബന്ധിച്ചും ഇത് ശുഭസൂചനയാണ്. ബിജെപിയുടെ ഏകപക്ഷീയമായ കടുപിടുത്തങ്ങൾക്ക് ഇനി പാർലമെൻ്റിൽ ഇടമില്ലെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ രണ്ട് മാസത്തെ ഇടപെടലുകൾ കൊണ്ട് പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. അതിൻ്റെ ഉറച്ച അടയാളപ്പെടുത്തലായി വഖഫ് ഭേദഗതി ബിൽ ജെപിസിക്ക് വിടാനുള്ള നീക്കം മാറുന്നുണ്ട്.