ജീവിതവും അഭിനയവും കൂട്ടിച്ചേര്ത്ത നിരവധി മനോഹര മുഹൂര്ത്തങ്ങള് കോര്ത്തിണക്കിയാണ് ഉള്ളൊഴുക്കും ഉര്വ്വശിയും നമുക്കുമുന്നിലേക്ക് എത്തിയത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിക്കുമ്പോള് കുറേകാലത്തിന് ശേഷം ഉര്വ്വശി എന്ന അഭിനയ പ്രതിഭയുടെ ശക്തമായ തിരിച്ചുവരവാണ് നമ്മള് കണ്ടത്. മഴവില്ക്കാവടി, തലയണമന്ത്രം, ഭരതം, മധുചന്ദ്രലേഖ, അച്ചുവിന്റെ അമ്മ അങ്ങനെ എത്രയെത്രയോ സിനിമകള്, എത്രയെത്ര കഥാപാത്രങ്ങള്... എന്നും കഥാപാത്രങ്ങളുടെ ഉള്ളൊഴുക്കിലൂടെ ജീവിക്കുകയായിരുന്നു ഉര്വശി എന്ന നടി. ഉര്വ്വശി അഭിനയിച്ച് അനശ്വരമാക്കിയ എണ്ണമറ്റ കഥാപാത്രങ്ങളായി പകരം മറ്റൊരു അഭിനയ പ്രതിഭയെ നമുക്കാര്ക്കും ചിന്തിക്കാനുമാവില്ല.
മലയാള സിനിമാ മേഖല ഉയരങ്ങള് കീഴടക്കി മുന്നോട്ട് പോകുമ്പോഴും അവിടെ സ്ത്രീകഥാപാത്രങ്ങള്ക്ക് പ്രാധാന്യമില്ല എന്ന തരത്തിലുളള ചര്ച്ചകള് കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് അതിനൊരു ഉത്തരമായി ഉള്ളൊഴുക്ക് എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള് എവിടെ എന്ന ചോദ്യത്തിന് അവരെവിടെയും പോയിട്ടില്ല, മലയാളസിനിമയ്ക്ക് തിലകക്കുറിയായി ഇവിടെത്തന്നെയുണ്ട് എന്ന ഉത്തരമാണ് ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ നമുക്ക് ലഭിക്കുന്നത്. മലയാള സിനിമയില് സ്ത്രീകഥാപാത്രങ്ങള് ഇനിയൊരിക്കലും ശക്തരായി തിരിച്ചുവരില്ലെന്നും ഈ അടുത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം ആ വാദം ശരിവയ്ക്കുന്ന തരത്തിലുള്ളതാണെന്നുമൊക്കെയാണെന്ന വാദങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുളള സിനിമയും കൂടിയാണിത്.
ഉര്വശി, പാര്വ്വതി തിരുവോത്ത് എന്ന രണ്ട് അഭിനയ പ്രതിഭകള് ചേര്ന്ന് മലയാള സിനിമയെ വാനോളമുയര്ത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറേ വര്ഷത്തെ മലയാള സിനിമയുടെ ചരിത്രമെടുത്തുനോക്കിയാല് ഇത്രയധികം സ്ത്രീ കഥാപാത്രങ്ങള്ക്ക് പ്രാധാന്യം നല്കിയ, കഥയും തിരക്കഥയും മികച്ചു നില്ക്കുന്ന മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാന് സാധിക്കും. ഉര്വ്വശിയെന്ന അഭിനേത്രിയുടെ അഭിനയ മികവിനു മുന്നില് നമ്മള് സാഷ്ടാഗം പ്രണമിച്ചുപോകും. ഭാവ തീക്ഷ്ണതയോടെയും ചിലസമയത്ത് നിറഞ്ഞുനില്ക്കുന്ന മൗനം കൊണ്ടും വിരലുകള് പോലും അഭിനയിക്കുന്ന അഭിനയ ചാരുതയാണ് ഉര്വ്വശി ഉള്ളൊഴുക്കിലൂടെ കാഴ്ചവച്ചത്. അതോടൊപ്പം പാര്വ്വതി തിരുവോത്തിന്റെ അഭിനയവും എടുത്തുപറയാതെ വയ്യ.
ഉര്വ്വശിയെന്ന അഭിനയപ്രതിഭയ്ക്കൊപ്പം പ്രഭ ഒട്ടും ചോരാതെ തന്നെയാണ് പാര്വ്വതിയും ഒപ്പത്തിനൊപ്പം നിന്നത്. മികച്ച സംഭാഷണങ്ങളും അതിലുപരി കഥാപാത്രത്തിന്റെ ഉളളറിഞ്ഞുള്ള പ്രകടനവും കൊണ്ട് പാര്വ്വതിയുടെ അഞ്ജുവെന്ന കഥാപാത്രവും മികച്ചുനിന്നു. ഒരു സിനിമയില് ഏറ്റവും മികച്ചുനില്ക്കുന്ന എലമെന്റ് എന്താണെന്നതിന് ഉത്തരമായി അത് സംവിധായകനാണെന്നും, ചിലപ്പോള് തിരക്കഥയാണെന്നും മറ്റുചിലപ്പോള് അഭിനേതാക്കളാണെന്നും, ഛായാഗ്രഹണം, സംഗീതമാണെന്നും പറയുന്നവരുണ്ടാവാം. എന്നാല് ഇതെല്ലാം ഒത്തിണങ്ങളിയ ചിത്രമാണ് ഉള്ളൊഴുക്ക് എന്ന് പറയേണ്ടിവരും.
എല്ലാത്തിനുമുപരി രണ്ട് സ്ത്രീകളുടെ ആത്മസംഘര്ഷങ്ങളിലൂടെ കടന്നുപോകുന്ന, അവരുടെ ജീവിതമാണ് ഇവിടെ നമുക്ക് കാണാന് കഴിയുന്നത്. നിര്ത്താതെ പെയ്യുന്ന ഒരുമഴക്കാലം സമ്മാനിക്കുന്ന കുറേ ഓര്മകളേക്കാള് ആ മഴ നിര്ത്താതെ പെയ്തൊഴുകിയത് കുറേ മനുഷ്യരുടെ ഉള്ളിലാണെന്ന് പറയാതിരിക്കാനാവില്ല. ആ പ്രളയമഴ പെയ്തിറങ്ങിയ രണ്ട് മനസുകളെയാണ് ഉര്വ്വശിയും പാര്വ്വതിയും ഈ സിനിമയിലൂടെ നമുക്ക് കാണിച്ചുതരുന്നത്. താന് പ്രണയിച്ച വ്യക്തിയെ വീട്ടുകാരുടെ എതിര്പ്പും സ്വാര്ഥതയും കൊണ്ട് വിവാഹം കഴിക്കാനാവാതെ വരികയും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചിട്ടും വീണ്ടും ആ പ്രണയം തുടരുകയും ചെയ്യുന്ന പാര്വ്വതിയുടെ അഞ്ജു എന്ന കഥാപാത്രത്തോട് തുടക്കത്തില് വെറുപ്പുണ്ടാക്കുന്ന രീതിയില് പ്രേക്ഷകര്ക്ക് തോന്നുമെങ്കിലും പോകെപ്പോകെ അവളുടെ ഉള്ളിലെ ആത്മസംഘര്ഷങ്ങള് നമുക്ക് അനുഭവിച്ചറിയാനാവും.
കുട്ടനാട്ടിലെ ഒരു സാധാരണ ക്രിസ്ത്യന് കുടുംബത്തിലെ ഗൃഹനാഥയും അഞ്ജുവെന്ന കഥാപാത്രത്തിന്റെ ഭര്ത്താവിന്റെ അമ്മയുമായ ഉര്വ്വശിയുടെ ലീലാമ്മ എന്ന കഥാപാത്രം കണ്ണുകളുടെ ചലനം കൊണ്ടുപോലും തന്റെ ആത്മസംഘര്ഷങ്ങള് പ്രേക്ഷകരോടു സംവദിക്കുന്നുണ്ട്്. രോഗിയായ മകനോടുള്ള സ്നേഹവും ഒപ്പം അഞ്ജുവിനോടുള്ള കരുതലും അവളുടെ ഉള്ളിലെ ശരിതെറ്റുകള് മനസിലാക്കുന്ന ഒരു അമ്മയെ അവിടെ നമുക്ക് കാണാന് സാധിക്കും. ഈ സിനിമ സമൂഹത്തില് ഉറഞ്ഞുകൂടിയ ചില പാട്രിയാര്ക്കല് ചിന്തകളെ കൂടി വിമര്ശിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിനും അവളുടെ തീരുമാനങ്ങള്ക്കും യാതൊരു വിലയും കല്പ്പിക്കാതെ, അവളെല്ലാം സഹിക്കാന് വിധിക്കപ്പെട്ടവളാണെന്ന കാഴ്ചപ്പാടിനെയും ഈ സിനിമയില് വിമര്ശിക്കുന്നുണ്ട്.
അത്തരത്തില് സ്ത്രീകളെ നിസ്സാരവര്ക്കരിക്കുന്ന പുരുഷ കഥാപാത്രങ്ങളേയും നമുക്ക് ഈ സിനിമിലൂടെ കാണാന് സാധിക്കും. താന് ചെയ്യുന്ന ശരികളിലൂടെ മുന്നോട്ടുപോകുന്ന പാര്വ്വതിയുടെ അഞ്ജുവും, താന് മനസിലാക്കുന്ന സത്യങ്ങളെയും അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങളെയും സംയമനത്തോടെ നേരിടുന്ന ഉര്വ്വശിയും സമൂഹത്തിലേക്ക് ഉയര്ത്തിയത് വ്യക്തികളുടെ ശരിതെറ്റുകളെക്കുറിച്ചും, കാഴ്ചപ്പാടുകളെക്കുറിച്ചും കൂടിയാണ്.
അതിജീവനത്തിനുള്ള ആദരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ആടുജീവിതം